രാവണ കുംഭകര്‍ണ്ണ സംഭാഷണം – യുദ്ധകാണ്ഡം (95)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

രാവണ കുംഭകര്‍ണ്ണ സംഭാഷണം

നിദ്രയും കൈവിട്ടു കുംഭകര്‍ണ്ണന്‍ തദാ
വിദ്രുതമഗ്രജന്‍ തന്നെ വണങ്ങിനാന്‍
ഗാഢ ഗാഢം പുണര്‍ന്നൂഢമോദം നിജ
പീഠമതിന്മേലിരുത്തിദ്ദശാസ്യനും
വൃത്താന്തമെല്ലാമവരജന്‍ തന്നോടു
ചിത്താനുരാഗേണ കേള്‍പ്പിച്ചനന്തരം
ഉള്‍ത്താരിലുണ്ടായ ഭീതിയോടുമവന്‍
നക്തഞ്ചരാധീശ്വരനോടു ചൊല്ലിനാന്‍
“ജീവിച്ചു ഭൂമിയില്‍ വാഴ്കെന്നതില്‍ മമ
ദേവത്വമാശു കിട്ടുന്നതു നല്ലതും
ഇപ്പോള്‍ ഭവാന്‍ ചെയ്ത കര്‍മ്മങ്ങളൊക്കെയും
ത്വല്‍ പ്രാണഹാനിക്കുതന്നെ ധരിക്ക നീ
രാമന്‍ ഭവാനെ ക്ഷണം കണ്ടുകിട്ടുകില്‍
ഭൂമിയില്‍ വാഴ്വാനയയ്ക്കയില്ലെന്നുമേ
ജീവിച്ചിരിക്കയിലാഗ്രഹമുണ്ടെങ്കില്‍
സേവിച്ചുകൊള്ളുക രാമനെ നിത്യമായ്
രാമന്‍ മനുഷ്യനല്ലേക സ്വരൂപന‍ാം
ശ്രീമാന്‍ മഹാവിഷ്ണു നാരായണന്‍ പരന്‍
സീതയാകുന്നതു ലക്ഷ്മീഭഗവതി
ജാതയായാള്‍ തവനാശം വരുത്തുവാന്‍
മോഹേന നാദഭേദം കേട്ടു ചെന്നുടന്‍
ദേഹനാശം മൃഗങ്ങള്‍ക്കു വരുന്നിതു
മീനങ്ങളെല്ല‍ാം രസത്തിങ്കല്‍ മോഹിച്ചു
താനേ ബളിശം വിഴുങ്ങി മരിക്കുന്നു
അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍
മഗ്നമായ് മൃത്യുഭവിക്കുന്നിതവ്വണ്ണം
ജാനകിയെക്കണ്ടു മോഹിക്ക കാരണം
പ്രാണവിനാശം ഭവാനുമകപ്പെടും
നല്ലതല്ലേതുമെനിക്കിതെന്നുള്ളതു-
മുള്ളിലറിഞ്ഞിരിക്കുന്നതെന്നാകിലും
ചൊല്ലുമതിങ്കല്‍ മനസ്സതിന്‍ കാരണം
ചൊല്ലുവന്‍ മുന്നം കഴിഞ്ഞ ജന്മത്തിലേ
വാസനകൊണ്ടതു നീക്കരുതാര്‍ക്കുമേ-
ശാസനയാലു മടങ്ങുകയില്ലതു
വിജ്ഞാനമുള്ള ദിവ്യന്മാര്‍ക്കുപോലുമ-
റ്റജ്ഞാനികള്‍ക്കോ പറയേണ്ടതില്ലല്ലോ
കാട്ടിയതെല്ലാമപനയം നീയതു
നാട്ടിലുള്ളോര്‍ക്കുമാപത്തിനായ് നിര്‍ണ്ണയം
ഞാനിതിനിന്നിനി രാമനേയും മറ്റു
വാനരന്മാരെയൊമൊക്കെയൊടുക്കുവന്‍
ജാനകിതന്നെയനുഭവിച്ചീടു നീ
മാനസേ ഖേദമുണ്ടാകരുതേതുമേ
ദേഹത്തിനന്തരം വന്നുപോം മുന്നമേ
മോഹിച്ചതാഹന്ത! സാധിച്ചുകൊള്‍ക നീ
ഇന്ദ്രിയങ്ങള്‍ക്കു വശന‍ാം പുരുഷനു
വന്നീടുമാപത്തു നിര്‍ണ്ണയമോര്‍ത്തു കാണ്‍
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു
വന്നുകൂടും നിജ സൌഖ്യങ്ങളൊക്കവേ”
ഇന്ദ്രാരിയ‍ാം കുംഭകര്‍ണ്ണോക്തി കേട്ടള-
വിന്ദ്രജിത്തും പറഞ്ഞീടിനാനാദരാല്‍
“മാനുഷനാകിയ രാമനേയും മറ്റു
വാനരന്മാരെയൊമൊക്കെയൊടുക്കി ഞാന്‍
ആശുവരുവനനുജ്ഞയെച്ചെയ്കിലെ-“
നാശരാധീശ്വരനോടു ചൊല്ലീടിനാന്‍.

Close