യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 318 [ഭാഗം 5. ഉപശമ പ്രകരണം]
കിംചിത്പ്രൌഢവിചാരം തു നരം വൈരാഗ്യപൂര്‍വകം
സംശ്രയന്തി ഗുണാഃ ശുദ്ധാഃ സരഃ പൂര്‍ണ്ണമിവാണ്ഡജഃ (5/93/3)
വസിഷ്ഠന്‍ തുടര്‍ന്നു: ഒരുവന്‍ ആത്മാന്വേഷണത്താല്‍ അല്‍പ്പമെങ്കിലും മനോനിയന്ത്രണം കൈവരിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ ജീവിതം ഫലവത്തായി എന്നുപറയാം. കാരണം ആത്മാന്വേഷണം അയാളുടെ ഹൃദയത്തെ വിശാലമാക്കും. “അത്തരം അന്വേഷണം അനാസക്തിയുടെ പിന്‍ബലത്തോടെയാണെങ്കില്‍ , അത് അഭ്യാസംകൊണ്ട് അടിയുറച്ചിട്ടുണ്ടെങ്കില്‍ , പവിത്രമായ ഗുണങ്ങള്‍ സ്വാഭാവികമായും സാധകനില്‍ വന്നുചേരും.”
ആത്മാന്വേഷണനിരതനായി, വസ്തുക്കളെ അതിന്റെ ഉണ്മയില്‍ ദര്‍ശിക്കുന്ന ഒരുവനെ അവിദ്യയും അതിന്റെ കൂട്ടാളികളും ശല്യപ്പെടുത്തുകയില്ല. ആത്മീയപാതയില്‍ സ്വയമുറപ്പിച്ച കാലടികളോടെ സഞ്ചരിക്കുന്നവനെ ഇന്ദ്രിയസുഖാദികളാകുന്ന കള്ളന്മാര്‍ക്ക് കീഴടക്കാനാവില്ല. എന്നാല്‍ ആത്മാന്വേഷണത്തില്‍ അടിയുറക്കാത്തവരെ ഇന്ദ്രിയസുഖങ്ങള്‍ എളുപ്പത്തില്‍ കീഴടക്കും. ആത്മാന്വേഷണത്തില്‍ താല്‍പ്പര്യമില്ലാതെയും അതുകൊണ്ട് ആത്മാവിനെപ്പറ്റി അറിയാതെയും ഇരിക്കുന്നവന്‍ മരിച്ചതിനു തുല്യമാണ്.
അതിനാല്‍ രാമാ, ഈ ആത്മാന്വേഷണം തുടരുക തന്നെ വേണം. അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി സത്യത്തെ കാണിച്ചുതരുന്നത് ഈ അന്വേഷണമാണ്. സത്യജ്ഞാനം ദുഃഖത്തെ ദൂരീകരിക്കുന്നു. ജ്ഞാനത്തിനൊപ്പം അതിന്റെ അനുഭവവും വേദ്യമാവും. എന്നാല്‍ വേദശാസ്ത്രപഠനത്തിന്റെ ഫലമായുണ്ടാകുന്ന ആന്തരികമായ വെളിച്ചത്തില്‍ ജ്ഞാനവും അതിന്റെ അനുഭവവും സമഗ്രമായി വെളിപ്പെടുന്നു. ഈ അന്തഃപ്രകാശം തന്നെയാണ് ആത്മജ്ഞാനം. അതിന്റെ അനുഭവമോ, ജ്ഞാനത്തില്‍ നിന്ന് വേറിട്ട ഒന്നല്ല. അവതമ്മില്‍ ഭേദമില്ല. അദ്വയമാണത്.
ആത്മജ്ഞാനം നേടിയ ആള്‍ അതില്‍ സദാ ആനന്ദമഗ്നനായിരിക്കുന്നു. ജീവിച്ചിരിക്കുമ്പോഴേ മുക്തനാണയാള്‍. ലോകത്തിന്റെ ചക്രവര്‍ത്തിയെന്നപോലെ അയാള്‍ വിരാജിക്കുന്നു. വൈവിദ്ധ്യങ്ങളായ അനുഭവങ്ങള്‍ -സുഖമോ ദുഃഖമോ ആയിക്കൊള്ളട്ടെ- അവ അയാളെ അലട്ടുന്നില്ല. സുഖങ്ങള്‍ അയാളെ കീഴടക്കുന്നില്ല. അയാളില്‍ സുഖത്തിനായി യാതൊരാസക്തിയും അവശേഷിക്കുന്നുമില്ല. അയാള്‍ സ്വയം സംപ്രീതനാണ്. ആരുമായും അടുപ്പമോ ഒട്ടലോ ഇല്ലാത്തതിനാല്‍ അയാള്‍ക്ക് എല്ലാവരും സുഹൃത്താണ്. അയാളില്‍ ആരോടും ശത്രുതയില്ല. പടയില്‍ ശത്രുവിന്റെ അലര്‍ച്ചയോ കാട്ടിലെ സിംഹഗര്‍ജനമോ അയാളെ നടുക്കുന്നില്ല.
നന്ദനോദ്യാനങ്ങള്‍ അയാളില്‍ പ്രഹര്‍ഷമോ, മരുഭൂമികള്‍ വിഷാദമോ ഉണ്ടാക്കുന്നില്ല. അകമേ പ്രശാന്തനാണെങ്കിലും ബാഹ്യമായി അതത് സമയത്തെ ആവശ്യമനുസരിച്ച് ഉചിതമായ കര്‍മ്മപരിപാടികളില്‍ സദാ നിരതനാണയാള്‍. കൊലപാതകിയോടും ഉദാരശീലനോടും അയാള്‍ക്ക് ഒരേ മനോഭാവമാണുള്ളത്. അയാളുടെ വിശ്വവീക്ഷണത്തില്‍ ചെറുതും വലുതുമായ എല്ലാറ്റിനും ഒരേ മൂല്യമാണുള്ളത്. എല്ലാമെല്ലാം ശുദ്ധമായ അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല എന്നയാള്‍ അറിഞ്ഞിട്ടുണ്ടല്ലോ.
ആരൊരുവന്‍ ആസക്തിലേശമില്ലാതെ അവയവങ്ങളെ ഉചിതമായി ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവോ അവനെ യാതൊന്നും –സുഖങ്ങളോ ദുഃഖങ്ങളോ ബാധിക്കുകയില്ല. അവന്റെ പ്രവര്‍ത്തനങ്ങള്‍ അനിഛാപൂര്‍വ്വം നടക്കുകയാണ്. അവന്‍ കാണുന്നില്ല; അവന്റെ കണ്ണുകള്‍ കാണുന്നു.അവന്‍ കേള്‍ക്കുന്നില്ല; അവന്റെ കാതുകള്‍ കേള്‍ക്കുന്നു. അവന്‍ സ്പര്‍ശിക്കുന്നില്ല; അവന്റെ ശരീരം തൊടുന്നു.
തീര്‍ച്ചയായും ആസക്തിയാണ് ലോകമെന്ന ഈ ഭ്രമാത്മകമായ പ്രകടിതദൃശ്യങ്ങള്‍ക്ക് കാരണം. വസ്തുക്കളെ സൃഷ്ടിക്കുന്നതും അതാണ്. ആസക്തിയാണ് ബന്ധനങ്ങളും ഒടുങ്ങാത്ത ദുഃഖങ്ങളും ഉണ്ടാക്കുന്നത്. അതിനാലാണ് മഹാത്മാക്കള്‍ അനാസക്തിയാണ് മുക്തി എന്ന് പറയുന്നത്. രാമാ, നീയും ആസക്തികളെ ഉപേക്ഷിച്ച് ജീവന്മുക്തനായ ഒരു ഋഷിയാവൂ.