MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ഹനുമാന്റെ പ്രത്യാഗമനം ‍

ത്രിഭുവനമുലയെ മുഹുരൊന്നലറീടിനാന്‍
തീവ്രനാദംകേട്ടു വാനരസംഘവും
കരുതുവിനിതൊരു നിനദമാശു കേള്‍ക്കായതും
കാര്യമാഹന്ത സാധിച്ചുവരുന്നിതു
പവനസുതനതിനുനഹി സംശയം മാനസേ
പാര്‍ത്തുകാണ്‍കൊച്ച കേട്ടാലറിയാമതും
കപി നിവഹമിതി ബഹുവിധം പറയുംവിധൌ-
കാണായി തദ്രിശിരസി വാതാത്മജം
“കപിനിവഹവീരരേ! കണ്ടിതു സീതയെ
കാകുല്‍‌സ്ഥവീരനനുഗ്രഹത്താലഹം
നിശിചര വരാലയമാകിയ ലങ്കയും
നിശ്ശേഷമുദ്യാനവും ദഹിപ്പിച്ചിതു
വിബുധകുല വൈരിയാകും ദശഗ്രീവനെ
വിസ്മയമമ്മാറു കണ്ടുപറഞ്ഞിതു
ഝടിതി ദശരഥസുതനൊടിക്കഥ ചൊല്ലുവാന്‍
ജ‍ാംബവദാദികളേ നടന്നീടുവിന്‍”
അതുപൊഴുതു പവനതനയനെയുമവരാദരി-
ച്ചാലിംഗ്യ ഗാഢമാചുംബ്യവാലാഞ്ചലം
കുതുകമൊടു കപിനിചയമനിലജനെമുന്നിട്ടു-
കൂട്ടമിട്ടാര്‍ത്തു വിളിച്ചു പോയീടിനാര്‍
പ്ലവഗകുലപരിവൃഢരുമുഴറി നടകൊണ്ടു പോയ്
പ്രസ്രവണാചലം കണ്ടുമേവീടിനാര്‍
കുസുമദലഫലമധുലതാതരുപൂര്‍ണ്ണമ‍ാം
ഗുല്‍മസമാവൃതം സുഗ്രീവപാലിതം
ക്ഷുധിതപരിപീഡിതരായ കപികുലം
ക്ഷുദ്വിനാശാര്‍ത്ഥമാര്‍ത്ത്യാ പറഞ്ഞീടിനാര്‍
ഫലനികര സഹിതമിഹ മധുരമധുപൂരവും
ഭക്ഷിച്ചുദാഹവും തീര്‍ത്തുനാമൊക്കവേ
തരണിസുത സവിധമുപഗമ്യവൃത്താന്തങ്ങള്‍
താമസം കൈവിട്ടുണര്‍ത്തിക്കസാദരം
അതിനനുവദിച്ചരുളേണമെന്നാശ പൂ-
ണ്ടംഗദനോടാപക്ഷിച്ചോരനന്തരം
അതിനവനുമവരൊടുടനാജ്ഞയെച്ചെയ്കയാ-
ലാശു മഹുവനം പുക്കിതെല്ലാവരും
പരിചൊടതിമധുരമധുപാനവും ചെയ്തവര്‍
പക്വഫലങ്ങള്‍ ഭക്ഷിക്കും ദശാന്തരേ
ദധിമുഖനുമനിശമതുപാലനം ചെയ്‌വിതു-
ദാനമാനേന സുഗ്രീവസ്യശാസനാല്‍
ദധിവദനവചനമൊടു നിയതമതുകാക്കുന്ന-
ദണ്ഡധരന്മാരടുത്തു തടുക്കയാല്‍
പവനസുതമുഖകപികള്‍ മുഷ്ടിപ്രഹാരേണ-
പാഞ്ഞാര്‍ ഭയപ്പെട്ടവരുമതിദ്രുതം
ത്വരിതമഥ ദധിമുഖനുമാശു സുഗ്രീവനെ-
ത്തൂര്‍ണ്ണമാലോക്യ വൃത്താന്തങ്ങള്‍ ചൊല്ലിനാന്‍
തവമധുവനത്തിനു ഭംഗം വരുത്തിനാര്‍
താരേയനാദികളായ കപിബലം
സുചിരമതു തവ കരുണയാ പരിപാലിച്ചു
സുസ്ഥിരമാധിപത്യേന വാണേനഹം
വലമഥനസുതതനയനാദികളൊക്കവേ
വന്നു മദ്ഭൃത്യജനത്തെയും വെന്നുടന്‍
മധുവനവുമിതുപൊഴുതഴിച്ചിതെന്നിങ്ങനെ
മാതുലവാക്യമാകര്‍ണ്യ സുഗ്രീവനും
നിജമനസി മുഹുരപി വളര്‍ന്ന സന്തോഷേണ
നിര്‍മ്മലാത്മാ രാമനോടു ചൊല്ലീടിനാന്‍
പവനതനയാദികള്‍ കാര്യവും സാധിച്ചു
പാരം തെളിഞ്ഞുവരുന്നിതു നിര്‍ണ്ണയം
മധുവനമതല്ലയെന്നാകിലെന്നെ ബഹു-
മാനിയാതേ ചെന്നു കാണ്‍കയില്ലാരുമേ
അവരെ വിരവൊടു വരുവതിന്നുചൊല്ലങ്ങു ചെ-
ന്നാത്മനി ഖേദിക്കവേണ്ടാ വൃഥാ ഭവാന്‍
അവനുമതുകേട്ടുഴറിച്ചെന്നു ചൊല്ലിനാ-
നഞ്ജനാപുത്രാദികളോടു സാദരം