ലങ്കാവിവരണം – യുദ്ധകാണ്ഡം (92)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ലങ്കാവിവരണം

ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങള്‍
ശങ്കാവിഹീനമെന്നോടറിയിക്ക നീ
കോട്ടമതില്‍കിടങ്ങെന്നിവയൊക്കവേ
കാട്ടിത്തരികവേണം വചസാ ഭവാന്‍‘
എന്നതു കേട്ടു തൊഴുതു വാതാത്മജന്‍
നന്നായ്ത്തെളിഞ്ഞുണര്‍ത്തിച്ചരുളീടിനാന്‍:
‘മധ്യേ സമുദ്രം ത്രികൂടാചലം വളര്‍-
ന്നത്യുന്നതമതിന്‍മൂര്‍ദ്ധ്നി ലങ്കാപുരം
പ്രാണഭയമില്ലയാത ജനങ്ങള്‍ക്കു
കാണ‍ാം കനകവിമാനസമാനമായ്.
വിസ്താരമുണ്ടങ്ങെഴുന്നൂറു യോജന
പുത്തന്‍കനകമതിലതിന്‍ചുറ്റുമേ
ഗോപുരം നാലുദിക്കികലുമുണ്ടതി-
ശോഭിതമായതിനേഴുനിലകളും
അങ്ങനെതന്നെയതിനുള്ളിനുള്ളിലായ്
പൊങ്ങും മതിലുകളേഴുണ്ടൊരുപോലെ
ഏഴിനും നന്നാലു ഗോപുരപംക്തിയും
ചൂഴവുമായിരുപത്തെട്ടു ഗോപുരം
എല്ലാറ്റിനും കിടങ്ങുണ്ടങ്ങാധമായ്
ചൊല്ലുവാന്‍വേല യന്ത്രപ്പാലപംക്തിയും
അണ്ടര്‍കോന്‍‌ദിക്കിലെഗ്ഗോപുരം കാപ്പതി-
നുണ്ടു നിശാചരന്മാര്‍പതിനായിരം.
ദക്ഷിണഗോപുരം രക്ഷിച്ചുനില്‍ക്കുന്ന
രക്ഷോവരരുണ്ടു നൂറായിരം സദാ
ശക്തരായ് പശ്ചിമഗോപുരം കാക്കുന്ന
നക്തഞ്ചരരുണ്ടു പത്തുനൂറായിരം
ഉത്തരഗോപുരം കാത്തുനില്പാനതി-
ശക്തരായുണ്ടൊരു കോടി നിശാചരര്‍.
ദിക്കുകള്‍നാലിലുമുള്ളതിലര്‍ദ്ധമു-
ണ്ടുഗ്രതയോടു നടുവു കാത്തീടുവാന്‍
അന്ത:പുരം കാപ്പതിന്നുമുണ്ടത്രപേര്‍
മന്ത്രശാലയ്ക്കുണ്ടതിലിരട്ടിജ്ജനം.
ഹാടകനിര്‍മ്മിതഭോജനശാലയും
നാടകശാല നടപ്പന്തല്‍പിന്നെയും
മജ്ജനശാലയും മദ്യപാനത്തിനു
നിര്‍ജ്ജനമായുള്ള നിര്‍മ്മലശാലയും
ലങ്കാവിരചിതാലങ്കാരഭേദമാ-
തങ്കാപഹം പറയാവല്ലന്തനും
തല്പുരം തന്നില്‍നീളേത്തിരഞ്ഞേനഹം
മല്പിതാവിന്‍നിയോഗേന ചെന്നേന്‍ബലാല്‍
പുഷ്പിതോദ്യാനദേശേ മനോമോഹനേ
പത്മജാദേവിയേയും കണ്ടു കൂപ്പിനേന്‍
അംഗുലീയം കൊടുത്താശു ചൂഡാരത്ന-
മിങ്ങു വാങ്ങിക്കൊണ്ടടയാളവാക്യവും
കേട്ടു വിടവഴങ്ങിച്ചു പുറപ്പെട്ടു
കാട്ടിയേന്‍പിന്നെക്കുറഞ്ഞൊരവിവേകം.
ആരാമമൊക്കെ തകര്‍ത്തതു കാക്കുന്ന
വീരരെയൊക്കെ ക്ഷണേന കൊന്നീടിനേന്‍.
രക്ഷോവരാത്മജനാകിയ ബാലക-
നക്ഷകുമാരനവനെയും കൊന്നു ഞാന്‍
എന്നു വേണ്ടാ ചുരുക്കിപ്പറഞ്ഞീടുവാന്‍
മന്നവ! ലങ്കാപുരത്തിങ്കലുള്ളതില്‍
നാലൊന്നു സൈന്യമൊടുക്കിവേഗേന പോയ്
കാലേ ദശമുഖനെക്കണ്ടു ചൊല്ലിനേന്‍
നല്ലതെല്ല‍ാം പിന്നെ, രാവണന്‍കോപേന
ചൊല്ലിനാന്‍തന്നിടെ ഭൃത്യരോ’ടിപ്പൊഴേ
കൊല്ലുക വൈകാതിവനെ’യെന്നന്നേരം
കൊല്ലുവാന്‍വന്നവരോടു വിഭീഷണന്‍
ചൊല്ലിനാനഗ്രജന്‍തന്നോടുമാദരാല്‍:
‘കൊല്ലുമാറില്ല ദൂതന്മാരെയാരുമേ
ചൊല്ലുള്ള രാജധര്‍മ്മങ്ങളറിഞ്ഞവര്‍
കൊല്ലാതയയ്ക്കടയാളപ്പെടുത്തതു
നല്ലതാകുന്നതെ’ന്നപ്പോള്‍ദശാനനന്‍
ചൊല്ലിനാന് വാലധിക്കഗ്നി കൊളുത്തുവാന്‍
സസ്നേഹവാസസാ പുച്ഛം പൊതിഞ്ഞവ-
രഗ്നികൊളുത്തിനാരപ്പോളടിയനും
ചുട്ടുപൊട്ടിച്ചേനിരുനൂറു യോജന
വട്ടമായുള്ള ലങ്കാപുരം സത്വരം
മന്നവ! ലങ്കയിലുള്ള പടയ്ല് നാ-
ലൊന്നുമൊടുക്കിനേന്‍ത്വല്പ്രസാദത്തിനാല്‍.
ഒന്നുകൊണ്ടുമിനിക്കാലവിളംബനം
നന്നല്ല പോക പുറപ്പെടുകാശു ന‍ാം.
യുദ്ധസന്നദ്ധരായ് ബദ്ധരോഷം മഹാ-
പ്രസ്ഥാനമാശു കുരു ഗുരുവിക്രമം
സംഖ്യയില്ലാതോളമുള്ള മഹാകപി-
സംഘേന ലങ്കാപുരിക്കു ശങ്കാപഹം
ലംഘനം ചെയ്തു നക്തഞ്ചരനായക-
കിങ്കരന്മാരെ ക്ഷണേന പിതൃപതി-
കിങ്കരന്മാര്‍ക്കു കൊടുത്തു ദശാനന-
ഹുങ്കൃതിയും തീര്‍ത്തു സംഗരാന്തേ ബലാല്‍
പങ്കജനേത്രയെക്കൊണ്ടുപോര‍ാം വിഭോ!
പങ്കജനേത്ര! പരംപുരുഷ! പ്രഭോ!

Close