യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 304 [ഭാഗം 5. ഉപശമ പ്രകരണം]
ക്രിയതേ യത്തു യച്ഛത്തയാ തത്തേനൈവ കൃതം ഭവേത്
ലുനാതി ദാത്രം പുംശക്ത്യാ ലാവകഃ പ്രോച്യതേ പുമാന്‍ (5/82/39)
വീതഹവ്യന്‍ തന്റെ മനനം തുടര്‍ന്നു: മനസ്സേ, നീ കര്‍ത്താവും ഭോക്താവും അല്ലെന്നുള്ള സത്യം നിന്നെ ഞാന്‍ കഴിയുന്നത്ര സൌമ്യമായി മനസ്സിലാക്കിത്തരാം. നീ തീര്‍ച്ചയായും ജഡമാണ്, ചൈതന്യരഹിതമായ ഒന്നാണ്. കല്ലുകൊണ്ട് നിര്‍മ്മിച്ച പ്രതിമയ്ക്ക് നൃത്തം ചെയ്യാന്‍ എങ്ങിനെ കഴിയും?
നിന്റെ ബുദ്ധിശക്തി അനന്താവബോധത്തെ പൂര്‍ണ്ണമായും സമാശ്രയിച്ചു നില്‍ക്കുകയാണെങ്കില്‍ നീ ദീര്‍ഘായുസായിരിക്കട്ടെ. “അരിവാളുകൊണ്ടാണൊരു കര്‍ഷകന്‍ വിള കൊയ്തെടുക്കുന്നത്. എന്നാല്‍ അരിവാളിനെയല്ല, കര്‍ഷകനെയാണ് നാം വിളവെടുക്കുന്നവന്‍ ആയി കരുതുന്നത്. അതുപോലെ മറ്റൊരാളുടെ ചൈതന്യം മൂലം അല്ലെങ്കില്‍ ഊര്‍ജ്ജം കൊണ്ട് ഒരാള്‍ ഒരു കാര്യം ചെയ്‌താല്‍ അതിന്റെ കര്‍തൃത്വം ചൈതന്യം പകര്‍ന്നു കൊടുത്തവനാണ്.”
‘വാളാണ്’ തലകൊയ്യുന്നതെങ്കിലും ‘ആളാണ്’ കൊലയാളി. മനസ്സേ നിന്റെ ബുദ്ധിശക്തി ബോധത്തില്‍ നിന്നും പ്രതിഫലിക്കുന്നത് മാത്രമാണ്. സ്വയം നീ ചൈതന്യരഹിതനാണ്.
ആത്മാവ്,അല്ലെങ്കില്‍ അനന്താവബോധം, സ്വയം ആത്മാവില്‍ത്തന്നെ ആത്മാവിനെ അറിയുന്നു. ആത്മാവായി സ്വയം അനുഭവിക്കുന്നു. ബോധമാകുന്ന ഭഗവാന്‍ നിന്നെ പ്രബുദ്ധനാക്കാന്‍ എപ്പോഴും ശ്രമിക്കുന്നു, കാരണം അജ്ഞാനിയെ പലേ വിധത്തിലും ജ്ഞാനമാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുക എന്നത് ജ്ഞാനിയുടെ കര്‍ത്തവ്യമാണ്. ആത്മാവിന്റെ വെളിച്ചം മാത്രമേ ബോധമായും മേധാശക്തിയായും നിലനില്‍ക്കുന്നുള്ളു. എന്നാലത് ചിലപ്പോള്‍ മനസ്സ് എന്നറിയപ്പെടുന്നു. നിനക്കീ സത്യം പിടികിട്ടിയാല്‍ ആ നിമിഷം നീ സ്വയമില്ലാതെയാവും. മൂഢാ, സ്വയം അനന്താവബോധമായിരിക്കെ എന്തിനാണ് നീ ദുഃഖിക്കുന്നത്? സര്‍വ്വവ്യാപിയാണു നീ. എല്ലാമെല്ലാം നീയാണ്. ഈ സത്യമറിയുമ്പോള്‍ നീ സ്വയം ‘അതാ’വും, ബോധസ്വരൂപമാവും.
വ്യതിരിക്തമായി നീയില്ല, നിന്റെ ദേഹമില്ല. ഒരേയൊരു അനന്തബോധം മാത്രമാണെല്ലാം. അതുമാത്രം നിലനില്‍ക്കുന്നു. ഈ അഖണ്ഡസത്യത്തില്‍ ‘നീ, ഞാന്‍’, തുടങ്ങിയ നാനാവിധങ്ങളായ ധാരണകള്‍ നിലകൊള്ളുന്നതായി തോന്നുന്നു എന്ന് മാത്രം. നീ ആത്മാവാണെങ്കില്‍ പിന്നെ വേറൊരു ‘നീ’യില്ല. ആത്മാവ് മാത്രമേയുള്ളൂ. നീ ജഡവും ആത്മാവില്‍ നിന്നും വിഭിന്നവുമാണെന്നു വരികില്‍ നിനക്ക് അസ്തിത്വവുമില്ല. കാരണം ആത്മാവ്-അനന്താവബോധം, മാത്രമാണല്ലോ സത്തായി ഉള്ളത് ! മറ്റൊന്നും ഇല്ലതന്നെ. ബോധവും ജഡവും അല്ലാതെ മറ്റൊരുവസ്തു മൂന്നാമതായി ഉണ്ടാവാന്‍ സാധ്യതപോലുമില്ല.
അതുകൊണ്ട് മനസ്സേ നീ കര്‍ത്താവും ഭോക്താവുമല്ല. എന്നാല്‍ ജ്ഞാനികള്‍ അജ്ഞാനികളുമായി സംവദിക്കാന്‍ വേണ്ടി നിന്നെയൊരു മാദ്ധ്യമമായി ഉപയോഗിക്കുന്നുണ്ട്. ആ മാദ്ധ്യമം ജഡവും ചൈതന്യരഹിതവുമാണ്. ആത്മാവ് മാത്രമാണ് സത്ത. കര്‍ഷകന്‍ അരിവാള്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിനു സ്വയം വിളയെടുക്കാനാവുമോ? വാളിനു സ്വയം ആരെയെങ്കിലും വധിക്കാന്‍ കഴിയുമോ? മനസ്സേ നീ സ്വയം ഒന്നും ചെയ്യുന്നില്ല, അനുഭവിക്കുന്നില്ല. പിന്നെയെന്തിനാണ് നീ ദുഃഖിക്കുന്നത്?
ഭഗവാന്‍ (ബോധം) നിന്നെപ്പോലെയല്ല. അദ്ദേഹത്തിനുവേണ്ടി നീ ദുഃഖിക്കണ്ട. അദ്ദേഹത്തിനു എന്തെങ്കിലും ചെയ്യേണ്ടതായോ ചെയ്യാതിരിക്കേണ്ടതായോ ഇല്ല. അദ്ദേഹമാണെല്ലാടവും നിറഞ്ഞു വിളങ്ങുന്നത്. മറ്റൊന്നുമല്ല. അപ്പോള്‍പ്പിന്നെ അദ്ദേഹത്തിനു ആശിക്കാന്‍ എന്തുണ്ട്? ചെയ്യാന്‍ എന്തുണ്ട്?
പുഷ്പവും സുഗന്ധവും പോലുള്ള ഒരു ബന്ധമല്ലാതെ നിനക്ക് ആത്മാവുമായി മറ്റൊരു ബന്ധവുമില്ല. സമാന സ്വഭാവങ്ങള്‍ ഉള്ള രണ്ട് സ്വതന്ത്രസത്തകള്‍ ചേര്‍ന്ന് ഒന്നായിത്തീരാന്‍ ശ്രമിക്കുമ്പോഴാണ് അവ തമ്മില്‍ ബന്ധുത്വം ഉടലെടുക്കുന്നത്. മനസ്സേ നീ എപ്പോഴും ചാഞ്ചാടിക്കൊണ്ടിരിക്കുന്നു. ആത്മാവോ എപ്പോഴും പ്രശാന്തയില്‍ അഭിരമിക്കുന്നു. നിങ്ങള്‍ തമ്മില്‍ ബന്ധുത്വം അസാദ്ധ്യം. എന്നാല്‍ സമാധി സ്ഥിതിയില്‍ , സമതുലനാവസ്ഥയില്‍ , ബോധത്തില്‍ അടിയുറച്ച്, വൈവിദ്ധ്യങ്ങളുടെ വര്‍ണ്ണക്കാഴ്ചകളില്‍ ആകൃഷ്ടനാവാതെ, സത്തയെന്നത് ഒന്നാണെന്നോ അനേകമാണെന്നോ ഉള്ള ധാരണകളില്‍ പെട്ടുഴറാതെ ഇരിക്കുമ്പോള്‍ ആത്മാവല്ലാതെ ഒന്നും ഇല്ലന്നും അനന്താവബോധത്തിന്റെ പ്രസ്ഫുരണങ്ങളാണ് ഇക്കാണുന്ന എണ്ണമറ്റ ജീവജാലങ്ങള്‍ എന്നും നിനക്കറിവാകും.