യുദ്ധകാണ്ഡം

ശുകന്റെ പൂര്‍വ്വവൃത്താന്തം – യുദ്ധകാണ്ഡം (101)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ശുകന്റെ പൂര്‍വ്വവൃത്താന്തം

ബ്രാഹ്മണശ്രേഷ്ഠന്‍ പുരാ ശുകന്‍ നിര്‍മ്മലന്‍
ബ്രാഹ്മണ്യവും പരിപാലിച്ചു സന്തതം
കാനനത്തിങ്കല്‍ വാനപ്രസ്ഥനായ് മഹാ
ജ്ഞാനികളില്‍ പ്രധാനിത്യവും കൈക്കോണ്ടു
ദേവകള്‍ക്കഭ്യുതയാര്‍ത്ഥമായ് നിത്യവും
ദേവാരികള്‍ക്കു വിനാശത്തിനായ്ക്കൊണ്ടും
യാഗാദികര്‍മ്മങ്ങള്‍ ചെയ്തുമേവീടിനാന്‍,
യോഗം ധാരിച്ചു പരബ്രഹ്മ നിഷ്ഠയാ.
വൃന്ദാരകാഭ്യുദയാര്‍ത്ഥിയായ് രാക്ഷസ-
നിന്ദാപരനായ് മരുവും ദശാന്തരെ
നിര്‍ജ്ജരവൈരികുലശ്രേഷ്ഠനാകിയ
വജ്രദംഷ്ടന്‍ മഹാദുഷ്ടനിശാചരന്‍
എന്തോന്നു നല്ലു ശുകാപകാരത്തിനെ-
ന്നന്തരവും പാര്‍ത്തു പാര്‍ത്തിരിക്കും വിധൌ.
കുംഭോത്ഭവനാമഗസ്ത്യന്‍ ശൂകാശ്രമേ
സമ്പ്രാപ്തനായാനൊരു ദിവസം ബലാല്‍
സംപൂജിതനാമഗസ്ത്യതപോധനന്‍
സംഭോജനാര്‍ത്ഥം നിയന്ത്രിതനാകയാല്‍
സ്നാതും ഗതേ മുനൌ കുംഭോത്ഭവ തദാ
യാതുധാനാധിപന്‍ വജ്രദംഷ്ട്രാസുരന്‍
ചെന്നാനഗസ്ത്യരൂപം ധരിച്ചന്തരാ
ചൊന്നാന്‍ ശുകനോടു മന്ദഹാസാന്വിതം,
‘ഒട്ടുനാളുണ്ടു മ‍ാംസംകൂട്ടിയുണ്ടിട്ടു
മൃഷ്ടമായുണ്ണേണമിന്നു നമൂക്കെടൊ!
ഛാഗമ‍ാംസം വേണമല്ലൊ കറി മമ
ത്യാഗിയല്ലൊ ഭവാന്‍ ബ്രാഹ്മണസത്തമന്‍.’
എന്നളവേ ശൂകന്‍ പത്നിയോടും തഥാ
ചൊന്നാനതങ്ങനെയെന്നവളും ചൊന്നാള്‍.
മദ്ധ്യേശുകപത്നിവേഷം ധരിച്ചവന്‍
ചിത്തമോഹം വളര്‍ത്തീടിനാന്‍ മായയാ.
മര്‍ത്ത്യമ‍ാംസം വിളമ്പിക്കൊടുത്തമ്പോടു
തത്രൈവ വജ്രദംഷ്ട്രന്‍ മറഞ്ഞീടിനാന്‍
മര്‍ത്ത്യമ‍ാംസംകണ്ടു മൈത്രാവരുണിയും
ക്രുദ്ധനായ് ക്ഷിപ്രംശുകനെശ്ശപിച്ചതു:
‘മര്‍ത്തരെബ്ഭക്ഷിച്ചു രാക്ഷസനായിനി
പൃത്ഥിയില്‍ വാഴുക മത്തപോവൈഭവാല്‍.’
ഇത്ഥം ശപിച്ചിതു കേട്ടു ശുകന്‍ താനു-
‘മെത്രയും ചിത്രമിതെന്തൊരു കാരണം;
മ‍ാംസോത്തരം ഭുജിക്കേണമിനിക്കെന്നു
ശാസനചെയ്തതും മറ്റാരുമല്ലല്ലൊ
പിന്നെയതിനു കോപിച്ചുശപിച്ചതു-
മെന്നുടെ ദുഷ്കര്‍മ്മമെന്നേ പറയാവൂ.’
‘ചൊല്ലുചൊല്ലെന്തു പറഞ്ഞതു നീ സഖേ!
നല്ല വൃത്താന്തമിതെന്നോടു ചൊല്ലണം!’
എന്നതു കേട്ടു ശുകനുമഗസ്ത്യനോ-
ടന്നേരമാശു സത്യം പറഞ്ഞീടിനാന്‍:
‘മജ്ജനത്തിന്നെഴുന്നെള്ളിയ ശേഷമി-
തിജ്ജനത്തോടും വീണ്ടും വന്നരുള്‍ ചെയ്തു
വ്യഞ്ജനം മ‍ാംസസമന്വിതം വേണമെ-
ന്നഞ്ജസാ ഞാനതു കേട്ടിതു ചെയ്തതും
ഇത്ഥം ശുകോക്തികള്‍ കേട്ടൊരഗസ്ത്യനും
ചിത്തേ മുഹൂര്‍ത്തം വിചാരിച്ചരുളിനാന്‍.
വൃത്താന്തമുള്‍ക്കാമ്പുകൊണ്ടു കണ്ടോരള-
വുള്‍ത്താപമോടരുള്‍ ചെയ്താനഗസ്ത്യനും:
‘വഞ്ചിതന്മാരായ് വയം ബത! യാമിനീ-
സഞ്ചാരികളിതു ചെയ്തതു നിര്‍ണയം.
ഞാനുമതിമൂഢനായ്ച്ചമഞ്ഞേന്‍ ബലാ-
ലൂനം വരാ വിധിതന്മതമെന്നുമേ
മിഥ്യയായ് വന്നുകൂടാമമ ഭാഷിതം
സത്യപ്രധാനനല്ലോ നീയുമാകയാല്‍.
നല്ലതു വന്നു കൂടും മേലില്‍ നിര്‍ണ്ണയം
കല്യാണമായ് ശാപമോക്ഷവും നല്കൂവന്‍.
ശ്രീരാമപത്നിയെ രാവണന്‍ കൊണ്ടുപോ-
യാരാമസീമനി വച്ചു കൊള്ളും ദൃഢം.
രാവണഭൃത്യനായ് നീയും വരും ചിരം
കേവലം നീയവനിഷ്ടനായും വരും
രാഘവന്‍ വാനരസേനയുമായ് ചെന്നൊ-
രാകുലമെന്നിയേ ലങ്കാപുരാന്തികേ
നാലുപുറവും വളഞ്ഞിരിക്കുന്നൊരു-
കാലമവസ്ഥയറിഞ്ഞു വന്നീടുവാന്‍
നിന്നെയയക്കും ദശാനനനന്നു നീ
ചെന്നു വണങ്ങുക രാ‍മനെസ്സാദരം
പിന്നെ വിശേഷങ്ങളൊന്നിഴിയാതെ പോയ്-
ച്ചെന്നു ദശമുഖന്‍ തന്നോടൂ ചൊല്ലുക
രാവണനാത്മതത്ത്വോപദേശം ചെയ്തു
ദേവപ്രിയനായ് വരും പുനരാശു നീ.
രാക്ഷസഭാവമശേഷമുപേക്ഷിച്ചു
സാക്ഷാല്‍ ദ്വിജത്വവും വന്നുകൂടും ദൃഢം.’
ഇത്ഥമനുഗ്രഹിച്ചു കലശോത്ഭവന്‍
സത്യം തപോധനവാക്യം മനോഹരം.

Close