യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 310 [ഭാഗം 5. ഉപശമ പ്രകരണം]
അചിന്മയം ചിന്മയം കാ നേതി നേതി യദുച്യതേ
തതസ്തത്സംബഭൂവാസൌ യദ്ഗിരാമപ്യഗോചരഃ (5/87/16)
വസിഷ്ഠന്‍ തുടര്‍ന്നു: ആസക്തികളൊടുങ്ങിയ മനസ്സോടെ അദ്വൈതമായ ആ അവബോധതലത്തില്‍ സ്വയം ദൃഢമായുറച്ച് വീതഹവ്യമഹര്‍ഷി ഓംകാരമന്ത്രം ജപിച്ചു. ഓംകാരത്തിന്റെ അഭൌമമായ പ്രാധാന്യത്തെപ്പറ്റി ധ്യാനിച്ചുകൊണ്ട് ബാഹ്യമായ കാഴ്ചയും ആന്തരസത്തയായ ഉണ്മയും തമ്മില്‍ ഉണ്ടാകാവുന്ന ചിന്താക്കുഴപ്പത്തെപ്പറ്റി അദ്ദേഹം മനനം ചെയ്തു. എല്ലാ ധാരണകളെയും ആശയസങ്കേതങ്ങളെയും ഉപേക്ഷിച്ച് അദ്ദേഹം മൂന്നു ലോകങ്ങളെയും സംത്യജിച്ചു. കുശവന്റെ പണിച്ചക്രം ചുറ്റിത്തിരിഞ്ഞു തിരിഞ്ഞ് അവസാനം കൂടുതല്‍ ചാലകശക്തി എങ്ങുനിന്നും വരാനില്ലാത്തതിനാല്‍ ക്രമാനുഗതമായി ചലനരഹിതമാവുന്നതുപോലെ അദ്ദേഹം പരമശാന്തിയെ പ്രാപിച്ചു.
കാറ്റ് ഗന്ധത്തെ നീക്കംചെയ്യുന്നതുപോലെ ഓംകാരജപത്തോടെ അദ്ദേഹത്തിലെ ഇന്ദ്രിയങ്ങളും അവയുടെ വലയത്തിലുള്ള വസ്തുക്കളും പൂര്‍ണ്ണമായും ഇല്ലാതായി. അതുകഴിഞ്ഞപ്പോള്‍ അദ്ദേഹം അജ്ഞാനത്തിന്റെ ഇരുട്ടിനെ തുളച്ചു പുറത്തുകടന്നു. ആന്തരികമായി പെട്ടെന്ന് കാണായ ജാജ്വല്യമാനമായ ഒരു മിന്നല്‍പിണരിനെ ഒരു നിമിഷം വീക്ഷിച്ചശേഷം അതിനെയും അദ്ദേഹം ഉപേക്ഷിച്ചു. അദ്ദേഹം ഇരുട്ടിനും വെളിച്ചത്തിനും അതീതനായി. അവിടെ ഒരു ചിന്താശകലത്തിന്റെ നിഴല്‍ മാത്രം അവശേഷിച്ചിരുന്നു. അതും കണ്ണുചിമ്മുന്ന വേഗതയില്‍ അദ്ദേഹം അറുത്തുമാറ്റി.
ഇപ്പോള്‍ മുനി നിത്യശുദ്ധമായ പരമാവബോധത്തിന്റെ തലത്തിലാണുള്ളത്. ഉപാധികളില്ലാത്ത, സീമാതീതമായ അവബോധം മാത്രമാണപ്പോള്‍. ഇപ്പോള്‍പ്പിറന്നുവീണ കുഞ്ഞിന്റെ ബോധതലമെന്നപോലെ പവിത്രമായിരുന്നു അത്. എല്ലാ വസ്തുബോധവും ബോധത്തിന്റെ നേരിയ ചലനസാദ്ധ്യതപോലും ഉപേക്ഷിച്ച അദ്ദേഹം ‘പശ്യന്തി’ എന്ന അവസ്ഥയിലെത്തി, ദീര്‍ഘസുഷുപ്തിയിലെ ബോധതലം പ്രാപിച്ചു. അവിടെനിന്നും വീണ്ടും അദ്ദേഹം അതീന്ദ്രിയമായ ‘തുരീയ’ത്തില്‍ എത്തി. ഈ അവസ്ഥയ്ക്ക് നിര്‍വചനങ്ങളില്ല. അത് സത്താണെന്നും അസത്താണെന്നും അവയൊന്നുമല്ലെന്നും; ഇരുട്ടാണെന്നും വെളിച്ചമാണെന്നും, അത് രണ്ടുമല്ലെന്നും പറയാം. പറയാതെയുമിരിക്കാം.
“അത് മുഴുവന്‍ ബോധവസ്തുവില്ലാത്ത അവബോധം മാത്രമാണ്. നേതി, നേതി (ഇതല്ല, ഇതല്ല) എന്ന മട്ടില്‍ മാത്രമേ അതിനെ സൂചിപ്പിക്കാനാവൂ. അദ്ദേഹം എല്ലാ വിവരണങ്ങള്‍ക്കും അതീതനായിത്തീര്‍ന്നു.” ഇതാണ് നിശ്ശൂന്യമായ ബ്രഹ്മാവസ്ഥ; അവബോധം; ആത്മാവ്, അനാത്മാവ്, സാംഖ്യയോഗികള്‍ പറയുന്ന പുരുഷന്‍; യോഗികള്‍ വിവക്ഷിക്കുന്ന ഈശ്വരന്‍; ശിവന്‍, കാലം എന്നിങ്ങിനെയെല്ലാം വിവിധരീതിയില്‍ മഹാത്മാക്കള്‍ പറയാന്‍ ശ്രമിക്കുന്ന ഉണ്മ. സത്യദര്‍ശികളായ എല്ലാ മഹാത്മാക്കളും വൈവിദ്ധ്യമാര്‍ന്ന ആത്മീയ ചിന്താസരണികളും സൂചിപ്പിക്കുന്ന, എല്ലാത്തിന്റെയും എല്ലാമെല്ലാമായ ആ അനന്തമായ അവബോധത്തില്‍ ഋഷി അഭിരമിച്ചു. ഇങ്ങിനെ സത്തയുമായി എകാത്മതയെ പ്രാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ദേഹം വിഘടിച്ച് പഞ്ചഭൂതഘടകങ്ങളിലേയ്ക്ക് തിരിച്ചുപോയി വിലയിച്ചു.
ഇതാണ് രാമാ വീതഹവ്യമുനിയുടെ കഥ. അതെക്കുറിച്ച് മനനം ചെയ്താലും. ഞാനിപ്പോള്‍ നിന്നോടു പറഞ്ഞതും ഇനി പറയാന്‍ പോകുന്നതുമെല്ലാം എന്റെ ധ്യാനസപര്യയുടെയും നേരറിവിന്റെയും പിന്‍ബലത്തോടെയുളളതാണെന്നറിയുക. ഇതേക്കുറിച്ച് ധ്യാനിച്ച് ജ്ഞാനിയാവൂ, കാരണം മുക്തിയെന്നത് ആത്മജ്ഞാനത്താല്‍ മാത്രം ലഭ്യമായതാണ്. ആ വിവേകവിജ്ഞാനത്തിനാല്‍ മാത്രമേ ഒരുവന് ദുഃഖത്തിന്റെ മറുകര കാണുവാന്‍ കഴിയൂ; അജ്ഞാനം നശിപ്പിച്ചു പൂര്‍ണ്ണതയെ പുല്‍കാന്‍ കഴിയൂ. വീതഹവ്യന്‍ എന്ന് നാം വിവരിച്ച ആള്‍ നമ്മുടെ മനസ്സിന്റെ ഒരു ധാരണ മാത്രം, നീയും ഞാനും അങ്ങനെതന്നെയാണ്. മനസ്സിന്റെ ധാരണകള്‍. ഇന്ദ്രിയങ്ങളും ഇക്കാണുന്ന ലോകവുമെല്ലാം മനസ്സല്ലാതെ മറ്റൊന്നുമല്ല. രാമാ, അവ മറ്റൊന്നും ആവുക സാദ്ധ്യമല്ലതന്നെ.