യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 311 [ഭാഗം 5. ഉപശമ പ്രകരണം]

അവിദ്യാമാപി യേ യുക്ത്യാ സാധയന്തി സുഖാത്മികം
തേ ഹ്യവിധ്യാമയാ ഏവ നത്വാത്മജ്ഞാസ്തധാക്രമാഃ (5/89/15)

രാമന്‍ ചോദിച്ചു: ഭഗവാനേ, ഇത്തരം ജീവന്മുക്തരായ മഹര്‍ഷിമാര്‍ ആകാശഗമനം ചെയ്യുന്നത് നാമിപ്പോള്‍ കാണാത്തതെന്തുകൊണ്ടാണ്?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ആകാശഗമനം മുതലായ സിദ്ധികള്‍ ചില ജീവികള്‍ക്ക് നൈസര്‍ഗ്ഗികമായി ഉണ്ടാവുന്ന കഴിവാണ്. എന്നാല്‍ ഇങ്ങിനെയുള്ള അസാധാരണമായ കഴിവുകള്‍ മറ്റു ചിലര്‍ക്കുമുണ്ടാവും. അവര്‍ എല്ലാവരും ആത്മജ്ഞാനം ആര്‍ജ്ജിച്ച മാമുനിമാരല്ല. സിദ്ധികള്‍ സ്വായത്തമാക്കിയവര്‍ പൊതുവേ ആത്മജ്ഞാനം പ്രാപിച്ചിട്ടില്ലാത്തവരാണ്. അവര്‍ മുക്തരുമല്ല. അവര്‍ ചില പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിയതമായ സാധനാമാര്‍ഗ്ഗങ്ങളിലൂടെയാണ് ഈ കഴിവുകള്‍ നേടുന്നത്. എന്നാല്‍ ആത്മജ്ഞാനിക്ക് ഇതിലൊന്നും താല്‍പര്യമില്ല. കാരണം അയാള്‍ സ്വയം പൂര്‍ണ്ണതയെ പ്രാപിച്ചവനാണ്. സ്വയം സംപ്രീതനുമാണ്. സിദ്ധികളുടെ പ്രലോഭനങ്ങള്‍ക്ക് അയാളെ വശീകരിക്കുവാന്‍ കഴിയില്ല.

“അജ്ഞാനത്തിന്റെ വരുതിയില്‍പ്പെട്ട് സുഖാനുഭവങ്ങള്‍ ആര്‍ജ്ജിക്കുവാനായി ചിലര്‍ ഇത്തരം സിദ്ധികള്‍ വശത്താക്കുന്നു. ആത്മജ്ഞാനി ചരിക്കുന്നത് ഈ പാതയിലല്ല.” സത്യസാക്ഷാത്കാരം പ്രാപിച്ചയാളാണെങ്കിലും അല്ലെങ്കിലും ചില സാധനകള്‍ കൃത്യമായി അനുഷ്ടിക്കുന്ന ആര്‍ക്കും ആകാശഗമനം പോലുള്ള സിദ്ധികള്‍ വശമാക്കാം. എന്നാല്‍ ആത്മജ്ഞാനിയായ ഋഷിക്ക് ഈ നേട്ടങ്ങളില്‍ താല്‍പര്യമില്ല. ഇത്തരം കാര്യങ്ങള്‍ അഭ്യാസംകൊണ്ട് ആര്‍ക്കും നേടാവുന്നതേയുള്ളു. അതാണവയുടെ സ്വഭാവം.

വിഷം എല്ലാവരെയും കൊല്ലുന്നു. വീഞ്ഞ് എല്ലാവരെയും മദോന്മത്തരാക്കുന്നു. ഉചിതമായ അഭ്യാസങ്ങള്‍ പറക്കാനുള്ള കഴിവും മറ്റും നല്‍കുന്നു. അത്രയേയുള്ളു. ആത്മജ്ഞാനിക്ക് ഇതിലൊന്നും ആശയില്ല. സിദ്ധികള്‍ നേടുന്നത് ആശകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. എന്നാല്‍ ഋഷിയില്‍ ആശകള്‍ എല്ലാം അസ്തമിച്ചിരിക്കുന്നുവല്ലോ. ആത്മജ്ഞാനമാണ് ഏറ്റവും വലിയ നേട്ടം. അപ്പോള്‍ ജ്ഞാനസാക്ഷാത്കാരം പ്രാപിച്ചയാള്‍ മറ്റെന്തെങ്കിലും ആശകള്‍ വെച്ചുപുലര്‍ത്തുന്നതെന്തിനാണ്?

വീതഹവ്യന്റെ കാര്യത്തില്‍ അദ്ദേഹം യാതൊരുവിധ ആശകളും ബാക്കി വെച്ചിട്ടുണ്ടായിരുന്നില്ല. ചോദിക്കാതെയാണ് സിദ്ധികള്‍ അദ്ദേഹത്തെ തേടിയെത്തിയത്‌.

രാമന്‍ ചോദിച്ചു: ഗുഹയിലെ സ്ഥിരവാസക്കാരായ കൃമികീടങ്ങള്‍ എന്തുകൊണ്ടാണ് സമാധിസ്ഥനായിരുന്ന വീതഹവ്യന്റെ ചലനരഹിതമായ ശരീരം തിന്നു നശിപ്പിക്കാതിരുന്നത്? എന്തുകൊണ്ടാണ് വീതഹവ്യനു വിദേഹമുക്തി ആദ്യമേതന്നെ ലഭിക്കാതിരുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: അജ്ഞാനിയുടെ ദേഹം അയാളുടെ മാനസികോപാധികളനുസരിച്ചു പുഷ്ടിപ്രാപിച്ചും അപചയിച്ചും ക്ഷയിച്ചും ഇരിക്കും. എന്നാല്‍ മാനസികോപാധികള്‍ ഇല്ലാത്തവരില്‍ ചലനം ഇല്ല. ചാലകശക്തിയില്ലാത്തതിനാല്‍ ദേഹത്തിനു യാതൊരുവിധ അപചയവും ഇല്ല.

ജീവജാലങ്ങളുടെ മനസ്സ് അത് സമ്പര്‍ക്കപ്പെടുന്ന വസ്തുക്കളുടെ സ്വഭാവങ്ങളുമായി സംവദിക്കുമല്ലോ. അക്രമസ്വഭാവമുള്ള ഒരു ജീവി അതീവ സൌമ്യനും സമത്വഭാവനയില്‍ അഭിരമിക്കുന്നവനുമായ ഒരുവനുമായി ബന്ധപ്പെടുമ്പോള്‍ താല്‍ക്കാലികമായി ആ ജീവിയും സൌമ്യത മുതലായ ഗുണങ്ങള്‍ ആര്‍ജ്ജിക്കും. അതുപോലെ വീതഹവ്യന്റെ ദേഹം ജീര്‍ണ്ണിക്കാതെയും കൃമികീടശല്യങ്ങളില്ലാതെയും ഏറെക്കാലം നിലനിന്നു. ഇത്, ഭൂമി, മരം, തുടങ്ങിയ എല്ലാ പദാര്‍ത്ഥവസ്തുക്കള്‍ക്കും ബാധകമാണ്. കാരണം ബോധം സര്‍വ്വവ്യാപിയാണല്ലോ. വീതഹവ്യന്റെ ബോധത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവാതിരുന്നതിനാല്‍ ദേഹത്തിനും മാറ്റങ്ങള്‍ ഉണ്ടായില്ല. ദേഹത്തിലെ പ്രാണന്റെ സഞ്ചാരം നിലച്ചിരുന്നതിനാല്‍ ജീര്‍ണ്ണതയും അതിനെ ബാധിച്ചില്ല.

ഋഷിക്ക് തന്റെ ദേഹം നിലനിര്‍ത്താനും ഉപേക്ഷിക്കാനും സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടദ്ദേഹം കുറേക്കാലം ദേഹത്തെ ഉപേക്ഷിക്കാതെ വച്ചു. എന്നാല്‍ പിന്നീട് തികച്ചും ആകസ്മികമായി ദേഹത്തെ ഉപേക്ഷിക്കാന്‍ ഇടയാവുകയും ചെയ്തു. അതദ്ദേഹത്തിന്റെ കര്‍മ്മവുമായി ബന്ധപ്പെടുത്താം എന്ന് നമുക്ക് തോന്നും. എന്നാല്‍ അദ്ദേഹം കര്‍മ്മങ്ങള്‍ക്ക് അതീതനായിരുന്നു. വിധിക്കും നിയതിക്കുമൊന്നും അദ്ദേഹത്തെ സ്വാധീനിക്കാന്‍ കഴിയില്ല. ഇതും ‘കാകതാലീയ’മായ (കാക്ക വന്നിരുന്നപ്പോള്‍ പനമ്പഴം വീണു എന്ന് പറയുന്നതുപോലെ) ഒരാകസ്മികത മാത്രം.