യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 307 [ഭാഗം 5. ഉപശമ പ്രകരണം]

ഉപാദേയോ ഹി ദേവസ്യ ന മേ ത്യാഗോ ന സംശ്രയഃ
യാദൃശോ ദേഹസംത്യാഗസ്താദൃശോ ദേഹസംശ്രയഃ (5/85/12)

രാമന്‍ ചോദിച്ചു: ഭഗവന്‍, വീതഹവ്യമുനി ആ ഗുഹയില്‍വെച്ച് തന്റെ ദേഹം വീണ്ടെടുത്തതെങ്ങിനെയാണ്?

വസിഷ്ഠന്‍ പറഞ്ഞു: മഹര്‍ഷി അനന്താവബോധസാക്ഷാത്കാരം പ്രാപിച്ചിരുന്നുവല്ലോ. വീതഹവ്യന്‍ എന്ന ‘മനസ്സ്‌’ ബോധത്തില്‍ നടത്തുന്ന ഒരു മായാവിദ്യ മാത്രമാണിതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഒരിക്കല്‍ താന്‍ പരമശിവന്റെ ഭൂതഗണങ്ങളില്‍ ഒരാളായിരുന്നപ്പോള്‍ വീതഹവ്യനായുള്ള തന്റെ ശരീരമെങ്ങിനെയായിരുന്നു എന്നൊന്നു കാണാന്‍ അദ്ദേഹത്തില്‍ ചിന്തയുദിച്ചു. ആ ചിന്തയാല്‍ അദ്ദേഹത്തിന്‍റെ ബോധമണ്ഡലത്തില്‍ വീതഹവ്യനായുള്ള തന്റെ ദേഹം മാത്രമല്ല, താന്‍ ഇതിനുമുന്‍പ്‌ സ്വീകരിച്ചിട്ടുള്ളതും ഇനി ഉണ്ടാകാന്‍ പോകുന്നതുമായ പലപല ദേഹരൂപങ്ങളും കാണുകയുണ്ടായി. അവയില്‍ ചിലത് അപ്പോഴും പ്രവര്‍ത്തനനിരതവുമായിരുന്നു.

വീതഹവ്യന്റെ ശരീരം ഒരു പുഴുവിനെപ്പോലെ ചെളിക്കുണ്ടില്‍ ആണ്ട് കിടക്കുന്നതായി അദ്ദേഹം കണ്ടു. അദ്ദേഹമിങ്ങിനെ അത്ഭുതപ്പെട്ടു: ഈ ദേഹത്തിനു തീര്‍ച്ചയായും ജീവനില്ലാത്തതുകൊണ്ട് യാതൊരു പ്രവര്‍ത്തനങ്ങളും സ്വയം നടത്തുവാന്‍ കഴിയുകയില്ല. ഈ ദേഹം ഞാനെന്തുചെയ്യണം? ഒന്നുകില്‍ സൂര്യമണ്ഡലത്തില്‍ കയറി പിംഗള എന്ന സൂര്യശക്തിയുടെ സഹായത്താല്‍ ഞാന്‍ ഈ ശരീരത്തില്‍ പ്രവേശിക്കണം. അല്ലെങ്കില്‍ ഈ ശരീരം ഉപേക്ഷിച്ചുകളയാം. ഈ ജീര്‍ണ്ണപ്രായമായ വീതഹവ്യശരീരംകൊണ്ട് ഞാന്‍ എന്ത് ചെയ്യാനാണ്?

“അല്ലെങ്കില്‍ ഈ ശരീരം പുനരുജ്ജീവിപ്പിക്കുന്നതിലും ഉപേക്ഷിക്കുന്നതിലും കാര്യമൊന്നുമില്ല. ഇത് സ്വീകരിച്ചാലും ഉപേക്ഷിച്ചാലും എനിക്കതൊന്നുപോലെയാണ്.” എന്നാല്‍പ്പോലും ഈ ദേഹം പഞ്ചഭൂതങ്ങളിലേയ്ക്ക് അപചയിച്ചു മടങ്ങുന്നതിന്നുമുന്‍പ്‌ കുറച്ചുനാള്‍ അതിനുള്ളില്‍ കയറി പ്രവര്‍ത്തിക്കുകയും ആവാമല്ലോ. മഹര്‍ഷിയുടെ സൂക്ഷ്മശരീരം സൌരപഥത്തില്‍ പ്രവേശിച്ചു. മഹര്‍ഷിയുടെ ഉദ്ദേശശുദ്ധി അറിഞ്ഞുകൊണ്ട് അതിനായി ഉചിതമെന്ന് കരുതിയ പ്രക്രിയകള്‍ നടപ്പിലാക്കാന്‍ സൂര്യന്‍ തന്റെ ചൈതന്യത്തെ നിയോഗിച്ചു. മുനിയുടെ സൂക്ഷ്മശരീരം സൂര്യനെ വന്ദിച്ചു. സൂര്യചൈതന്യത്തിന്റെ സഹായത്താല്‍ ആ തേജസ്സ് സൌരപഥത്തില്‍ നിന്നും വിന്ധ്യാതടങ്ങളില്‍ താഴ്ന്നിറങ്ങി.

ആ തേജസ്സ് മണ്ണില്‍ പുതച്ചു കിടന്നിരുന്ന മുനിയുടെ ദേഹത്തില്‍ കടന്നുകൂടി അതിനെ പുറത്തുകൊണ്ടുവന്നു. പിന്നീട് വീതഹവ്യന്റെ സൂക്ഷ്മശരീരം ദേഹത്തില്‍ പ്രവേശിച്ചു. ദേഹം ഉടനെതന്നെ പ്രവര്‍ത്തനനിരതമായി. വീതഹവ്യന്‍ സൂര്യചൈതന്യമായ പിംഗളയെ നമസ്കരിച്ചു. പിംഗള തിരികെയും നമസ്കരിച്ചതിനുശേഷം സൌരമണ്ഡലത്തിലേയ്ക്ക് തിരികെപ്പോയി. വീതഹവ്യന്‍ സന്ധ്യാവന്ദനത്തിനായി തടാകതീരത്തേയ്ക്കു വന്ന് കുളിയും തേവാരവും കഴിഞ്ഞു സൂര്യനെ നമസ്കരിച്ചു. അവിടെ വീതഹവ്യമഹര്‍ഷി പണ്ടേതുപോലെതന്നെ തന്റെ ജീവിതം നയിച്ചു. അദ്ദേഹത്തിന്‍റെ ജീവിതം പ്രബുദ്ധമായിരുന്നു. സര്‍വ്വഭൂതസൌഹൃദത്താല്‍ സമസംതുലിതവും, പ്രശാന്തവും, ആനന്ദപ്രദവും കൃപാനിര്‍ഭരവുമായിരുന്നു ആ പവിത്രജീവിതം.