യോഗവാസിഷ്ഠം നിത്യപാരായണം

വിവേകം പ്രോജ്വലിക്കാത്തപ്പോള്‍ വിഷാദം നമ്മെ വേട്ടയാടുന്നു (327)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 327 [ഭാഗം 6. നിര്‍വാണ പ്രകരണം]

കാലഃ കവലിതാനന്ദജഗത്പക്വഫലോഽപ്യയം
ഘസ്മരാചാരജഠരഃ കല്‍പൈരപി ന നൃപ്യതി (6/7/15)

വസിഷ്ഠന്‍ തുടര്‍ന്നു: മുത്തുമണിമാലകളും മറ്റാഭാരണങ്ങളും അണിഞ്ഞു വരുന്ന സുന്ദരസുഭഗകളായ സ്ത്രീകള്‍ എല്ലാം നിന്റെ സങ്കല്‍പ്പം മാത്രം. അവ കാമമാകുന്ന സമുദ്രത്തിന്‍റെ ഉപരിതലത്തിലുള്ള അലകള്‍ മാത്രമാണ് എന്നറിഞ്ഞാലും. രക്താസ്ഥിമാംസചര്‍മ്മസംഘാതമായ അവരുടെ ദേഹത്തോട് മോഹവും ആകര്‍ഷണവും തോന്നുന്നത് വെറും ഭ്രമം മൂലമാണ്. ഇതേ ഭ്രമമാണ് സ്ത്രീകളുടെ സ്തനങ്ങള്‍ക്ക് പൊന്നിന്‍കുടത്തിന്റെ ലാവണ്യവും ചുണ്ടുകള്‍ക്ക് അമൃത് ചുരത്താന്‍ കഴിവുണ്ടെന്നും തോന്നിപ്പിക്കുന്നത്. മന്ദബുദ്ധികള്‍ക്ക് അതീവമധുരതരമായി തോന്നുന്ന സമ്പത്തും ഐശ്വര്യവും കുറച്ചുകഴിയുമ്പോള്‍ സന്തോഷസന്താപങ്ങള്‍ , സുഖദുഖങ്ങള്‍ , വിജയപരാജയങ്ങള്‍ മുതലായ ദ്വന്ദശക്തികള്‍ക്ക് വശംവദമാവുന്നു. താമസിയാതെ അവ നഷ്ടപ്പെടുകയും ചെയ്യുന്നു.

ഐശ്വര്യമാര്‍ജ്ജിക്കുവാനുള്ള പ്രയത്നങ്ങള്‍ എണ്ണമറ്റ സുഖാനുഭവങ്ങളും അതിന്റെ കൂടെ ദുഖങ്ങളും പ്രദാനം ചെയ്യുന്നു. ഭ്രമാത്മകത കാലാതീതമായി ഒഴുകുന്നൊരു നദിയാണ്. വ്യര്‍ത്ഥമായ കര്‍മ്മങ്ങളും അവയുടെ പ്രതിഫലമായുണ്ടാകുന്ന പ്രതികരണങ്ങളും ചേര്‍ന്ന് ഈ നദിയിലെ ജലത്തെ പങ്കിലമാക്കിയിരിക്കുന്നു. സുഖത്തിനും സന്തോഷത്തിനും വേണ്ടി ചെയ്തുകൂട്ടുന്ന കര്‍മ്മങ്ങളുടെ പരിണിതഫലമായി ആവര്‍ത്തിച്ചുള്ള ജനന മരണങ്ങള്‍ ഉണ്ടാവുന്നു. അത്തരം കര്‍മ്മങ്ങള്‍ ശാരീരികവും മാനസികവുമായ രോഗങ്ങളുടെ പൊടിപടലങ്ങള്‍ പരത്തുന്ന ചുഴലിക്കാറ്റുപോലെയാണ്.

“ഇവയെല്ലാം കാലക്രമത്തില്‍ മരണത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. മരണത്തിനാണെങ്കില്‍ ആര്‍ത്തിയൊടുങ്ങാത്ത വിശപ്പാണ്. ഇഹലോകത്തിലെ പക്വമായ എല്ലാത്തിനെയും അത് പിടിച്ചു വിഴുങ്ങുന്നു എന്ന് തോന്നുന്നു.” വിവേകത്തിന്റെ ചന്ദ്രന്‍ ഉള്ളില്‍ പ്രോജ്വലിക്കാത്തപ്പോള്‍ വിഷാദങ്ങളും ആശങ്കകളും പ്രേതങ്ങളായി യുവത്വത്തെ വേട്ടയാടുന്നു. അങ്ങിനെ യുവാക്കള്‍ കൂടുതല്‍ സാന്ദ്രമായ ഭ്രമകല്‍പ്പനയുടെ ഇരുട്ടിലേയ്ക്ക് നീങ്ങുന്നു.

ഒരുവന്‍ അപരിഷ്കൃതരുമായവര്‍ക്കുവേണ്ടിയും മൂല്യവത്തല്ലാത്തവയെക്കുറിച്ചും നാവലച്ചു സ്വയം പരിക്ഷീണനാകുന്നു. അതേസമയം ദാരിദ്ര്യം വന്നു മൂടി അസംതൃപ്തി അതിന്റെ ആയിരം ശാഖകളോടു കൂടി വളര്‍ന്നു പന്തലിക്കുന്നു. അപ്പോഴും വെറും വ്യര്‍ത്ഥമായ ഡംഭിനാല്‍ താന്‍ വിജയംകണ്ടുവെന്നു വെറുതേ അഭിമാനിക്കുന്നു. അത് അയാളുടെ ആത്മീയ പുരോഗതിയെ തടസ്സപ്പെടുത്തി കൂടുതല്‍ ആന്ധ്യത്തിനു കാരണമാകുന്നു. എന്നാലത് സമ്മതിക്കാന്‍ അയാള്‍ തയ്യാറല്ല.

യുവത്വമാകുന്ന എലിയെപ്പിടിക്കാന്‍ വാര്‍ദ്ധക്യം എന്ന പൂച്ച ജരാനരകളാകുന്ന നഖങ്ങളുമായി എപ്പോഴും തയ്യാറായി ഇരിക്കുകയാണ്. സൃഷ്ടിക്ക് വാസ്തവത്തില്‍ ഉണ്മയൊന്നുമില്ല. എങ്കിലും അത് ഒരു വ്യര്‍ത്ഥമായ വ്യക്തിത്വം കൈക്കൊള്ളുകയാണ്. അത് ധര്‍മ്മാര്‍ത്ഥങ്ങളെ പരിപോഷിപ്പിക്കുകപോലും ചെയ്യുന്നു. സൂര്യചന്ദ്രന്മാരാകുന്ന കണ്ണുകളും ആകാശവിതാനവും എല്ലാം കൂടിച്ചേര്‍ന്ന് ലോകം ഉണ്മയാണെന്ന ഒരു പ്രതീതി ഉണ്ടാവുന്നതും എല്ലാം വെറും ഭ്രമം മാത്രമാണ്. ഈ പ്രത്യക്ഷലോകമെന്ന തടാകത്തില്‍ പൊട്ടിവിടര്‍ന്നു വളരുന്ന ആമ്പല്‍മുകുളങ്ങളാണ് ഈ ദേഹങ്ങള്‍ . അവയില്‍ തേനുണ്ണാന്‍ വരുന്ന ഈച്ചകളാണ് പ്രാണ, വ്യാന, സമാന, ഉദാനാദികള്‍ പ്രാണനുകള്‍ .

Close