യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 314 [ഭാഗം 5. ഉപശമ പ്രകരണം]
ദൃഢഭാവനയാ ത്യക്തപൂര്‍വ്വാപരവിചാരണം
യദാദാനം പദാര്‍ത്ഥസ്യ വാസനാ സാ പ്രകീര്‍ത്തിതാ (5/91/29)
വസിഷ്ഠന്‍ തുടര്‍ന്നു: “ദൃഢമായൊരു ഭാവനാസങ്കല്‍പ്പത്തില്‍ ബലമായി ഒട്ടിചേര്‍ന്നുനിന്നുകൊണ്ട് സത്യത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ നിന്നും സ്വയം വിമുഖനാവുമ്പോള്‍ ഒരുവനില്‍ ആ ഭാവനാവസ്തുവിനെപ്പറ്റി പ്രത്യക്ഷമായ ഒരറിവ് അങ്കുരിക്കുന്നു. ഈ അറിവിനെയാണ് ഉപാധികള്‍ അല്ലെങ്കില്‍ പരിമിതികള്‍ എന്നുപറയുന്നത്.” ഈ അറിവില്‍ തീവ്രമായും തുടര്‍ച്ചയായും അഭിരമിക്കുമ്പോള്‍ പ്രത്യക്ഷലോകമെന്ന ഒരു പ്രതീതി (Perception) ബോധതലത്തില്‍ ഉദിച്ചുയരുന്നു. അവനവന്‍ തന്നെയുണ്ടാക്കിയ ആ ദൃശ്യവിസ്മയത്തില്‍ ആണ്ടുമുങ്ങി അവന്‍ തന്റെ സ്വരൂപത്തെ മറന്നു പോകുന്നു. പ്രതീതിയാണ് സത്യമെന്ന് അവന്‍ ഭ്രമിച്ചു വശാവുന്നു. അപ്പോള്‍ അവന്റെ ബോധസീമയില്‍ ഭ്രമാത്മകമായ, വെറും പ്രതീതിമാത്രമായ ഈ ലോകം മാത്രമേയുള്ളു.
ഇതെല്ലാം അജ്ഞാനിക്ക് മാത്രം സംഭവിക്കുന്നതാണ്. വികലമായ പ്രതീതിയാണ് മനസെന്നറിയപ്പെടുന്നത്. മനസ്സ് തന്നിലെ വികല്‍പങ്ങളെ തന്നില്‍ത്തന്നെ സങ്കല്‍പ്പിച്ചുറപ്പിക്കുന്നതാണ് ആവര്‍ത്തിച്ചുള്ള ജനനങ്ങള്‍ക്കും ജരാനരകള്‍ക്കും മരണത്തിനും ഹേതുവാകുന്നത്.
അഭികാമ്യം, അനഭികാമ്യം എന്നിങ്ങിനെയുള്ള ഇഷ്ടാനിഷ്ടവിവേചനം ഉള്ളിലുയരുന്നില്ലെങ്കില്‍ മനസ്സില്ല എന്ന് നിശ്ചയം. അവിടെയുള്ളത് പരമപ്രശാന്തി മാത്രം. ആശയം, ധാരണ, സങ്കല്‍പ്പം, ചിന്ത, ഓര്‍മ്മ എന്നിവയാണ് മനസ്സിന്റെ ഘടകവസ്തുക്കള്‍ . ഘടകവസ്തുക്കളുടെ അഭാവത്തില്‍ മനസ്സെങ്ങിനെയുണ്ടാവാനാണ്?
അഭാവ അവസ്ഥയിലുള്ള ഒരുവന്‍, തന്റെ അവസ്ഥയെപ്പറ്റി, അതായത് താന്‍ ഭാവ-അവസ്ഥയെ പ്രാപിച്ചിട്ടില്ലാ എന്ന അറിവില്‍ അഭിരമിക്കുന്നതായാല്‍ അയാള്‍ കാര്യങ്ങളെ അതേപടി, സത്യത്തില്‍ നിറഭേദം ചേര്‍ക്കാതെ കാണുന്നവനാണ്. അത് നിര്‍മനമാണ്. അമനസ്സാണ്.
മാനസികമായ ഉപാധികളും വാസനകളും അത്രയധികം സാന്ദ്രമല്ലെങ്കില്‍ , അവ സുതാര്യമാണെങ്കില്‍ , ഒരുവന്‍ ജീവന്‍മുക്തനായി ജീവിക്കുന്നത് പൂര്‍വ്വാര്‍ജ്ജിതകര്‍മ്മങ്ങളുടെ ചാലകശക്തിയാലാണ്. ആ ചാലകശക്തി ഇനിയും കെട്ടടങ്ങിയിട്ടില്ലാത്തതിനാലാണ്. പുതിയ ചാലകശക്തിയൊന്നും ചെലുത്തിയില്ലെങ്കിലും കുശവന്റെ ചക്രം കുറച്ചു നേരംകൂടി കറങ്ങുന്നതു പോലെയാണിത്. അങ്ങനെയുള്ള ജീവന്മുക്തനു പുനര്‍ജനിയില്ല. വറുത്തുണക്കിയ വിത്തിന് മുളപൊട്ടാന്‍ കഴിയാത്തതുപോലെ ലോകമെന്ന വിഭ്രമദൃശ്യം അവനെയിനി അലട്ടുകയില്ല. അവന്റെ ദേഹം പതിക്കുമ്പോള്‍ ജീവന്‍ അനന്താവബോധത്തില്‍ വിലീനമാവുന്നു.
ലോകദൃശ്യമെന്ന വിഭ്രമത്തിനു കാരണമായ ദൃഢഭാവന, പ്രാണശക്തി, എന്നിവയില്‍ ഒരെണ്ണം ഇല്ലാതായാല്‍ മറ്റേതും താനേ ഇല്ലാതാവുന്നു. കാരണം അവ പരസ്പരപൂരകങ്ങളാണ്. മനസ്സാണ് ലോകമുണ്ടാക്കിയത്. മനസ്സിനെ ഉണ്ടാക്കിയതോ, പ്രാണന്റെ ഉപാധികളിലൂടെയുള്ള സഞ്ചാരവുമാണ്. ഭാവന കാരണമാണ് പ്രാണന് ചാലകശക്തി ഉണ്ടായത്. ഇതൊരു ദുര്‍വൃത്ത ചക്രമാണ്. ഒന്ന് മറ്റേതിനു വളമാകുന്നു. അങ്ങനെ പരസ്പരം പരിപോഷിപ്പിച്ച് അവ തഴച്ചുവളരുന്നു. ഒന്ന് മറ്റേതിനെ കര്‍മ്മനിരതമാക്കുന്നു.
ചലനം പ്രാണന് സഹജമാണ്. അത് ബോധത്തില്‍ ചലിക്കുമ്പോള്‍ മനസ്സുദിക്കുന്നു. ഉപാധികള്‍ പ്രാണനു വേണ്ട ചാലകശക്തി നല്‍കുന്നു. അവയില്‍ ഒരെണ്ണം നിര്‍ത്തുമ്പോള്‍ മറ്റേതും താനേ നില്‍ക്കുന്നു. മാനസികമായുള്ള ഉപാധികളാണ് പറയാനരുതാത്ത വേദനകളേയും ദുരിതങ്ങളേയും ക്ഷണിച്ചു വരുത്തുന്നത്. അതാണ് അവിദ്യയുടെ മൂലം. എന്നാല്‍ ഈ ഉപാധികള്‍ ഇല്ലാതാവുന്നതോടെ മനസ്സും ഇല്ലാതാവുന്നു. അതിനാല്‍ പ്രാണന്റെ നിയന്ത്രണം (പ്രാണായാമം) വഴി മനസ്സിനെ ലോകദൃശ്യങ്ങളില്‍ ഭ്രമിക്കാന്‍ വിടാതെ പിടിച്ചു നിര്‍ത്താന്‍ നമുക്ക് കഴിയും.