യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 323 [ഭാഗം 6. നിര്‍വാണ പ്രകരണം]
മഹാതരംഗഗംഭീര ഭാസുരാത്മചിദര്‍ണവഃ
രാമാഭിധോര്‍മിസ്തിമിതഃ സമ സൌമ്യോഽസി വ്യോമവത് (6/3/4)
വസിഷ്ഠന്‍ തുടര്‍ന്നു: അനേകം വിശ്വങ്ങള്‍ എണ്ണമറ്റ അലകളും ചുഴികളുമെന്നപോലെ പ്രത്യക്ഷമായി കാണപ്പെടുന്ന അനന്തമായ ബോധസമുദ്രമാണ് നീ. ഭാവാഭാവങ്ങള്‍ക്ക് അതീതനാണ് നീ. കാരണം അവ രണ്ടും വെറും മനോധാരണകളാണല്ലോ. അത്തരം എല്ലാ ഉപാധികളില്‍ നിന്നും ഉയര്‍ന്ന് എല്ലാ ദ്വന്ദതകള്‍ക്കും അതീതനായി വര്‍ത്തിക്കൂ. നിന്നിലെങ്ങിനെയാണ് വാസനകളും പരിമിതികളും നിലനില്‍ക്കുക?
‘ഇത് വാസനകളാണ്’, ‘ഇത് ജീവനാണ്’, എന്നിത്യാദി ധാരണകള്‍ ഉദിക്കുന്നത് ബോധത്തിലാണല്ലോ. അതുകൊണ്ട് ആ ധാരണകള്‍ ബോധത്തില്‍ നിന്നും വിഭിന്നമാകുന്നതെങ്ങിനെ? അല്ല, അവ ബോധവിഭിന്നമാണെങ്കില്‍ ബോധത്തില്‍ നിന്നാണവ ഉദിച്ചതെന്നു പറയുക വയ്യല്ലോ.
“രാമന്‍ എന്ന് അറിയപ്പെടുന്നയാള്‍ വാസ്തവത്തില്‍ മഹത്തും അനന്തവുമായ ബോധസാഗരമാണ്. അതില്‍ അലകളെപ്പോലെ ഉണ്ടായി മറയുന്ന മായക്കാഴ്ചകള്‍ മാത്രമാണ് എണ്ണമറ്റ വിശ്വങ്ങള്‍ . നീ അനന്തമായ ആകാശംപോലെ ബൃഹത്തും മഹത്തുമാണ്.” ആ സമ്പൂര്‍ണ്ണ സമതാഭാവത്തില്‍ , സമതുലിതാവസ്ഥയില്‍ സ്വയം അഭിരമിക്കൂ.
ചൂടില്‍ നിന്നും അഗ്നിയെ വേര്‍തിരിക്കാനാവില്ല. താമരപ്പൂവില്‍ നിന്നും സുഗന്ധം മാറ്റാനാവില്ല. കണ്‍മഷിയില്‍നിന്നും കറുപ്പോ, മഞ്ഞില്‍നിന്നു വെളുപ്പോ എടുത്തുകളയാന്‍ കഴിയില്ല. കരിമ്പിന്‍തണ്ടില്‍ നിന്നും മധുരം മാറ്റാനും തിളക്കമുറ്റ ഒരു വസ്തുവില്‍ നിന്ന് പ്രകാശത്തെ മാറ്റാനും സാദ്ധ്യമല്ല. അതുപോലെ ബോധത്തില്‍ നിന്നും വിഭിന്നമല്ല അനുഭവം.
സമുദ്രത്തില്‍ നിന്നും അലകള്‍ വിഭിന്നമല്ലാത്തതുപോലെ ലോകങ്ങള്‍ , പ്രപഞ്ചങ്ങള്‍ , ഒന്നും ബോധത്തില്‍ നിന്നും വിഭിന്നങ്ങളല്ല. അനുഭവം ബോധത്തില്‍ നിന്നും ഭിന്നമല്ല. അഹംകാരം അനുഭവത്തില്‍ നിന്നും ഭിന്നമല്ല. ജീവന്‍ അഹംകാരത്തില്‍ നിന്നും ഭിന്നമല്ല. മനസ്സ് ജീവനില്‍ നിന്നും ഭിന്നമല്ല. ഇന്ദ്രിയങ്ങള്‍ മനസ്സില്‍ നിന്നുമാണ് ഉണ്ടായത്.. ദേഹമോ, ഇന്ദ്രിയങ്ങളില്‍ നിന്നും ഭിന്നവുമല്ല. ലോകം ദേഹത്തില്‍ നിന്നും ഭിന്നമല്ല. ലോകമല്ലാതെ മറ്റൊന്നും ഇല്ലല്ലോ.
പരസ്പര ബന്ധുതയില്‍ നിലകൊള്ളുന്ന ഈ ആപേക്ഷികവൈവിദ്ധ്യങ്ങള്‍ എക്കാലവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയുടെ ചലനം ആരും തുടങ്ങിവെച്ചതല്ല. അത് ഏറെക്കാലമായിട്ടുള്ളതാണോ അതോ കുറഞ്ഞൊരു കാലമായിട്ടുള്ളതാണോ എന്ന് നമുക്ക് നിശ്ചയിക്കാനാവില്ല. വാസ്തവമെന്താണെന്നുവച്ചാല്‍ , ഇതെല്ലാം ആത്മാവ് സ്വയം അനന്തതയെ അനുഭവിക്കുന്നതല്ലാതെ മറ്റൊന്നുമല്ല എന്നതാണ്. നിശ്ശൂന്യതയില്‍ ശൂന്യതയുണ്ട്. ബ്രഹ്മത്തില്‍ ബ്രഹ്മം വ്യാപരിച്ചിരിക്കുന്നു. സത്യം സത്യത്തില്‍ പ്രഭപരത്തി നില്‍ക്കുന്നു. പൂര്‍ണ്ണതയെ പൂര്‍ണ്ണത സംപൂര്‍ണ്ണമാക്കുന്നു.
ജ്ഞാനി ഇഹലോകത്തില്‍ കഴിയുമ്പോഴും ഒന്നും ‘ചെയ്യുന്നില്ല’. ഒന്നിനായും ആഗ്രഹിക്കുന്നുമില്ല. രാമാ, ആകാശംപോലുള്ള നിര്‍മലതയില്‍ കഴിയുമ്പോഴും ബാഹ്യമായി ഉചിതകര്‍മ്മങ്ങില്‍ ഏര്‍പ്പെടുക. വിഷാദമോ അമിതാഹ്ലാദമോ ഉണ്ടാവാനിടയുള്ള അവസരങ്ങളില്‍ വെറുമൊരു മരക്കഷണംപോലെ, അചഞ്ചലനായിരിക്കുക.
തന്നെ കൊല്ലാന്‍ തുനിയുന്നവനെപ്പോലും സുഹൃത്താക്കാന്‍ കഴിയുന്നവനാണ് സത്യദര്‍ശി. അങ്ങിനെ ഇഷ്ടാനിഷ്ടങ്ങളെ (രാഗദ്വേഷങ്ങളെ) വെല്ലാന്‍ കഴിയാത്ത ആരും നമ്മുടെ ആദരവര്‍ഹിക്കുന്നില്ല. അഹംകാരപരമോ ആശാപ്രോക്തമോ ആയ കര്‍മ്മങ്ങളില്‍നിന്നും മുക്തനായി, ഒന്നിനോടും ആസക്തിയില്ലാത്തവനായി കഴിയുന്നവനാണ് ജീവന്മുക്തന്‍.. അവന്‍ ലോകത്തെ നശിപ്പിച്ചാല്‍ പോലും അവനെ ആ കര്‍മ്മം ബാധിക്കുകയില്ല. അവനില്‍ ആശാധാരണകള്‍ ഇല്ലാതായിരിക്കുന്നു. വാസനകള്‍ ഉറവ വറ്റിയൊടുങ്ങിയിരിക്കുന്നു. എല്ലാമനോപാധികളും ബന്ധനങ്ങളും ഒഴിഞ്ഞു പോയിരിക്കുന്നു. എണ്ണയില്ലാതെതന്നെ ഭംഗിയായി എരിഞ്ഞുകത്തി പ്രഭചൊരിയുന്ന ഒരു വിളക്കെന്നപോലെ സ്വയംപ്രഭനാണയാള്‍ .