യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 331 [ഭാഗം 6. നിര്‍വാണ പ്രകരണം]
ഉദേത്യവിദ്യാ വിദ്യായാഃ സലിലാദിവ ബുദ്ബുദഃ
വിദ്യായാം ലീയതേഽവിദ്യാ പയസീവഃ ബുദ്ബുദഃ (6/9/16)
രാമന്‍ ചോദിച്ചു: ഭഗവാനേ, അങ്ങ് പറയുന്നു വിഷ്ണുവും ശിവനും പോലുള്ള ഈശ്വരന്മാര്‍ പോലും ഈ അവിദ്യയുടെ ഭാഗമാണെന്ന്. എന്നെയിതത്ഭുതപ്പെടുത്തുന്നു. ദയവായി വിശദീകരിച്ചാലും.
വസിഷ്ഠന്‍ പറഞ്ഞു: സത്ത്-ചിത്ത്-ആനന്ദം എന്ന സമ്യഗവസ്ഥ ആലോചനകള്‍ക്കും അറിവുകള്‍ക്കും അതീതമാണ്. അത് സര്‍വ്വവ്യാപിയായ പരമപ്രശാന്തതയാണ്. സങ്കല്‍പ്പങ്ങള്‍ക്കും വിവരണങ്ങള്‍ക്കും വഴങ്ങാത്തതാണതിന്റെ അര്‍ത്ഥതലങ്ങള്‍ . സങ്കല്‍പ്പ ധാരണകളുണ്ടാക്കാനുള്ള സഹജമായ കഴിവുകള്‍ സൂക്ഷ്മം, മധ്യമം, സ്ഥൂലം എന്നിങ്ങിനെ മൂന്നു തരമാണ്. പ്രജ്ഞ അവയെ സാത്വീകം, രാജസീകം, താമസം എന്ന് തിരിച്ചറിയുന്നു. ഈ മൂന്നും ചേര്‍ന്നാല്‍ പ്രകൃതിയായി.
അവിദ്യ, അല്ലെങ്കില്‍ അജ്ഞാനം ഈ പ്രകൃതിയാണ്. അതും മൂന്നു തരമാണ്. ഇവയാണ് എല്ലാ ജീവജാലങ്ങള്‍ക്കും കാരണമാകുന്നത്. അതിനപ്പുറം കടന്നാല്‍ പിന്നെ പരംപൊരുളാണ്. സത്വ, രജസ്, തമോഗുണങ്ങള്‍ക്കും സൂക്ഷ്മം, മധ്യമം, സ്ഥൂലം എന്നിങ്ങിനെ മൂന്നു ഗുണവിശേഷങ്ങളുണ്ട് – അങ്ങിനെ എല്ലാം ചേര്‍ന്ന് ഒന്‍പതു തരം ഗുണഗണങ്ങളായി. വിശ്വം മുഴുവന്‍ ഉണ്ടായത് ഈ ഒന്‍പതു ഗുണങ്ങള്‍ ചേര്‍ന്നാണ്.
മഹര്‍ഷിമാര്‍ , മുനികള്‍ , പ്രബുദ്ധര്‍ , പാതാളവാസികള്‍ , ദേവതകള്‍ , ആകാശവാസികള്‍ എന്നിവരെല്ലാം അവിദ്യയുടെ സാത്വീകഭാഗത്തില്‍ നിന്നും ഉദ്ഭൂതമായവയാണ്. ഇവരില്‍ ആകാശവാസികളും പാതാളവാസികളും മറ്റും തമസ്സ് ആകുന്നു. സാധകരും മാമുനിമാരും ചേര്‍ന്ന് രജസ്സും ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും ദേവതകളും ചേര്‍ന്ന് സാത്വീകതയും ആകുന്നു. സാത്വീകതയില്‍ എത്തിയവര്‍ക്ക് പുനര്‍ജന്മങ്ങളില്ല. അതിനാല്‍ അവരെ മുക്തരെന്നു വിളിക്കുന്നു. ലോകമുള്ളിടത്തോളം കാലം അവരും ഉണ്ട്.
മാമുനിമാരെപ്പോലുള്ള സാധകര്‍ ജീവന്മുക്തരത്രേ. അവര്‍ സമയമാകുമ്പോള്‍ തങ്ങളുടെ ദേഹമുപേക്ഷിച്ച് ദേവലോകത്ത് എത്തുന്നു. ലോകമുള്ളിടത്തോളം കാലം അവിടെക്കഴിഞ്ഞിട്ട് ഒടുവില്‍ അവര്‍ സാത്വീകരെപ്പോലെ മുക്തിയെ പ്രാപിക്കുന്നു. അങ്ങിനെ അവിദ്യയുടെ ഈ അംശംതന്നെ സ്വയം ജ്ഞാനം അല്ലെങ്കില്‍ ആത്മവിദ്യയായി തീരുകയാണ്.! “കടലില്‍ അലകള്‍ ഉണ്ടാവുന്നതുപോലെ ജ്ഞാനത്തില്‍ അജ്ഞാനം ഉണ്ടാവുന്നു. ഒടുവില്‍ അലകള്‍ കടലില്‍ അലിഞ്ഞില്ലാതാവുന്നത്പോലെ അജ്ഞാനം ജ്ഞാനത്തില്‍ വിലീനമാവുന്നു.”
അലകളും ജലവും തമ്മിലുള്ള അന്തരം വെറും വാക്കുകളില്‍ മാത്രമാണല്ലോ. ഈ അന്തരം സത്യമല്ല. വാസ്തവത്തില്‍ അജ്ഞാനം ഇല്ലാത്തതാണ്, ജ്ഞാനം പോലും ഉണ്മയല്ല. എപ്പോള്‍ ജ്ഞാനത്തെയും അജ്ഞാനത്തെയും രണ്ടായി വേറിട്ട് കാണാതിരിക്കുന്നുവോ അപ്പോള്‍ നിലനില്‍ക്കുന്നതെന്താണോ അതാണ് സത്ത. ജ്ഞാനത്തെക്കുറിച്ചുള്ള ചിന്തപോലും അവിദ്യയത്രേ. വിദ്യ, അവിദ്യ എന്നീ രണ്ടു ധാരണകളും ഒടുങ്ങിയാല്‍ ശേഷിക്കുന്നത് സത്യം. അത് ‘ഉള്ളതോ’ ‘ഇല്ലാത്തതോ’ എന്ന് നിര്‍വ്വചിക്കാന്‍ കഴിയില്ല.
അത് സര്‍വ്വശക്തമാണ്. ശൂന്യാകാശത്തെക്കാള്‍ നിശ്ശൂന്യമാണ്. എന്നാല്‍ അത് ശൂന്യമല്ല, കാരണം അത് നിറയെ ബോധമാണ്. കുടത്തിലെ ആകാശം പോലെ ഒരിക്കലും നശിപ്പിക്കാനാവാത്തതും എല്ലാടവും നിറഞ്ഞതുമാണത്. അതാണ് എല്ലാ ജീവജാലങ്ങളിലെയും ഉണ്മ. കാന്തം അതിന്റെ സാന്നിദ്ധ്യമാത്രം കൊണ്ട് ഇരുമ്പുശകലങ്ങളെ ആകര്‍ഷിച്ചു ചലിപ്പിക്കുന്നതുപോലെ ‘അത്’ പ്രപഞ്ചത്തെ അനിച്ഛാപൂര്‍വ്വം നയിക്കുന്നു. എന്നാല്‍ ‘അത്’ യാതൊന്നും ചെയ്യുന്നില്ല.