യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 312 [ഭാഗം 5. ഉപശമ പ്രകരണം]
മനസ്താം മൂഢതാം വിദ്ധി യദാ നശ്യതി സാനഘ
ചിത്തനാശാഭിദാനം ഹി തദാ സത്വമുദേത്യലം (5/90/16)
വസിഷ്ഠന്‍ തുടര്‍ന്നു: വീതഹവ്യന്റെ മനസ്സ് ആത്മാന്വേഷണസാധനയാല്‍ അനാസക്തവും പരിപൂര്‍ണ്ണസ്വതന്ത്രവും ആയപ്പോള്‍ അദ്ദേഹത്തില്‍ സര്‍വ്വഭൂതസുഹൃദ്‌ഭാവം മുതലായ പവിത്രഗുണങ്ങള്‍ സ്വയമേവ അങ്കുരിക്കാന്‍ തുടങ്ങി.
രാമന്‍ ചോദിച്ചു: മനസ്സ് ബ്രഹ്മത്തില്‍ വിലീനമായിക്കഴിഞ്ഞു എന്ന് പറഞ്ഞുവല്ലോ? അപ്പോള്‍പ്പിന്നെ ആര്‍ക്കാണ് ഈ സര്‍വ്വഭൂതസൌഹൃദവും മറ്റും ഉണ്ടായത്?
വസിഷ്ഠന്‍ പറഞ്ഞു. മനസ്സ് ഇല്ലാതാവുന്നത് രണ്ടു തരത്തിലാണ്. ഒന്നില്‍ മനസ്സിന്റെ രൂപം നിലനില്‍ക്കും, മറ്റേതില്‍ മനസ്സിന്റെ രൂപം പോലും ഇല്ലാതെയാവും. മഹര്‍ഷി ജീവനോടെയുള്ളപ്പോള്‍ മനസ്സിന്റെ രൂപം നിലനില്‍ക്കുന്നു. എന്നാല്‍ ദേഹം ഇല്ലാതാകുന്നതോടെ മനസ്സും നശിക്കുന്നു. മനസ്സിന്റെ നിലനില്‍പ്പ് ദുഃഖത്തിനു കാരണമാകുമ്പോള്‍ മനസ്സിന്റെ നാശം ആനന്ദത്തെ വരവേല്‍ക്കുന്നു. മനസ്സ് ഉപാധികളാല്‍ ബാദ്ധമാകുന്നതാണ് ദുഃഖങ്ങള്‍ക്കു കാരണം. അത് ആവര്‍ത്തിച്ചുള്ള ജനനമരണങ്ങള്‍ക്ക് ബീജമാകുന്നു. അത്തരം മനസ്സ് അസന്തുഷ്ടിയെ പ്രദാനം ചെയ്യുന്നു.
‘എന്റെ’ എന്ന ബോധം അങ്കുരിക്കുന്ന വസ്തുവാണ് ആദിരഹിതമായ ജീവന്‍. ആത്മജ്ഞാനം സിദ്ധിച്ചിട്ടില്ലാത്ത മനസ്സില്‍ ഇതുദയം ചെയ്യുന്നതാണ് ദുഃഖത്തിനു കാരണം. മനസ്സുള്ളിടത്തോളം ദുഃഖമൊടുങ്ങുകയില്ല. മനസ്സൊടുങ്ങുമ്പോള്‍ പ്രത്യക്ഷലോകമെന്ന പ്രകടനവും ഒടുങ്ങുന്നു. മനസ്സാണ് ദുഃഖത്തിനു ബീജം.
മനസ്സെങ്ങിനെ ഒടുങ്ങുന്നു എന്നിനി ഞാന്‍ പറഞ്ഞു തരാം. സുഖാനുഭവങ്ങളോ ദുഃഖാനുഭവങ്ങളോ ഒരുവന്റെ സമതാഭാവത്തെ ബാധിക്കുന്നില്ലെങ്കില്‍ അയാളുടെ മനസ്സ് ഒടുങ്ങി എന്നറിയുക. ബോധത്തെ പരിമിതപ്പെടുത്തുന്ന ചിന്തകളായ ‘ഞാനിതാണ്’, ‘ഞാനിതല്ല’, എന്ന് തുടങ്ങിയ ധാരണകള്‍ ആരില്‍ ഉദിക്കുന്നില്ലയോ അവന്റെ മനസ്സ് മരിച്ചിരിക്കുന്നു. ആരുടെ ഉള്ളിലാണോ ദുരിതങ്ങള്‍ , പട്ടിണി, സന്തോഷം, അഭിമാനം, മന്ദത, ഉത്തേജനം തുടങ്ങിയ ധാരണകള്‍ ഉദിച്ചുയരാത്തത് അയാളുടെ മനസ്സ് മരിച്ചുകഴിഞ്ഞു. അയാള്‍ ജീവിച്ചിരിക്കെ മുക്തിപദം പ്രാപിച്ചവനാണ്.
“മനസ്സിന്റെ സ്വഭാവംതന്നെ മൂഢതയാണ്. അതിനാല്‍ മനസ്സ് മരിക്കുമ്പോള്‍ പവിത്രഗുണങ്ങള്‍ മറനീക്കി പുറത്തുവരുന്നു.” ചില ജ്ഞാനികളുടെ അഭിപ്രായത്തില്‍ “നിര്‍മലമനസ്സ്’ എന്നത് മനസ്സ് നിലച്ച, മുക്തിപദപ്രാപ്തിയിലെത്തിയ മുനിയുടെ അവസ്ഥയാണ്. അത് പവിത്രമായൊരു ബോധതലമാണ്. അങ്ങനെയുളള മുനിയുടെ മനസ്സില്‍ സര്‍വഭൂതസൗഹൃദം മുതലായ പവിത്രഗുണങ്ങള്‍ വിളയാടുക തന്നെ ചെയ്യും.
ജീവന്മുക്തനിലെ ഈദൃശഗുണങ്ങള്‍ക്ക് സത്വഗുണം, നിര്‍മലത എന്നൊക്കെയാണ് പേര്. ഇത് മനസ്സ് മരിച്ച അവസ്ഥയാണെങ്കിലും മനസ്സെന്ന രൂപം അപ്പോഴും നിലനില്‍ക്കുന്നുണ്ട്. ദേഹം ഉപേക്ഷിച്ച മുനിയില്‍ മനസ്സെന്ന രൂപം പോലും ബാക്കിയില്ല. അവിടെ മനസ്സിന്റെ സൂചനപോലും അവശേഷിക്കുന്നില്ല. ഈ അവസ്ഥയെ വസ്തുനിഷ്ഠമായി വിശദീകരിക്കാനാവില്ല. കാരണം യാതൊരുഗുണഗണങ്ങളും അവശേഷിപ്പിക്കാത്ത ഒരു തലത്തില്‍ ഗുണങ്ങളുടെ സാന്നിധ്യമോ അസാന്നിധ്യമോ എങ്ങിനെ പറയാനാവും? അവിടെ ഇരുട്ടും വെളിച്ചവുമില്ല. ധാരണകളില്ല. ഉപാധികളില്ല. അസ്തിത്വമോ അനസ്തിത്വമോ അവിടെയില്ല. അതാണ് പരമമായ സമത. സമ്യക്ഭാവത്തിന്റെ പരകോടി. പരമപ്രശാന്തി. മനോബുദ്ധികളുടെ സീമകള്‍ക്കപ്പുറം താണ്ടിയവര്‍ ഈ പ്രശാന്തിയെ പ്രാപിക്കുന്നു.