യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 313 [ഭാഗം 5. ഉപശമ പ്രകരണം]

ദ്വേ ബീജേ ചിത്തവൃക്ഷസ്യ വൃത്തിവൃതതിധാരിണഃ
ഏകം പ്രാണപരിസ്പന്ദോ ദ്വിതീയം ദൃഢഭാവനാ (5/91/14)

രാമന്‍ ചോദിച്ചു: ഭഗവാനേ. ഈ മനസ്സെന്ന ഭീകരവൃക്ഷത്തിന്റെ വിത്തെന്താണ്? ആ വിത്തിന്റെ ബീജമായ വിത്തും അങ്ങനെയങ്ങിനെ അതിന്റെ ഏറ്റവും അറ്റത്തെ ആദിമമൂലമായിരിക്കുന്നതെന്താണ്?

വസിഷ്ഠന്‍ പറഞ്ഞു: ഈ പ്രത്യക്ഷലോകത്തിന്റെ ബീജമെന്നത് ഈ ദേഹം തന്നെയാണ്. അതിനുള്ളിലെ നന്മതിന്മകളെക്കുറിച്ചുള്ള ചിന്തകള്‍ , ധാരണകള്‍ , എന്നിവയാണിതിനു മൂലമാകുന്നത്.

ഈ ദേഹത്തിനൊരു ബീജമുണ്ട്. അത് മനസ്സാകുന്നു. ആശകളുടെയും പ്രത്യാശകളുടെയും പിറകേ ഓടുന്ന മനസ്സ്. ഭാവാഭാവങ്ങളെക്കുറിച്ചുള്ള ധാരണകള്‍ക്ക് ഇടം നല്‍കുന്നതും തജ്ജന്യമായ ദുഃഖങ്ങളെ ജനിപ്പിക്കുന്നതും ഈ മനസ്സാണ്. പ്രത്യക്ഷലോകം മനസ്സിന്റെ സൃഷ്ടിയാണല്ലോ. സ്വപ്നാവസ്ഥതന്നെ ഒരുദാഹരണം. നാം ഇവിടെ കാണുന്നതൊക്കെ മനസ്സിന്റെ വികാസം മാത്രമാണ്. മണ്‍കുടം എന്നത് മണ്ണിന്റെ ഒരു വകഭേദം മാത്രമാണല്ലോ.

“അസംഖ്യം ധാരണകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും ഇടം നല്‍കുന്ന മനസ്സെന്ന വൃക്ഷത്തിനു രണ്ടു വിത്തുകളാണുള്ളത്. ഒന്ന് പ്രാണശക്തി; രണ്ട് ദൃഢഭാവന.” ശരിയായ പാതകളിലൂടെ പ്രാണവായു സഞ്ചരിക്കുമ്പോള്‍ ബോധത്തിന്‍റെ ചലനവും അങ്ങനെ മനസ്സിന്റെ ഉദയവും സംഭവിക്കുന്നു. പ്രാണന്റെ ഈ സഞ്ചാരമാണ് മനസ്സ് പ്രത്യക്ഷലോകമായി അറിയുന്നത്. അത് ആകാശത്തിന്റെ നീലനിറംപോലെ ‘സത്യ’മത്രേ. സര്‍വ്വവ്യാപിയായ ബോധത്തിന് പ്രാണസഞ്ചാരം മൂലം പുതിയൊരു ‘ഉണര്‍വ്വു’ണ്ടാവുന്നു എന്നപോലെയാണത്. ഇതുണ്ടായില്ലെങ്കില്‍ എത്ര നന്നായിരുന്നു! പ്രാണവായുവിന്റെ ചലനം നിലയ്ക്കുമ്പോള്‍ ലോകമില്ലാതാകുന്നു.

ഇങ്ങിനെ ബോധത്തിന് ‘ഉണര്‍വ്വു’ണ്ടായിക്കഴിഞ്ഞാല്‍ അത് പദാര്‍ത്ഥങ്ങളെ അറിയാനും ആശയങ്ങളെ ഉണ്ടാക്കാനും അങ്ങനെ ദുഃഖങ്ങളെ സമാഹരിക്കാനും തുടങ്ങുന്നു. എന്നാല്‍ ഈ ബോധം സ്വരൂപത്തില്‍ പ്രശാന്തമായി ദീര്‍ഘനിദ്രയിലെന്നപോലെ വിശ്രാന്തിയടയുകയാണെങ്കില്‍ ഏറ്റവും അഭികാമ്യമായ പരമപദം പ്രാപിക്കുന്നു.

അതിനാല്‍ പ്രാണന്റെ നിയന്ത്രണം വഴി, ധാരണകളെ ഉയരാന്‍ അനുവദിക്കാതെ ഇനിയും ജനിച്ചിട്ടില്ലാത്ത ബോധത്തിന്‍റെ അഭൌമതലം നിനക്ക് സാക്ഷാത്ക്കരിക്കാം. അല്ലെങ്കില്‍ ബോധത്തിന്റെ സാന്ദ്രഭാവത്തെ ശല്യപ്പെടുത്താതിരുന്നാലും മതി. ഈ ബോധസാന്ദ്രതയില്‍ ഉണ്ടാവുന്ന അശാന്തിയാണ് മനസ്സിനെ ജനിപ്പിച്ച് വൈവിദ്ധ്യത അനുഭവവേദ്യമാക്കുന്നത്. ഈ മാനസികവ്യാപാരങ്ങള്‍ കര്‍മ്മങ്ങളില്‍ ചെന്നെത്തിച്ചേരുന്നു.

മനസ്സിനെ പ്രശാന്തമാക്കാനായി യോഗികള്‍ ഉചിതമായ അഭ്യാസക്രമത്തില്‍ പ്രാണായാമം, ധ്യാനം എന്നിവയില്‍ ഏര്‍പ്പെടുന്നു. മഹാന്മാരായ യോഗികള്‍ പലരും പ്രാണായാമമാണ് മനശാന്തിക്ക് ഏറ്റവും ഉചിതമെന്ന് കരുതുന്നു.

ഇനി ഞാന്‍ മറ്റൊരു മാര്‍ഗ്ഗം പറയാം. അത് ജ്ഞാനികള്‍ അവരുടെ നേരറിവിന്റെ, അനുഭവത്തിന്റെ വെളിച്ചത്തില്‍ കണ്ടെത്തിയതാണ്. അവര്‍ പറയുന്നത് മനസ്സുണ്ടാവുന്നത് ഒരുവന്റെ ദൃഢഭാവനകൊണ്ടും ഭ്രമാത്മകസങ്കല്‍പ്പങ്ങള്‍ മൂലവുമാണെന്നാണ്.