യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 330 [ഭാഗം 6. നിര്‍വാണ പ്രകരണം]

അജ്ഞാനാദ്വൃദ്ധിമായാതി തദേവ സ്യാത്ഫലം സ്ഫുടം
ജ്ഞാനേനായാതി സംവിത്തിസ്ഥാമേവാന്തേ പ്രയച്ഝതി (6/8/6)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ അജ്ഞാനമെന്ന വള്ളിച്ചെടി എങ്ങിനെയാണ് എല്ലാ ദിശകളിലേയ്ക്കും പടര്‍ന്നു വളരുന്നതെന്ന് ഞാനിനി പറഞ്ഞു തരാം. പ്രത്യക്ഷലോകമെന്ന കാട്ടില്‍ തഴച്ചുവളരുന്ന ഇതിന്റെ വേരുകള്‍ ബോധമെന്ന പര്‍വ്വതത്തിലാണ് ഉറച്ചിട്ടുള്ളത്. മൂന്നു ലോകങ്ങളുമാണതിന്റെ തടിത്തണ്ട്. പ്രപഞ്ചം മുഴുവനും അതിന്റെ തോലാണ്. അതിന്റെ വേരും കായുമാവുന്നത് സുഖദുഖങ്ങളും, ഭാവാഭാവങ്ങളും ജ്ഞാനാജ്ഞാനങ്ങളും ആണ്. ആ അജ്ഞാനം സുഖാനുഭവം സങ്കല്‍പ്പിക്കുമ്പോള്‍ സുഖാനുഭവം. മറിച്ചു സങ്കല്പ്പിക്കുമ്പോള്‍ ദുഖാനുഭവം. ഭാവസങ്കല്‍പ്പത്തില്‍ ഭാവം (ജീവികള്‍) ഉണ്ട്. അഭാവസങ്കല്‍പ്പത്തില്‍ അഭാവവുമുണ്ട്.

“ഈ അജ്ഞാനം വ്യാപരിക്കുന്നത് അജ്ഞാനം മൂലമാണ്. അത് കൂടുതല്‍ ഇരുണ്ട അജ്ഞാനത്തിനു വഴി തെളിക്കുന്നു. എന്നാല്‍ വിവേകത്തെ വിവേകം തന്നെ പരിപോഷിപ്പിക്കുന്നു. അത് ജ്ഞാനം തന്നെയായിത്തീരുന്നു.” അജ്ഞാനം മാനസികാവസ്ഥകളിലും വിശ്രമവേളകളില്‍പ്പോലും പ്രകടമാവുന്നു. എന്നാല്‍ എപ്പോഴെങ്കിലും അത് ജ്ഞാനവുമായി ബന്ധപ്പെടാന്‍ ഇടയായി സ്വയം പവിത്രമാവുകതന്നെ ചെയ്യും. എന്നാല്‍ അത് വീണ്ടും വിഷയങ്ങളിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു സംഗത്തിലാവുന്നു. അതാണ്‌ എല്ലാ വികാരങ്ങള്‍ക്കും ഇന്ദ്രിയാനുഭവങ്ങള്‍ക്കും കാരണം. ആ വള്ളിച്ചെടിയുടെ മജ്ജ പൂര്‍വ്വാനുഭവസ്മൃതികളത്രേ.

വിചാരം അല്ലെങ്കില്‍ ആത്മാന്വേഷണം ആ ചെടിയെ കാര്‍ന്നു തിന്നുന്ന ചിതലാണ്. അകാശത്തു തിളങ്ങിക്കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും അതിന്റെ പൂക്കളാണ്. മനസ്സാണീ ചെടിയെ പിടിച്ചു കുലുക്കുന്നത്. ധാരണകളാകുന്ന പക്ഷികള്‍ ഈ ചെടിയില്‍ വന്നിരിക്കുന്നു. ഇന്ദ്രിയങ്ങളാകുന്ന വിഷസര്‍പ്പങ്ങള്‍ ചെടിക്ക് ചുറ്റും വളഞ്ഞിരിക്കുന്നു. നിഷിദ്ധകര്‍മ്മങ്ങളാകുന്ന പെരുമ്പാമ്പ്‌ ഈ ചെടിയിലാണ് വസിക്കുന്നത്. സ്വര്‍ഗ്ഗത്തിന്റെ വെളിച്ചമാണിതിനെ പ്രകാശിപ്പിക്കുന്നത്. എല്ലാ ജീവികളുടെയും ജീവിതമാര്‍ഗ്ഗം ഈ ചെടിയെ അവലംബിച്ചിരിക്കുന്നു.

മൂഢനെ ഭ്രമിപ്പിക്കുവാനുതകുന്ന വസ്തുക്കള്‍ , സാധകനില്‍ വിവേകമുദിപ്പിക്കാന്‍ സഹായകമായ ഉപാധികള്‍ , എണ്ണമറ്റ ജീവജാലങ്ങള്‍ എന്നിവയാണ് ഇതിലുള്ള മറ്റു സംഗതികള്‍ . ഇതിലാണ് ജനിച്ചിട്ടുള്ളവരും ഇനി ജനിക്കാനുള്ളവരും, മരിച്ചവരും ഇനി മരിക്കാനുള്ളവരും ഇരിക്കുന്നത്. ചിലപ്പോള്‍ ഈ ചെടി ഭാഗികമായി മുറിഞ്ഞും മറ്റു ചിലപ്പോള്‍ പൂര്‍ണ്ണമായ അവസ്ഥയിലും (വിവേകം തീരെയുദിക്കാത്തവര്‍ ) ഇരിക്കുന്നു. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സാദ്ധ്യമല്ല.

ഭൂത, വര്‍ത്തമാന, ഭാവികള്‍ ഇതിലാണുളളത്. ഈ ചെടി ജീവികളുടെ വിവരം കെടുത്തുന്ന കിനാവള്ളിയാണ്. എന്നാല്‍ ദൃഢനിശ്ചയത്തോടെ അന്വേഷിക്കുമ്പോള്‍ അതിനന്ത്യമാകുന്നു. ഈ ചെടിതന്നെയാണ് മുന്‍പ് പറഞ്ഞ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളും ജീവികളുമായി പരിണമിച്ചത്‌. ഗ്രഹങ്ങളും താരകളും, ജീവികളും, ചെടികളും, പഞ്ചഭൂതങ്ങളും, സ്വര്‍ഗ്ഗവും, ഭൂമിയും, ദേവതകളും, കൃമികീടങ്ങളും എല്ലാമായി കാണുന്നത് ഈ ചെടിതന്നെയാണ്. ഇഹലോകത്തില്‍ , ഈ പ്രപഞ്ചത്തില്‍ നിലകൊള്ളുന്ന എല്ലാം ഈ അവിദ്യയാല്‍ വ്യാപരിച്ചിരിക്കുന്നു. ഇതിനപ്പുറം പോകാനായാല്‍ നിനക്ക് ആത്മജ്ഞാനം സിദ്ധമായി.