യുദ്ധയാത്ര – യുദ്ധകാണ്ഡം (93)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

യുദ്ധയാത്ര

അഞ്ജനാനന്ദനന്‍ വാക്കുകള്‍കേട്ടഥ
സഞ്ജാതകൌതുകം സംഭാവ്യ സാദരം
അഞ്ജസാ സുഗ്രീവനോടരുള്‍ചെയ്തിതു
കഞ്ജവിലോചനനാകിയ രാഘവന്‍:
‘ഇപ്പോള്‍വിജയമുഹൂര്‍ത്തകാലം പട-
യ്ക്കുല്‍പ്പന്നമോദം പുറപ്പെടുകേവരും.
നക്ഷത്രമുത്രമതും വിജയപ്രദം
രക്ഷോജനര്‍ക്ഷമ‍ാം മൂലം ഹതിപ്രദം
ദക്ഷിണനേത്രസ്ഫുരണവുമുണ്ടു മേ
ലക്ഷണമെല്ല‍ാം നമുക്കു ജയപ്രദം
സൈന്യമെല്ല‍ാം പരിപാലിച്ചു കൊള്ളണം
സൈന്യാധിപനായ നീലന്‍മഹാബലന്‍
മുമ്പും നടുഭാഗവുമിരുഭാഗവും
പിന്‍പടയും പരിപാലിച്ചുകൊള്ളുവാന്‍
വമ്പര‍ാം വാനരന്മാരെ നിയോഗിക്ക
രംഭപ്രമാഥിപ്രമുഖരായുള്ളവര്‍
മുന്‍പില്‍ഞാന്‍മാരുതികണ്ഠവുമേറി മല്‍
പിമ്പേ സുമിത്രാത്മജനംഗദോപരി
സുഗ്രീവനെന്നെപ്പിരിയാതരികവേ
നിര്‍ഗ്ഗമിച്ചീടുക മറ്റുള്ള വീരരും
നീലന്‍ഗജന്‍ഗവയന്‍ഗവാക്ഷന്‍ബലി
ശൂലിസമാനന‍ാം മൈന്ദന്‍വിവിദനും
പങ്കജസംഭവസൂനു സുഷേണനും
തുംഗന്‍നളനും ശതബലി താരനും
ചൊല്ലുള്ള വാനരനായകന്മാരോടു
ചൊല്ലുവാനാവതല്ലാതൊരു സൈന്യവും
കൂടിപ്പുറപ്പെടുകേതുമേ വൈകരു-
താടലുണ്ടാകരുതാര്‍ക്കും വഴിക്കെടോ!’
ഇത്ഥമരുള്‍ചെയ്തു മര്‍ക്കടസൈനിക-
മദ്ധ്യേ സഹോദരനോടും രഘുപതി
നക്ഷത്രമണ്ഡലമദ്ധ്യേ വിളങ്ങുന്ന
നക്ഷത്രനാഥനും ഭാസ്കരദേവനും
ആകാശമാര്‍ഗ്ഗേ വിളങ്ങുന്നതുപോലെ
ലോകനാഥന്മാര്‍തെളിഞ്ഞു വിളങ്ങിനാര്‍.
ആര്‍ത്തു വിളിച്ചു കളിച്ചു പുളച്ചു ലോ-
കാര്‍ത്തി തീര്‍ത്തീടുവാന്‍മര്‍ക്കടസഞ്ചയം
രാത്രിഞ്ചരേശ്വരരാജ്യം പ്രതി പര-
മാസ്ഥയാ വേഗാല്‍നടന്നുതുടങ്ങിനാര്‍.
രാത്രിയിലൊക്കെ നിറഞ്ഞു പരന്നൊരു
വാര്‍ദ്ധി നടന്നങ്ങടുക്കുന്നതുപോലെ
ചാടിയുമോടിയുമോരോ വനങ്ങളില്‍
തേടിയും പക്വഫലങ്ങള്‍ഭുജിക്കയും
ശൈലവനനദീജാലങ്ങള്‍പിന്നിട്ടു
ശൈലശരീരികളായ കപികുലം
ദക്ഷിണസിന്ധുതന്നുത്തരതീരവും
പുക്കു മഹേന്ദ്രാചലാന്തികേ മേവിനാര്‍
മാരുതിതന്നുടെ കണ്ഠ്ദേശേനിന്നു
പാരിലിറങ്ങി രഘുകുലനാഥനും
താരേയകണ്ഠമമര്‍ന്ന സൌമിത്രിയും
പാരിലിഴിഞ്ഞു വണങ്ങിനാനഗ്രജം
ശ്രീരാമലക്ഷ്മണന്മാരും കപീന്ദ്രരും
വാരിധി തീരം പ്രവേശിച്ചനന്തരം
സൂര്യനും വാരിധിതന്നുടെ പശ്ചിമ-
തീരം പ്രവേശിച്ചതപ്പോള്‍നൃപാധിപന്‍
സൂര്യാത്മജനോടരുള്‍ചെയ്തിതാശു ‘ന‍ാം
വാരിയുമുത്തു സന്ധ്യാവന്ദനംചെയ്തു
വാരാന്നിധിയെക്കടപ്പാനുപായവും
ധീരരായുള്ളവരൊന്നിച്ചു മന്ത്രിച്ചു
പാരാതെ കല്പിക്കവേണമിനിയുടന്‍
വാനരസൈന്യത്തെ രക്ഷിച്ചുകൊള്ളണം
സേനാധിപന്മാര്‍കൃശാനുപുത്രാദികള്‍
രാത്രിയില്‍മായാവിശാരദന്മാരായ
രാത്രിഞ്ചരന്മാരുപദ്രവിച്ചീടുവോര്‍‘
ഏവമരുള്‍ചെയ്തു സന്ധ്യയും വന്ദിച്ചു
മേവിനാന്‍പര്‍വതാഗ്രേ രഘുനാഥനും
വാനരവൃന്ദം മകരാലയം കണ്ടു
മാനസേ ഭീതി കലര്‍ന്നു മരുവിനാര്‍
നക്രചക്രൌഘ ഭയങ്കരമെത്രയു-
മുഗ്രം വരുണാലയം ഭീമനിസ്വനം
അത്യുന്നതതരംഗാഢ്യമഗാധമി-
തുത്തരണം ചെയ്‌വതിന്നരിതാര്‍ക്കുമേ
ഇങ്ങനെയുള്ള സമുദ്രം കടന്നു ചെ-
ന്നെങ്ങനെ രാവണന്‍തന്നെ വധിക്കുന്നു?
ചിന്താപരവശന്മാരായ് കപികളു-
മന്ധബുദ്ധ്യാ രാമപാര്‍ശ്വേ മരുവിനാര്‍‌‌
ചന്ദ്രനുമപ്പോഴുദിച്ചു പൊങ്ങീടിനാന്‍
ചന്ദ്രമുഖിയെ നിരൂപിച്ചു രാമനും
ദു:ഖം കലര്‍ന്നു വിലാപം തുടങ്ങിനാ-
നൊക്കെ ലോകത്തെയനുകരിച്ചീടുവാന്‍
ദു:ഖഹര്‍ഷഭയക്രോധലോഭാദികള്‍
സൌഖ്യമദമോഹകാമജന്മാദികള്‍
അജ്ഞാനലിംഗത്തിനുള്ളവയെങ്ങനെ
സുജ്ഞാനരൂപനായുള്ള ചിദാത്മനി
സംഭവിക്കുന്നു വിചാരിച്ചു കാണ്‍കിലോ
സംഭവിക്കുന്നിതു ദേഹാഭിമാനിന‍ാം
കിം പരമാത്മനി സൌഖ്യദു:ഖാദികള്‍
സമ്പ്രസാദത്തിങ്കലില്ല രണ്ടേതുമേ
സമ്പ്രതി നിത്യമാനന്ദമാത്രം പരം
ദു:ഖാദിസര്‍വ്വവും ബുദ്ധിസംഭൂതങ്ങള്‍
മുഖ്യന‍ാം രാമന്‍പരാത്മാ പരം‌പുമാന്‍
മായാഗുണങ്ങളില്‍സംഗതനാകയാല്‍
മായവിമോഹിതന്മാര്‍ക്കു തോന്നും വൃഥാ.
ദു:ഖിയെന്നും സുഖിയെന്നുമെല്ലാമതു-
മൊക്കെയോര്‍ത്താലബുധന്മാരുടെ മതം.

Close