യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 317 [ഭാഗം 5. ഉപശമ പ്രകരണം]

അദ്ധ്യാത്മവിദ്യാധിഗമഃ സാധുസംഗമ ഏവ ച
വാസനാസംപരിത്യാഗഃ പ്രാണസ്പന്ദനിരോധനം (35/92/35)

രാമന്‍ ചോദിച്ചു: ഭഗവന്‍, എങ്ങിനെയാണൊരുവന്‍ തന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന കാരണങ്ങളെ എല്ലാമകറ്റി പരമമായ ആ അവസ്ഥയെ പ്രാപിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ഈ ദുഃഖത്തിന്റെ വിത്തുകള്‍ ഓരോന്നോരോന്നായി, ഒന്നിനൊന്നു കാരണമായവയെ നശിപ്പിച്ച് ഇല്ലാതാക്കാം. എന്നാല്‍ മാനസികോപാധികളെ എല്ലാം ഒരൊറ്റയടിക്ക് നശിപ്പിക്കാന്‍ കഴിഞ്ഞാല്‍ , സ്വപരിശ്രമത്താല്‍ ആ പരമസത്തയില്‍ അഭിരമിക്കാനായാല്‍ , അതില്‍ ഒരു മാത്രയെങ്കിലും വിശ്രാന്തിയടയാന്‍ കഴിഞ്ഞാല്‍ , നിനക്കാ പരമാവസ്ഥയില്‍ ശാശ്വതമായി നിവസിക്കാം. എന്നാല്‍ ആ നിര്‍മലമായ പരമസത്തയുടെ പൊരുള്‍ അറിയാനായി മാത്രമാണ് നീയാഗ്രഹിക്കുന്നതെങ്കില്‍ അശ്രാന്തപരിശ്രമം കൊണ്ട് നിനക്കതിനും കഴിയും.

അതുപോലെ അനന്താവബോധത്തെപ്പറ്റി ധ്യാനം ചെയ്തും നിനക്കാ സത്തയില്‍ അഭിരമിക്കാം. എങ്കിലും അത് വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു പാതയാണ്. അനുഭവങ്ങളെ പ്രദാനം ചെയ്യുന്ന വസ്തുക്കള്‍ ധ്യാനത്തിനുതകുകയില്ല. കാരണം അവ ബോധത്തില്‍ അല്ലെങ്കില്‍ ആത്മാവില്‍ മാത്രം നിലകൊള്ളുന്നവയാണല്ലോ. എന്നാല്‍ നീ ധാരണകള്‍ , സങ്കല്‍പ്പങ്ങള്‍ , ശീലങ്ങള്‍ തുടങ്ങിയ മനോപാധികളെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ക്ഷണനേരംകൊണ്ട് എല്ലാ സ്ഖലിതങ്ങളും മാഞ്ഞുപോവും. പക്ഷെ മുന്‍പ് പറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ നിന്നുമൊക്കെ ഇത് കഠിനതരമാണ്.

മനസ്സില്‍ ചിന്താസഞ്ചാരങ്ങള്‍ ഇല്ലാതാവും വരെ ഉപാധികള്‍ നശിക്കുക എന്നതസാദ്ധ്യം. നേരേ തിരിച്ചും അങ്ങനെതന്നെയാണ്. സത്യസാക്ഷാത്കാരം പ്രാപിക്കാതെ മനോവ്യാപാരങ്ങള്‍ അവസാനിക്കില്ല. തിരിച്ചും അങ്ങനെതന്നെ. അതുപോലെ തന്നെയാണ് ഉപാധികള്‍ അവസാനിച്ചാലല്ലാതെ അനുപാധികമായ സത്യം വെളിപ്പെടുകയില്ല എന്ന കാര്യവും. സത്യസാക്ഷാത്കാരം, മനോനിഗ്രഹം, മനോപാധികളുടെ അന്ത്യം എന്നിവ അതീവരഹസ്യമായി പരസ്പരം ഇഴപാകി ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവയെ ഓരോന്നോരോന്നായി വേറിട്ട്‌ കൈകാര്യം ചെയ്യുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് രാമാ, അവയെ ഒന്നിച്ചു സമഗ്രമായി കീഴടക്കുക. അതിനായി എല്ലാ ശക്തിയുമുപയോഗിച്ചു നിന്നിലെ സുഖാന്വേഷണത്വരകളെ സംത്യജിച്ചാലും. കുറെയേറെക്കാലം ഇതഭ്യസിച്ചാല്‍ മാത്രമേ ഫലമുണ്ടാവുകയുള്ളു.

രാമാ, ഈ ലോകമെന്ന പ്രത്യക്ഷപ്രപഞ്ചം ഏറെക്കാലമായി നാം സത്യമെന്നു വിശ്വസിച്ചു പോരുന്നു. അതിനാല്‍ തുടര്‍ച്ചയായ അഭ്യാസത്താല്‍ മാത്രമേ, ഇപ്പറഞ്ഞ മൂന്നും ഒരുമിച്ചു മറികടക്കാന്‍ നിനക്ക് കഴിയൂ. ജ്ഞാനികള്‍ പറയുന്നത് പ്രാണനിയന്ത്രണവും മനോപാധികളെ അടക്കുന്നതും ഒരേ ഫലമാണുണ്ടാക്കുന്നതെന്നാണ്. അതുകൊണ്ട് നീ അവ രണ്ടും ഒരുമിച്ചു പരിശീലിക്കൂ. ഒരു യോഗഗുരുവിന്റെ നിര്‍ദ്ദേശാനുസരണം പ്രാണയാമത്തിലൂടെ പ്രാണവായുവിനെ നിനക്ക് നിയന്ത്രിക്കാന്‍ കഴിയും.

അനുഭവദാദാക്കളായ വസ്തുക്കള്‍ മുന്നില്‍ കാണുമ്പോഴും മനസ്സില്‍ ആശയോ വെറുപ്പോ, ആസക്തിയോ ഉദിക്കുന്നില്ലെങ്കില്‍ മനോപാധികള്‍ക്ക് ക്ഷീണം ബാധിച്ചിരിക്കുന്നു എന്നര്‍ത്ഥം. അപ്പോള്‍ വിവേകമുദിക്കുന്നു. അതും ഉപാധികളെ കൂടുതല്‍ ക്ഷീണിപ്പിക്കുന്നു. അങ്ങനെ മനസ്സ് ഇല്ലാതാവുന്നു. ഉചിതമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാലല്ലാതെ മനസ്സിനെ കൊല്ലാന്‍ കഴിയില്ല.

“ആത്മജ്ഞാനം, മഹത്പുരുഷന്മാരുടെ സത്സംഗം, മനോപാധികളെ ത്യജിക്കല്‍ , പ്രാണനിയന്ത്രണം എന്നിവയാണ് മനസ്സിനെ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍.” ഈ സത്യം മനസ്സിലാക്കാതെ കൂടുതല്‍ തീക്ഷ്ണമായ തപശ്ചര്യകള്‍ ചെയ്യുന്നതും, ഹഠയോഗം മുതലായ യോഗമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതും, തീര്‍ത്ഥയാത്രകള്‍ , യഗാദികള്‍ എന്നിവയില്‍ ആമ്ഗനമാവുന്നതും വൃഥാവ്യായാമങ്ങളാണ്. ആത്മജ്ഞാനം മാത്രമേ നിനക്ക്‌ അന്തമില്ലാത്ത ആനന്ദത്തെ പ്രദാനം ചെയ്യുകയുള്ളൂ. ആത്മജ്ഞാനമാര്‍ജ്ജിച്ചവന്‍ മാത്രമേ ശരിയായി ജീവിക്കുന്നുളളു. രാമാ, അതിനാല്‍ നീയും ആത്മജ്ഞാനം നേടൂ.