യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 315 [ഭാഗം 5. ഉപശമ പ്രകരണം]
ഹൃദി സംവേദ്യമാപ്യൈവ പ്രാണസ്പന്ദോഽഥ വാസനാ
ഉദേതി തസ്മാത്സംവേദ്യം കഥിതം ബീജമേതയോഃ (5/91/64)
വസിഷ്ഠന്‍ തുടര്‍ന്നു: “രാമാ, വസ്തുധാരണകള്‍ , അനുഭവധാരണകള്‍ എന്നിവ പ്രാണന്റെ ചലനത്തിനും ദൃഢഭാവനയ്ക്കും ബീജമാകുന്നു. കാരണം അത്തരം അനുഭവങ്ങള്‍ക്കായി ഹൃദയത്തില്‍ ആഗ്രഹം ഉദിക്കുമ്പോള്‍ മാത്രമാണ് പ്രാണസഞ്ചാരവും മനോപാധികളും സംഭവിക്കുന്നത്.” ഇത്തരം അനുഭവങ്ങള്‍ക്കായുള്ള ആഗ്രഹത്തെ പാടേയുപേക്ഷിച്ചാല്‍ ഇവ രണ്ടും ക്ഷണത്തില്‍ ഇല്ലാതെയാവും. തീര്‍ച്ചയായും അന്തര്യാമിയായ ബോധമാണീ ആഗ്രഹങ്ങളുടെ വിത്ത്. ബോധത്തിന്റെ അഭാവത്തില്‍ അത്തരം അനുഭവങ്ങള്‍ക്കായുള്ള ആഗ്രഹങ്ങള്‍ എങ്ങിനെ ഉദിച്ചുയരാനാണ്?
എന്നാല്‍ ബോധത്തിന് അകത്തോ പുറത്തോ അനുഭവങ്ങള്‍ക്കായി മാത്രം പ്രത്യേകമൊരു വസ്തു അതില്‍നിന്നും വ്യതിരിക്തമായി ഇല്ല. ചിന്തകളുടെ ചലനം ഹേതുവായി ബോധം സ്വയം ഒരു വസ്തുഅനുഭവം (വിഷയാനുഭവം) ആര്‍ജ്ജിക്കാന്‍ ഇച്ഛിക്കുകയാണ്. ഒരാള്‍ തന്റെ മരണത്തെപ്പറ്റിയോ തന്റെ വിദേശയാത്രയെപ്പറ്റിയോ സ്വപ്നം കാണുന്നതുപോലെ ബോധം അതിന്റെ സ്വന്തം നിപുണതകൊണ്ട് സ്വയമൊരു വിഷയാനുഭവമായി തീരുകയാണ്. രാമാ അത്തരം അനുഭവങ്ങളുടെ സാക്ഷാത്കാരമാണ് പ്രത്യക്ഷലോകമായി കാണപ്പെടുന്നത്. ഈ സത്യം അറിയുമ്പോള്‍ ഭ്രമചിന്തകള്‍ ഒടുങ്ങുന്നു.
എന്താണ് സത്യം? ഇതെല്ലാം ഒരേയൊരു അനന്താവബോധം മാത്രമല്ലാതെ മറ്റൊന്നുമല്ല എന്നതാണ് ഉണ്മ. ബോധമല്ലാതെ മറ്റൊന്നും ഇല്ലതന്നെ. കാണപ്പെടുന്നതും കാണപ്പെടാത്തതുമെല്ലാം അതേ അവബോധം തന്നെ. ജ്ഞാനി ഇതറിയുന്നു. അയാളുടെ വീക്ഷണം നിര്‍മലമാവുന്നു. ഇനിയും നിര്‍മലമാകാത്ത ദൃഷ്ടിയാലാണ് വെറും പ്രതീതി മാത്രമായ ‘ലോക’ത്തെ അയാള്‍ കാണുന്നത്. എന്നാല്‍ ദൃഷ്ടി നിര്‍മലമായി അനന്താവബോധത്തെ അറിയുന്നതാണ് മുക്തി. അതുകൊണ്ട് രാമാ, ഈ അനുഭവങ്ങള്‍ ആര്‍ജ്ജിക്കുവാനുള്ള ആഗ്രഹത്തെ നിന്നില്‍ നിന്നും നിര്‍മാര്‍ജ്ജനം ചെയ്താലും. മന്ദതയെ ദൂരെക്കളയൂ. എല്ലാ അനുഭവങ്ങളില്‍ നിന്നും അവയ്ക്കായുള്ള ആഗ്രഹങ്ങളില്‍ നിന്നും പൂര്‍ണ്ണസ്വതന്ത്രനാവൂ.
രാമന്‍ ചോദിച്ചു: ഭഗവാനേ, ഈ രണ്ടും തമ്മില്‍ എങ്ങിനെ പൊരുത്തപ്പെടും? കര്‍മ്മാനുഭവങ്ങളില്‍ നിന്നും നൈഷ്കര്‍മ്മ്യത്തില്‍ നിന്നും എനിക്ക് മുക്തിപദം പ്രാപിക്കാനാവുമോ ?
വസിഷ്ഠന്‍ പറഞ്ഞു: യാതൊന്നിനായും ഉള്ള പ്രത്യാശയോ ആഗ്രഹമോ വെച്ചുപുലര്‍ത്താത്ത, കര്‍മ്മരഹിതമായ വിശ്രമാവസ്ഥയ്ക്കായി ഇച്ഛിക്കാത്ത ഒരുവന്‍ ജീവഭാവത്തില്‍ നിലനില്‍ക്കുകയില്ല. അങ്ങനെ ജീവഭാവത്തിലല്ലാത്ത അയാള്‍ കര്‍മ്മരഹിതനാണെന്ന് പറയുക വയ്യ. അയാള്‍ അനുഭവങ്ങള്‍ക്കായി ആഗ്രഹിക്കുകയും ഇല്ല. എന്നാല്‍ അനുഭവങ്ങള്‍ക്കായോ ദൃശ്യപ്രതീതികള്‍ക്കായോ ആശിക്കാതെ അന്തമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു സദാ കര്‍മ്മനിരതനായി ജീവിക്കുന്നയാള്‍ യാതൊന്നും ‘ചെയ്യുന്നില്ല’. ആ കര്‍മ്മങ്ങള്‍ അയാളില്‍ യാതൊന്നും ശേഷിപ്പിക്കുന്നില്ലാത്തതിനാല്‍ അയാള്‍ യാതൊന്നും അനുഭവിക്കുന്നുമില്ല. അയാള്‍ കര്‍മ്മരഹിതനുമല്ല എന്ന് നിശ്ചയം. അനുഭവം എന്ന വസ്തുത അയാളുടെ ഹൃദയത്തെ ബാധിക്കുന്നതേയില്ല എന്നതാണ് വാസ്തവം. അതിനാല്‍ ആരുടെ ബോധതലമാണോ കര്‍മ്മരഹിതമല്ലാതെയിരിക്കുന്നത്, അയാള്‍ ഇവിടെ, ഇപ്പോള്‍ മുക്തിതലത്തില്‍ എത്തിയവനാണ്.
എല്ലാ ഉപാധികളില്‍ നിന്നും സ്വതന്ത്രനായി, അവിഛിന്നമായ ബോധസ്വരൂപത്തില്‍ സുദൃഢമായി നിലകൊള്ളുന്ന യോഗി ഒരു കൊച്ചു കുട്ടിയെപ്പോലെയോ മന്ദബുദ്ധിയെപ്പോലെയോ ചിലപ്പോള്‍ പ്രവര്‍ത്തിച്ചുവെന്നിരിക്കും. എന്നാല്‍ ആകാശത്തിന്റെ നീലിമപോലെ അയാളില്‍ നൈസര്‍ഗ്ഗികമായി ആനന്ദമുണ്ട്. ഈ ആനന്ദം വെറുമൊരനുഭവമല്ല. അത് ബോധത്തിന്റെ സഹജമായ ഗുണമാണ്. അതിനാല്‍ ഈ ആനന്ദം ബോധത്തില്‍ നിന്ന് വേറിട്ട് ഒരു ശല്യമായി (അഭികാമ്യമോ അല്ലാത്തതോ ആയ അനുഭവമായി) നില്‍ക്കുന്ന ഒന്നല്ല. അത് ബോധത്തില്‍ അവിഭാജ്യമത്രേ. അപ്പോള്‍ എല്ലാ അനുഭവങ്ങളില്‍ നിന്നുമുള്ള മുക്തിയായി. യോഗി എപ്പോഴും നിസ്തന്ദ്രമായി കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ട് കഴിയുന്നതുകൊണ്ട് അദ്ദേഹം അകര്‍മ്മത്തില്‍ നിന്നും സദാ സ്വതന്ത്രനുമാണ്.