ശ്രീ പതഞ്ജലി മഹര്‍ഷി രചിച്ച യോഗസൂത്രം ഒന്നാമത്തെ അദ്ധ്യായമായ സമാധിപാദം മലയാളം അര്‍ത്ഥ സഹിതം ഇവിടെ വായിക്ക‍ാം. പാതഞ്ജല യോഗസൂത്രം PDF രൂപത്തില്‍ മുഴുവനായി (349KB, 74 പേജുകള്‍) ഡൗണ്‍ലോഡ്‌ ചെയ്തു നിങ്ങളുടെ സമയമനുസരിച്ച് കമ്പ്യൂട്ടറില്‍ വായിക്ക‍ാം, പ്രിന്റ് ചെയ്യ‍ാം.

പാതഞ്ജല യോഗസൂത്രം – സമാധിപാദം

അഥ യോഗാനുശാസനം 1
അനന്തരം യോഗാനുശാസനത്തെ പറയുന്നു.

യോഗശ്ചിത്തവൃത്തിനിരോധഃ 2
യോഗമെന്നത് ചിത്തവൃത്തികളുടെ നിരോധമാകുന്നു.

തദാ ദ്രഷ്ടുഃ സ്വരൂപേവസ്ഥാനം 3
അപ്പോള്‍ ദ്രഷ്ടാവിന് സ്വരൂപത്തി‍ല്‍ സ്ഥിതി ലഭിക്കുന്നു.

വൃത്തിസാരൂപ്യം ഇതരത്ര 4
മറ്റുള്ള സമയങ്ങളില്‍ (ദ്രഷ്ടാവ്) അതാതു വൃത്തികളുടെ സ്വരൂപത്തിലാണിരിക്കുന്നത്.

വൃത്തയഃ പഞ്ചതയ്യഃ ക്ലിഷ്ടാ അക്ലിഷ്ടാഃ 5
വൃത്തികള്‍ ക്ലിഷ്ടമെന്നും അക്ലിഷ്ടമെന്നും രണ്ട് അവാന്തരവിഭാഗത്തോടുകൂടി അഞ്ചാകുന്നു.

പ്രമാണവിപര്യയവികല്പനിദ്രാസ്മൃതയഃ 6
മുന്‍പറയപ്പെട്ട അഞ്ചുതരത്തിലുള്ള വൃത്തിക‍ള്‍ 1. പ്രമാണം 2. വിപര്യയം 3. വികല്പം 4. നിദ്രാ 5. സ്മൃതി എന്നിവയാകുന്നു.

പ്രത്യക്ഷാനുമാനാഗമാഃ പ്രമാണാനി 7
പ്രമാണങ്ങള്‍ (പ്രമാണമെന്ന ഒന്നാമത്തെ വൃത്തി) പ്രത്യക്ഷം, അനുമാനം, ആഗമം എന്നിങ്ങനെ മൂന്നു പ്രകാരത്തിലാകുന്നു.

വിപര്യയോ മിഥ്യാജ്ഞാനം അതദ്രൂപപ്രതിഷ്ഠം 8
വിപരീതസ്വരൂപത്തിനെ ആധാരമാക്കിയുള്ള മിഥ്യാ-ജ്ഞാനമാണ് (തെറ്റായ അറിവാണ്) വിപര്യയം എന്ന വൃത്തി.

ശബ്ദജ്ഞാനാനുപാതീ വസ്തുശൂന്യോ വികല്പഃ 9
ശബ്ദജ്ഞാനത്തെ മാത്രം അവലംബിച്ചു കൊണ്ടുള്ളതും പദാര്‍ത്ഥരഹിതമായ വൃത്തിയാണ് വികല്പം.

അഭാവപ്രത്യയാലംബനാ വൃത്തിര്‍നിദ്രാ 10
ഒന്നിന്റെയും അറിവില്ലായ്മയെ അവലംബിച്ചു കൊണ്ടു ള്ള വൃത്തിയാണ് നിദ്ര (ഉറക്കം).

അനുഭൂതവിഷയാസംപ്രമോഷഃ സ്മൃതിഃ 11
നേരത്തെ അനുഭവിച്ചിട്ടുള്ള വിഷയങ്ങളെക്കുറിച്ചുള്ള ഓര്‍മ്മയാണ് സ്മൃതി എന്ന വൃത്തി.

അഭ്യാസവൈരാഗ്യാഭ്യ‍ാം തന്നിരോധഃ 12
അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും ഇവയെ (വൃത്തികളെ) നിരോധിക്ക‍ാം.

തത്ര സ്ഥിതൌ യത്നോഭ്യാസഃ 13
ചിത്തത്തിന്റെ സ്ഥിരതയ്ക്കു വേണ്ടി ചെയ്യപ്പെടുന്ന പ്രയത്നം അഭ്യാസമെന്നു പറയപ്പെടുന്നു.

സ തു ദീര്‍ഘകാലനൈരന്തര്യസത്കാരാസേവിതോ ദൃഢഭൂമിഃ 14
ഈ അഭ്യാസം വളരെക്കാലം ഇടവിടാതെ ആദര വോടുകൂടി ചെയ്തുകൊണ്ടിരുന്നാല്‍ ദൃഢമായിത്തീരും.

ദൃഷ്ടാനുശ്രവികവിഷയവിതൃഷ്ണസ്യ വശീകാരസംജ്ഞാ വൈരാഗ്യം 15
കണ്ടതും കേട്ടതുമായ വിഷയങ്ങളില്‍ തൃഷ്ണയില്ലാ താക്കി മനസ്സിനെ വശീക്കുന്നതിനെ വൈരാഗ്യമെന്നു പറയുന്നു.

തത്പരം പുരുഷഖ്യാതേര്‍ഗുണവൈതൃഷ്ണ്യം 16
വൈരാഗ്യത്തിന്റെ പാരമ്യമായ പരവൈരാഗ്യം എന്നത്, (പ്രകൃതിപുരുഷ വിവേചനത്തിലൂടെ) പുരുഷനെക്കുറിച്ചുള്ള ജ്ഞാനത്തെ പ്രാപിച്ച് ത്രിഗുണ ങ്ങളെ തൊടാതെ തന്നെ കഴിച്ചുകൂട്ടലാകുന്നു.

വിതര്‍ക്കവിചാരാനന്ദാസ്മിതാരൂപാനുഗമാത് സംപ്രജ്ഞാതഃ 17
വിതര്‍ക്കം, വിചാരം, ആനന്ദം, അസ്മിത എന്നീ നാലു ധര്‍മ്മങ്ങളോടു കൂടിയ ചിത്തത്തിന്റെ സമാധാനാ വസ്ഥയെ സംപ്രജ്ഞാത സമാധിയെന്നു പറയുന്നു.

വിരാമപ്രത്യയാഭ്യാസപൂര്‍വ്വഃ സംസ്കാരശേഷോന്യഃ 18
വിരാമപ്രത്യയത്തിന്റെ അഭ്യാസത്തെത്തുടര്‍ന്ന് ഏതൊന്നി‍ല്‍ ചിത്തം സംസ്കാരം മാത്രമായി അവശേ ഷിക്കുന്നുവോ അത് അസംപ്രജ്ഞാതസമാധിയാ കുന്നു. പരവൈരാഗ്യം നേടിയ ഒരാളുടെ ചിത്തം എല്ലാ നാമരൂപങ്ങളില്‍ നിന്നും സ്വയം അകന്നു മാറി നില്‍ക്കും. ഇങ്ങനെ സ്വയം ഉപരതിയെ പ്രാപിച്ച ചിത്തത്തിന്റെ നിലയെ “വിരാമപ്രത്യയം” എന്നു പറയും.

ഭവപ്രത്യയോ വിദേഹപ്രകൃതിലയാന‍ാം 19
ഭവപ്രത്യയമെന്നു പറയുന്നത് വിദേഹപ്രകൃതി-ലയങ്ങള്‍ക്കാകുന്നു. അതായത്, ദൃഢങ്ങളായ സാധനാ നുഷ്ഠാനങ്ങള്‍ കൂടാതെ ഒരാള്‍ക്ക് അസംപ്രജ്ഞാത സമാധി (പ്രകൃതിലയാവസ്ഥ) ഉണ്ടാവുകയാണെങ്കില്‍ അതിനെ ഭവപ്രത്യയമെന്നു പറയുന്നു.

ശ്രദ്ധാവീര്യസ്മൃതിസമാധിപ്രജ്ഞാപൂര്‍വ്വക ഇതരേഷ‍ാം 20
ശ്രദ്ധാ, വീര്യം, സ്മൃതി, സമാധി, പ്രജ്ഞാ എന്നിവ യോടു കൂടിയ (അഭ്യാസം കൊണ്ട്) മറ്റുള്ളവര്‍ക്ക് (യോഗാനുഭൂതി സാധിക്കുന്നു).

തീവ്രസംവേഗാന‍ാം ആസന്നഃ 21
മുന്‍പറയപ്പെട്ട സാധനാക്രമങ്ങള്‍ തീവ്രവും സുദൃഢ വുമായി അനുഷ്ഠിക്കുന്നവര്‍ക്ക് അസംപ്രജ്ഞാത സമാധി (ഇതിനെ നിര്‍ബീജ സമാധിയെന്നും പറയും) വളരെ വേഗത്തില്‍ തന്നെ സാധിക്കും.

മൃദുമധ്യാധിമാത്രത്വാത് തതോപി വിശേഷഃ 22
മന്ദ, മദ്ധ്യ, ഉച്ചവേഗത്തിലുള്ള സാധകന്മാര്‍ക്ക് ആദ്യം പറയപ്പെട്ട തീവ്ര സാധകന്മാരെ അപേക്ഷിച്ച് കാല താമസം (വിശേഷം) സംഭവിക്കുന്നു.

ഈശ്വരപ്രണിധാനാദ് വാ 23
ഈശ്വരനില്‍ സര്‍വ്വാത്മസമര്‍പ്പണരൂപമായ ഭക്തി ഉണ്ടാകുന്നതു കൊണ്ടും (അഭ്യാസവൈരാഗ്യങ്ങള്‍ക്കു മന്ദതയുണ്ടായാല്‍ കൂടി) വളരെ വേഗത്തില്‍ സിദ്ധിയെ പ്രാപിക്കാന്‍ കഴിയുന്നു.

ക്ലേശകര്‍മ്മവിപാകാശയൈരപരാമൃഷ്ടഃ പുരുഷവിശേഷ ഈശ്വരഃ 24
ഈശ്വരന്‍‍ ക്ലേശം, കര്‍മ്മം, വിപാകം, ആശയം ഇവയുടെ സംബന്ധമില്ലാത്ത പുരുഷോത്തമനാണ്.

തത്ര നിരതിശയം സര്‍വ്വജ്ഞത്വബീജം 25
ഈശ്വരനില്‍ നിരതിശയമായ (ഏറ്റവും വലുതായ) സര്‍വ്വജ്ഞബീജം (എല്ലാ അറിവിന്റെയും മൂലകാരണം) സ്ഥിതിചെയ്യുന്നു.

സ പൂര്‍വ്വേഷ‍ാം അപി ഗുരുഃ
കാലേനാനവച്ഛേദാത് 26

ഈശ്വരന്‍ കാലം കൊണ്ട് പരിമിതനല്ലാത്തതിനാ‍ല്‍ ലോകാരംഭം മുതല്ക്കുള്ള എല്ലാവര്‍ക്കും ഗുരുവാണ്.

തസ്യ വാചകഃ പ്രണവഃ 27
ആ ഈശ്വരന്റെ വാചകം (പേര്) പ്രണവം (ഓംകാരം) ആകുന്നു.

തജ്ജപസ്തദര്‍ഥഭാവനം 28
അതിന്റെ (പ്രണത്തിന്റെ) ജപവും അര്‍ത്ഥഭാവനയും (സിദ്ധിക്കു കാരണമായിത്തീരുന്നു).

തതഃ പ്രത്യക്ചേതനാധിഗമോപ്യന്തരായാഭാവശ്ച 29
അതിന്റെ ഫലമായി (മേല്‍ പറഞ്ഞ പ്രണവജപവും മറ്റും) ആത്മജ്ഞാനമുണ്ടവുകയും വിഘ്നങ്ങളില്‍ നിന്നു നിവര്‍ത്തിയുണ്ടവുകയും ചെയ്യുന്നു.

വ്യാധിസ്ത്യാനസംശയപ്രമാദാലസ്യാവിരതിഭ്രാന്തിദര്‍ശനാലബ്ധഭൂമികത്വാനവസ്ഥിതത്വാനി ചിത്തവിക്ഷേപാസ്തേന്തരായാഃ 30
മേല്‍ പറഞ്ഞ വിഘ്നങ്ങള്‍ വ്യാധി, തമസ്സ്, സംശയം, ജാഗ്രതയില്ലായ്മ, ആലസ്യം, അവിരതി (വൈരാഗ്യ മില്ലായ്മ), ഭ്രാന്തിദര്‍ശനം, യാതൊരു അനുഭൂതിയും ഉണ്ടാകാതിരിക്കുക, അനുഭൂതിയുണ്ടായാലും അതൊന്നും സ്ഥിരമായി നിലനില്ക്കാതിരിക്കുക എന്നീ ഒന്‍പതു തരത്തിലുള്ള ചിത്തവിക്ഷേപ ങ്ങളാണ്.

ദുഃഖദൌര്‍മനസ്യ‍ാംഗമേജയത്വശ്വാസപ്രശ്വാസാ വിക്ഷേപസഹഭുവഃ 31
ദുഃഖം, നിരാശ, ശരീരം വിറയ്ക്കുക, നിയന്ത്രണ മില്ലാതെയുള്ള ശ്വാസോച്ഛ്വാസങ്ങള്‍ ഇവ അഞ്ചും മേ‍ല്‍ സൂചിപ്പിച്ച വിഘ്നങ്ങളുടെ കൂടെ ഉള്ളവയാണ്.

തത്പ്രതിഷേധാര്‍ഥം ഏകതത്ത്വാഭ്യാസഃ 32
ഈ വിഘ്നങ്ങളുടെ നിവൃത്തിക്കു വേണ്ടി ഏകതത്ത്വാ ഭ്യാസം ചെയ്യേണ്ടതാണ്. ഏതെങ്കിലും ഒരു വസ്തുവില്‍ മാത്രം മനസ്സിനെ നിരന്തരം നിര്‍ത്തുന്നതാണ് ഏകതത്വാഭ്യാസം.

മൈത്രീകരുണാമുദിതോപേക്ഷണ‍ാം
സുഖദുഃഖപുണ്യാപുണ്യവിഷയാണ‍ാം ഭാവനാതശ്ചിത്തപ്രസാദനം 33

സുഖീ, ദുഃഖീ, പുണ്യാത്മാവ്, പാപി എന്നിവരോട് യഥാക്രമം മൈത്രീ, കരുണ, സന്തോഷം, ഉപേക്ഷ എന്നിവ ഭാവിക്കുന്ന വ്യക്തിയ്ക്ക് ചിത്തശുദ്ധി കൈ വരുന്നു.

പ്രച്ഛര്‍ദ്ദനവിധാരണാഭ്യ‍ാം വാ പ്രാണസ്യ 34
അല്ലെങ്കില്‍ ശരീരാന്തര്‍ഭാഗത്തു വെച്ച് ദുഷിച്ച പ്രാണവായുവിനെ ഇടയ്ക്കിടയ്ക്ക് പുറത്തുവിടുകയും ശുദ്ധവായുവിനെ ഉള്‍ക്കൊള്ളുകയം ചെയ്യുന്നതു കൊണ്ടും ചിത്തശുദ്ധിയുണ്ടാവുന്നു.

വിഷയവതീ വാ പ്രവൃത്തിരുത്പന്നാ മനസഃ സ്ഥിതിനിബന്ധിനീ 35
അല്ലെങ്കില്‍ അസാധാരണമായ ഇന്ദ്രിയാനുഭവങ്ങ‍ള്‍ – ദിവ്യസുഗന്ധം, നാദം, എന്നീ അനുഭവങ്ങള്‍ – ഉണ്ടാവു കയാണെങ്കില്‍ അത് മനസ്സിന് സ്ഥിരതയുണ്ടാക്കി ത്തീര്‍ക്കും (യോഗമാര്‍ഗ്ഗത്തി‍ല്‍ ഉറച്ചുനില്ക്കാ‍ന്‍ സഹായകമായതു കൊണ്ട്).

വിശോകാ വാ ജ്യോതിഷ്മതീ 36
അല്ലെങ്കില്‍ ശോകാദിവികാരങ്ങളി‍ല്‍ നിന്നും മുക്തമാകുമ്പോള്‍ മനസ്സ് പ്രകാശമാനകുന്നതും യോഗമാര്‍ഗ്ഗത്തില്‍ ഉറച്ചുനില്ക്കാന്‍ സഹായകമാണ്.

വീതരാഗവിഷയം വാ ചിത്തം 37
അല്ലെങ്കില്‍ രാഗദ്വേഷങ്ങളി‍ല്‍ നിന്നും മുക്തനായ ഒരു മഹദ് വ്യക്തിയില്‍ ചിത്തത്തെ ഉറപ്പിക്കുകയും ചെയ്യ‍ാം (അതിലൂടെയും യോഗസിദ്ധി കൈവരിക്ക‍ാം).

സ്വപ്നനിദ്രാജ്ഞാനാലംബനം വാ 38
അല്ലെങ്കില്‍ സ്വപ്നം, നിദ്ര ഇവയിലുണ്ടാകുന്ന ദിവ്യാനുഭവങ്ങളില്‍ ചിത്തത്തെ ഉറപ്പിച്ചാലും അത് സ്ഥിരതയെ പ്രാപിക്കും.

യഥാഭിമതധ്യാനാദ് വാ 39
അവരവര്‍ക്ക് അഭിമതമായ വസ്തുവിന്റെ (ഇഷ്ടമൂര്‍ത്തി യുടെ) നിരന്തരധ്യാനത്താലും ചിത്തം സ്ഥിരതയെ പ്രാപിക്കും.

പരമാണു പരമമഹത്ത്വാന്തോസ്യ വശീകാരഃ 40
ചിത്തത്തെ വശീകാരം – സ്വാധീനമാക്ക‍ല്‍ – ഏറ്റവും സൂക്ഷ്മത്തില്‍ നിന്ന് തുടങ്ങി ഏറ്റവും സ്ഥൂലത്തോളം വ്യാപിച്ചു നില്‍ക്കുന്നു.

ക്ഷീണവൃത്തേരഭിജാതസ്യേവ മണേര്‍ഗ്രഹീതൃഗ്രഹണഗ്രാഹ്യേഷു
തത്സ്ഥതദഞ്ജനതാസമാപത്തിഃ 41

അഭ്യാസം ചെയ്ത് പരിപക്വത വന്ന ചിത്തത്തിന് നിര്‍മ്മലമായ സ്ഫടികത്തിനെന്ന പോലെ ധ്യേയ വസ്തുവി‍ല്‍ പരിപൂര്‍ണ്ണമായി ലയിച്ച് താദത്മ്യം സംഭവിക്കുന്നു. ഈ അവസ്ഥയ്ക്കാണ് സംപ്രജ്ഞാത സമാധിയെന്നു പറയുന്നത്.

തത്ര ശബ്ദാര്‍ഥജ്ഞാനവികല്പൈഃ സംകീര്‍ണാ സവിതര്‍ക്കാ സമാപത്തിഃ 42
അതില്‍ ശബ്ദം, അര്‍ഥം, ജ്ഞാനം ഇവയുടെ വികല്പ ങ്ങളെക്കൊണ്ട് മേല്‍ പറഞ്ഞ സംപ്രജ്ഞാത സമാധി സങ്കീര്‍ണ്ണവും (കലര്‍പ്പുള്ളത്) സവിതര്‍ക്കവും (വൃത്തി കളുള്ളത്) ആയിത്തീരുന്നു.

സ്മൃതിപരിശുദ്ധൌ സ്വരൂപശൂന്യേ വാര്‍ഥമാത്രനിര്‍ഭാസാ നിര്‍വ്വിതര്‍ക്കാ 43
ശബ്ദാദിപ്രതീതി പൂര്‍ണ്ണമായും നശിച്ച് ചിത്തം ശുദ്ധമാകുമ്പോഴോ, അല്ലെങ്കില്‍ സ്വരൂപശുദ്ധി യുണ്ടകുമ്പോഴോ (നാമരൂപാദികളെ മറന്ന് ധ്യേയൈക സ്വരൂപമായി പ്രകാശിക്കുമ്പോഴും) ധ്യേയവസ്തുവിനെ മാത്രം പ്രകാശിക്കുന്ന നിര്‍വിതര്‍ക്ക സമാധിയു ണ്ടാകുന്നു.

ഏതയൈവ സവിചാരാ നിര്‍വ്വിചാരാ ച സൂക്ഷ്മവിഷയാ വ്യാഖ്യാതാ 44
ഇത്രയും കൊണ്ടു തന്നെ, സൂക്ഷ്മവിഷയയായ (സൂക്ഷ്മധ്യേയവസ്തുക്കളില്‍ കൂടെ മാത്രം പ്രാപിക്കാ വുന്ന) സവിചാര സമാധിയും നിര്‍വ്വിചാര സമാധിയും അവയുടെ ഭാവങ്ങളും വ്യാഖ്യാനിക്കപ്പെട്ടു കഴിഞ്ഞു.

സൂക്ഷ്മവിഷയത്വം ചാലിംഗപര്യവസാനം 45
സൂക്ഷ്മവിഷയത്വം ലിംഗഭേദാദികളില്ലാത്ത അവ്യക്ത ത്തില്‍ പര്യവസാനിക്കുന്നു. അതായത് മുന്‍സൂത്ര ത്തില്‍ ’സൂക്ഷ്മങ്ങളായ ധ്യേയോപാധികളി‍ല്‍ കൂടെ’ എന്ന് പ്രതിപാദിച്ചതിന് പ്രകൃതിയില്‍ നിന്നതീതമായ വസ്തുവെന്നര്‍ത്ഥമില്ല. സൂക്ഷ്മ ശബ്ദത്തിന്റെ വ്യാപ്തി പ്രകൃതി വരെയെയുള്ളൂ.

താ ഏവ സബീജഃ സമാധിഃ 46
അവയൊക്കെയും (മേല്‍ പറഞ്ഞ നാലുതരം സമാധി കളും) സബീജസമാധികളാകുന്നു.

നിര്‍വ്വിചാരവൈശാരദ്യേധ്യാത്മപ്രസാദഃ 47
നിര്‍വ്വിചാരസമാധി ഏറ്റവും ശ്രേഷ്ഠമാകുമ്പോ‍ള്‍ അദ്ധ്യാത്മപ്രസാദമുണ്ടാകുന്നു. അതായത് ബുദ്ധി അത്യന്ത നിര്‍മ്മലവും പ്രസന്നവുമായിത്തീരുന്നു.

ഋതംഭരാ തത്ര പ്രജ്ഞാ 48
അപ്പോള്‍ ബുദ്ധി ഋതംബരയാകുന്നു, അതായത് ഒട്ടും സംശയമോ ഭ്രമമോ ഇല്ലാത്തതായിത്തീരുന്നു.

ശ്രുതാനുമാനപ്രജ്ഞാഭ്യ‍ാം അന്യവിഷയാ വിശേഷാര്‍ഥത്വാത് 49
കേട്ടു പഠിച്ചും ഊഹിച്ചും അറിയേണ്ടതിനെ അറിയുന്ന ബുദ്ധിയെ അപേക്ഷിച്ച് വിശേഷജ്ഞാനം നേടാന്‍ കഴിവുള്ളതിനാല്‍ എത്രയോ വ്യത്യസ്തമാണ് ഋതംബരാപ്രജ്ഞാ. ഇത് ഉറച്ചുകഴിഞ്ഞാല്‍ കാലം, ദേശം, ശരീരം എന്നീ തടസ്സങ്ങള്‍ നീങ്ങി എല്ല‍ാം അറിയാറായിത്തീരുന്നു.

തജ്ജഃ സംസ്കാരോന്യസംസ്കാരപ്രതിബന്ധീ 50
അതില്‍ നിന്നുണ്ടാകുന്ന സംസ്കാരം ഇതര സംസ്കാരങ്ങളെ (അവിവേകജന്യ സംസ്കാരങ്ങളെ) നശിപ്പിക്കുന്നു.

തസ്യാപി നിരോധേ സര്‍വ്വനിരോധാത് നിര്‍ബീജഃ സമാധിഃ 51
അതും നിരോധിക്കപ്പെട്ടു കഴിഞ്ഞാ‍ല്‍ എല്ല‍ാം നിരോധിക്കപ്പെട്ടു എന്നതുകൊണ്ട് സമാധി നിര്‍ബീജ മായിത്തീരുന്നു.

ഋതംബരാബുദ്ധിയുടെ പ്രഭാവം കൊണ്ട് അന്യ-സംസ്കാരങ്ങ‍ള്‍ നശിക്കുന്നു. പ്രസ്തുതബുദ്ധിയില്‍ നിന്നുണ്ടായ സംസ്കാരങ്ങള്‍ മാത്രമവശേഷിക്കുന്നു. അവയ്ക്കു മറ്റൊന്നിനോടും ചേരാനില്ലെന്നു വരുമ്പോള്‍ ക്രമേണ വിറകില്ലാത്ത അഗ്നിയെന്നാ പോലെ തന്നത്താന്‍ അടങ്ങും.

ഇതി പതഞ്ജലിവിരചിതേ യോഗസൂത്രേ
പ്രഥമഃ സമാധിപാദഃ