യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 332 [ഭാഗം 6. നിര്‍വാണ പ്രകരണം]

പരിജ്ഞായ പരിത്യാഗോ വാസനാനാം യ ഉത്തമഃ
സത്താസാമാന്യരൂപത്വം തത്കൈവല്യപദം വിദുഃ (6/10/14)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ പ്രത്യക്ഷലോകവും അതിലെ ചരാചരങ്ങളും ഒന്നും വാസ്തവമല്ല. ഉണ്മയല്ല. യാതൊന്നും ഭൗതികമായി സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഭാവാഭാവധാരണകളെ സൃഷ്ടിക്കുന്ന സങ്കല്‍പ്പവിശേഷം ഇല്ലെങ്കില്‍പ്പിന്നെ ഈ വ്യക്തിഗതജീവനുകള്‍ – ജീവാത്മാവ്- എന്നത് വെറും വ്യര്‍ത്ഥജല്‍പ്പനങ്ങള്‍ മാത്രമാണ്. ഹൃദയത്തിലുണ്ടാകുന്ന അവിദ്യാജന്യമായ ബന്ധങ്ങള്‍ എല്ലാം സത്തില്ലാത്തവയാണ്. നിലനില്‍പ്പില്ലാത്തവയാണ്. കയറിനെ പാമ്പായി തെറ്റിദ്ധരിച്ചുവെന്നിരിക്കിലും ആ ‘പാമ്പിന്’ ആരെയും കടിക്കാനാവില്ല.!

ആത്മവിദ്യയുടെ അഭാവമാണ് അവിദ്യ, അല്ലെങ്കില്‍ ഭ്രമം. എന്നാല്‍ ആത്മതലത്തില്‍ എത്തിയാല്‍ ഒരുവന് അന്തമില്ലാത്ത പ്രജ്ഞയും മേധാശക്തിയും സ്വായത്തമാണ്. ബോധം തന്നെത്താന്‍ ഒരു ബോധവസ്തുവായി കണക്കാക്കി സ്വയം വിഷയവും വിഷയിയും ആയാല്‍ അതും അവിദ്യ തന്നെ. ഈ വിഷയ-വിഷയീഭിന്നതയും തല്‍ജന്യമായ ബന്ധങ്ങളും നീക്കിയാല്‍ ഉള്ള സത്താണുണ്മ. വ്യക്തിത്വമാര്‍ജ്ജിച്ച മനസ്സ് മാത്രമാണ് ജീവന്‍. മനസ്സൊടുങ്ങുമ്പോള്‍ വ്യക്തിയും ഇല്ലാതാകുന്നു. വ്യക്തിഗതമനസ്സുള്ളിടത്തോളമേ അതിനു നിലനില്‍പ്പുള്ളൂ.

ഒരു കുടമുള്ളിടത്തോളം അതിനുള്ളിലെ ആകാശമെന്ന സങ്കല്‍പ്പത്തിനു സാധുതയുണ്ട്. എന്നാല്‍ ആ കുടമുടഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ അനന്തമായ ആകാശം മാത്രമേയുള്ളൂ. കുടാകാശമായി നേരത്തേയുണ്ടായിരുന്ന ആ പരിമിതാകാശവും ഇപ്പോള്‍ അനന്താകാശത്തില്‍ വിലീനമാണല്ലോ.

രാമന്‍ ചോദിച്ചു: ഭഗവാനേ, ഈ വിശ്വപ്രജ്ഞ, അല്ലെങ്കില്‍ ചൈതന്യം, എങ്ങിനെയാണ് ചൈതന്യരഹിതമായ പാറക്കല്ലുകളും മറ്റുമായി ഭവിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ഈ പാറക്കല്ലുകളിലും ബോധമുണ്ട്. എന്നാല്‍ അത് ഇനിയും ചൈതന്യവത്തായി ഉണര്‍ന്നിട്ടില്ലാത്ത അവസ്ഥയിലാണ്. എന്നാല്‍ അവ ‘നിര്‍മ്മന’മെന്ന മനസ്സില്ലാത്ത അവസ്ഥയെത്തിയിട്ടുമില്ല. അത് ദീര്‍ഘനിദ്രപോലെയാണ്. ആ തലം മുക്തിപദത്തില്‍ നിന്നും എത്രയോ ദൂരെയാണ്!

രാമന്‍ വീണ്ടും ചോദിച്ചു: എങ്കിലും അവ ധാരണകള്‍ക്കും പ്രതീതികള്‍ക്കും വശംവദമാകാതെ ദീര്‍ഘസുഷുപ്തിയില്‍ നിലകൊളളുന്നുവെങ്കില്‍ അത് മുക്തിപദത്തോട് ഏറെ അടുത്ത ഒരവസ്ഥതന്നെയാണ് എന്നെനിക്ക് തോന്നുന്നു.

വസിഷ്ഠന്‍ പറഞ്ഞു: മോക്ഷം, മുക്തി, അല്ലെങ്കില്‍ അനന്തതയെ സാക്ഷാത്കരിക്കല്‍ എന്ന് പറഞ്ഞാല്‍ വെറും അചരമായ ജീവിയായി, അചേതനമായി ഒരിടത്ത് കിടക്കുക എന്നല്ല അര്‍ത്ഥം. മോക്ഷമെന്നാല്‍ സാധനാനിരതനായ ഒരുവന്‍ ആത്മാന്വേഷണത്തിലൂടെ ലഭിക്കുന്ന അന്തരാവബോധത്തിലുണര്‍ന്ന് പരമപ്രശാന്തതയില്‍ വിലീനമാവുന്ന ഒരവസ്ഥയാണ്. “കൈവല്യം- പൂര്‍ണ്ണസ്വാതന്ത്ര്യം എന്നത് ബോധപൂര്‍വ്വമുള്ള ആത്മാന്വേഷണത്തിലൂടെ ലഭ്യമാകുന്ന, എല്ലാ മാനസികോപാധികള്‍ക്കും ഉപരിയായി നിലകൊള്ളുന്ന ശുദ്ധബുദ്ധമായ ഒരു തലമാണ്.”

ശാസ്ത്രങ്ങളില്‍ പ്രതിപാദിക്കപ്പെട്ട സത്യത്തെക്കുറിച്ച്, പ്രബുദ്ധരായ മാമുനിമാരുടെ സത്സംഗസഹായത്തോടെ സമഗ്രമായ ആത്മാന്വേഷണം നടത്തിമാത്രമേ ബ്രഹ്മത്തെ പ്രാപിക്കുവാനാവൂ എന്നാണ് ജ്ഞാനികളുടെ അഭിപ്രായം.