യുദ്ധകാണ്ഡം

രാവണന്റെ പടപ്പുറപ്പാട് – യുദ്ധകാണ്ഡം (104)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

രാവണന്റെ പടപ്പുറപ്പാട്

‘ആരേയും പോരിന്നയയ്ക്കുന്നതില്ലിനി
നേരെ പൊരുതുജയിക്കുന്നതുണ്ടല്ലോ.
നമ്മോടുകൂടെയുള്ളോര്‍ പോന്നീടുക
നമ്മുടെ തേരുംവരുത്തുകെന്നാ’നവന്‍
വെണ്മതിപോലെ കുടയും പിടിപ്പിച്ചു
പൊന്മയമായൊരു തേരില്‍ക്കരേറിനാന്‍
ആലവട്ടങ്ങളും വെണ്‍ചാമരങ്ങളും
നീലത്തഴകളും മുത്തുക്കുടകളും
ആയിരം വാജികളെക്കൊണ്ടുപൂട്ടിയ
വായുവേഗം പൂണ്ടതേരില്‍ കരയേറി
മേരുശീഖരങ്ങള്‍ പോലെകിരീടങ്ങള്‍
ഹാരങ്ങളാദിയാമാഭരണങ്ങളും
പത്തുമുഖമിരുപതു കൈകളും
ഹസ്തങ്ങളില്‍ ചാപബാണായുദ്ധങ്ങളും
നീലാദ്രിപോലെ നിശാചരനായകന്‍
കോലാഹലത്തോടുകൂടെപ്പുറപ്പെട്ടാന്‍.
ലങ്കയിലുള്ളമഹാരഥരന്മാരെല്ല‍ാം
ശങ്കാരഹിതം പുറപ്പെട്ടാരന്നേരം.
മക്കളും മന്ത്രിമാര്‍ തമ്പിമാരും മരു-
മക്കളും ബന്ധുക്കളും സൈന്യപാലരും
തിക്കിത്തിരക്കിവടക്കുഭാഗത്തുള്ള
മുഖ്യമ‍ാം ഗോപുരത്തോടെ തെരുതെരെ
വിക്രമമേറിയ നക്തഞ്ചരന്മാരെ
യൊക്കെപ്പുരോഭുവി കണ്ടു രഘുവരന്‍
മന്ദസ്മിതം ചെയ്തു നേത്രാന്തസംജ്ഞയാ
മന്ദം വിഭീഷണന്‍ തന്നോടരുള്‍ ചെയ്തു:
‘നല്ലവീരന്മാര്‍ വരുന്നതു കാണെടോ!
ചൊല്ലേണമെന്നോടിവരെയഥാഗുണം‘
എന്നതു കേട്ടുവിഭീഷണരാഘവന്‍-
തന്നോടു മന്ദസ്മിതം ചെയ്തു ചൊല്ലിനാന്‍:
ബാണചാപത്തോടുബാലാര്‍ക്ക കാന്തി പൂ-
ണ്ടാനക്കഴൂത്തില്‍ വരുന്നതകമ്പനന്‍
സിംഹധ്വജം പൂണ്ടതേരില്‍ കരയേറി
സിംഹപരാക്രമന്‍ ബാണചാപത്തൊടും
വന്നവനിന്ദ്രജിത്താകിയ രാവണ-
നന്ദനന്‍ തന്നെ മുന്നം ജയിച്ചാനവന്‍
ആയോധനത്തിനു ബാണചാപങ്ങള്‍ പൂ-
ണ്ടായതമായൊരു തേരില്‍ കരയേറി
കായം വളര്‍ന്നു വിഭൂഷണം പൂണ്ടതി-
കായന്‍ വരുന്നതു രാവണാന്തത്മകന്‍
പൊന്നണിഞ്ഞാനക്കഴുത്തില്‍ വരുന്നവ-
നുന്നതനേറ്റം മഹോദര മന്നവ!
വാജിമേലേറിപ്പരിഘം തിരിപ്പവ-
നാജി ശൂരേന്ദ്രന്‍ വിശാലന്‍ നരാന്തകന്‍.
വെള്ളെരുതിന്‍ മുകളേറി ത്രിശൂലവും
തുള്ളിച്ചിരിക്കുന്നവന്‍ ത്രിശിരസ്സല്ലോ
രാവണന്‍ തന്മകന്‍ മറ്റേതിനങ്ങേതു
ദേവാന്തകന്‍ തേരില്‍ വന്നിതു മന്നവ!
കുംഭകര്‍ണ്ണാത്മജന്‍ കുംഭമങ്ങേതവന്‍
തമ്പി നികുംഭന്‍ പരിഘായുധനല്ലോ.
ദേവകുലാന്തകനാകിയ രാവണ-
നേവരോടൂം നമ്മെ വെല്‍വാന്‍ പുറപ്പെട്ടു.‘
ഇത്ഥം വിഭീഷണന്‍ ചൊന്നതു കേട്ടതി-
നുത്തരം രാഘവന്‍ താനുമരുള്‍ ചെയ്തു:
‘യുദ്ധേ ദശമുഖനെക്കൊലചെയ്തുടന്‍
ചിത്തകോപം കളഞ്ഞീടുവതിന്നു ഞാന്‍‘
എന്നരുള്‍ ചെയ്തു നിന്നരുളുന്നേരം
വന്ന പടയോടു ചൊന്നാന്‍ ദശാസ്യനും:
‘എല്ലാവരും നാമൊഴിച്ചു പോന്നാലവര്‍
ചെല്ലുമകത്തു കടന്നൊരുഭാഗമേ
പാര്‍ത്തു ശത്രുക്കള്‍ കടന്നുകൊള്ളും മുന്നേ
കാത്തുകൊള്‍വിന്‍ നിങ്ങള്‍ ചെന്നു ലങ്കാപുരം.
യുദ്ധത്തിനിന്നു ഞാന്‍ പോരുമിവരോടൂ
ശക്തിയില്ലായ്കയില്ലിതിനേതുമേ.’
ഏവം നിയോഗിച്ചനേരം നിശാചരരേവരും
ചെന്നു ലങ്കാപുരം മേവിനാര്‍.
വൃന്ദാദികാരാതി രാവണന്‍ വാ‍നര-
വൃന്ദത്തെയെയ്തുയെറ്യ്തങ്ങ തള്ളിവിട്ടീടിനാന്‍.
വാനരേന്ദ്രന്മാരഭയം തരികെന്നു
മാനവേന്ദ്രന്‍ കാല്‍ക്കല്‍ വീണിരന്നീടിനാര്‍
വില്ലും ശരങ്ങളുമാശു കൈക്കൊണ്ടു കൌ-
സല്യാതനയനും പോരിനൊരുമിച്ചാന്‍.
‘വമ്പനായുള്ള്ഓരിവനോടു പോരിനു
മുമ്പിലടിയനനുഗ്രഹം നല്‍കണം‘.
എന്നുസൌമിത്രിയും ചെന്നിരന്നീടിനാന്‍
മന്നവന്‍ താനുമരുള്‍ ചെയ്തതിന്നേരം:
വൃത്രാരിയും പോരില്‍ വിവസ്ത്രനായ് വരും
നക്തഞ്ചരേന്ദ്രനോടേറ്റാലറിക നീ
മായയുമുണ്ടേറ്റം നിശാചരര്‍ക്കേറ്റവും
ന്യായവുമൊണ്ടിവര്‍ക്കാര്‍ക്കുമൊരിക്കലും
ചന്ദ്രചൂഡപ്രിയനാകെയുമുണ്ടവന്‍
ചന്ദ്രഹാസാഖ്യമ‍ാം വാളുമുണ്ടായുധം
എല്ല‍ാം നിരൂപിച്ചു ചിത്തമുറപ്പിച്ചു
ചെല്ലേണമല്ലൊ കലഹത്തിനെ’ന്നെല്ല‍ാം
ശിക്ഷിച്ചരുള്‍ചെയ്തയച്ചോരനന്തരം
ലക്ഷ്മണനും തൊഴുതാശു പിന്‍ വാങ്ങിനാന്‍
ജാനകിചോരനെക്കണ്ടൊരു നേരത്തു
വാനരനായകനായൊരു മാരുതി
തേര്‍ത്തടം തന്നില്‍ കുതിച്ചു വീണീടിനാ-
നാര്‍ത്തനായ് വന്നു നിശാചരനാഥനും.
ദക്ഷിണഹസ്തവുമോങ്ങിപ്പറഞ്ഞിതു;
രക്ഷോവരനോടൂമാരുതപുത്രനും:
നിര്‍ജ്ജരന്മാരേയും താപസന്മാരേയും
സജ്ജനമായ മറ്റുള്ള ജനത്തേയും
നിത്യമുപദ്രവുക്കുന്നനിനക്കു വ-
ന്നെത്തുമാപത്തു കപികുലത്താലെടോ!
നിന്നേയടീച്ചുകൊല്‍ വാന്‍ വന്നുനില്‍ക്കുന്നൊ-
രെന്നെയൊഴിച്ചുകൊല്‍ വീരനെന്നാകില്‍ നീ
വിക്രമമേറിയ നിന്നുടെ പുത്രനാ-
മക്ഷകുമാരനെക്കൊന്നതു ഞാനെടോ.’
എന്നുപറഞ്ഞോന്നടിച്ചാന്‍ കപീ‍ന്ദ്രനും
നന്നായ് വിറച്ചുവീണാന്‍ ദശകണ്ഠനും
പിന്നെയുണര്‍ന്നു ചൊന്നാനിവിടേക്കിന്നു
വന്ന കപികളില്‍ നല്ലനല്ലോ ഭവാന്‍
‘നന്മയെന്തായെതെനിക്കിന്നൈതുകൊണ്ടു
നമ്മുടെ തല്ലുകൊണ്ടാ‍ല്‍ മറ്റൊരുവരും
മൃത്യുവരാതെ ജീവിപ്പവരില്ലല്ലൊ
മൃത്യുവന്നീല നിനക്കതുകൊണ്ടുഞാന്‍
എത്രയും ദുര്‍ബലനെന്നുവന്നീ നമ്മി-
ലിത്തിരി നേരമിന്നും പൊരുതീടണം’
എന്നനേരത്തൊന്നടിച്ചാന്‍ ദശാനനന്‍
പിന്നെ മോഹിച്ചു വീണാന്‍ കപിശ്രേഷ്ഠനും
നീലനന്നേരം കുതികൊണ്ടുരാവണ-
ന്മേലെ കരേറി കിരീടങ്ങള്‍ പത്തിലും
ചാടിക്രമേണ നൃത്തം തുടങ്ങീടിനാന്‍;
പാടിത്തുടങ്ങിനാന്‍ രാവണനും തദാ.
പാവകാസ്ത്രം കൊണ്ടു പാവകപുത്രനെ
രാവണനെയ്തുടന്‍ തള്ളിവിട്ടീടിനാന്‍
തല്‍ ക്ഷണെകോപിച്ചു ലക്ഷ്മണന്‍ വേഗേന
രക്ഷോവരനെ ചെറുത്താനതു നേരം
ബാണഗണത്തെ വര്‍ഷിച്ചാനിരുവരും
കാണരുതാതെ ചമഞ്ഞിതു പോര്‍ക്കളം
വില്ലുമുറിച്ചുകളഞ്ഞിതു ലക്ഷ്മണ-
നല്ലല്‍ മുഴുത്തുനിന്നു ദശകണ്ഠനും.
പിന്നെ മയന്‍ കൊടുത്തൊരു വേള്‍ സൌമിത്രി-
തന്നുടെ മാറിലാമ്മാറു ചാട്ടീടിനാന്‍.
അസ്ത്രങ്ങള്‍ കൊണ്ടു തടുക്കരുതാഞ്ഞു സൌ-
മിത്രിയും ശക്തിയേറ്റാശു വീണീടിനാന്‍.
ആടലായ് വീണകുമാരനെച്ചെന്നെടു-
ത്തീടുബാനാശു ഭാവിച്ചു ദശാനനന്‍.
കൈലാസശൈലമെടുത്ത ദശാസ്യനു
ബാലശരീരമിളക്കരുതാഞ്ഞിതു.
രാഘവന്‍ തന്നുടെ ഗൌരവമോര്‍ത്തതി-
ലാഘവം പൂണ്ടിതു രാവണവീരനും
കണ്ടുനില്‍ക്കുന്നൊരു മാരുതപുത്രനും
മണ്ടിയണഞ്ഞൊന്നടിച്ചാന്‍ ദശാസ്യനെ
ചോരയും ഛര്‍ദ്ദിച്ചു തേരില്‍ വീണാനവന്‍
മാരുതി താനും കുമാരനെ തല്‍ക്ഷണേ
പുഷ്പസമാനമെടുത്തുകൊണ്ടാദരാല്‍
ചില്‍ പുരുഷന്‍ മുമ്പില്‍ വച്ചു വണങ്ങിനാന്‍
മാറും പിരിഞ്ഞു ദശമുഖന്‍ കയ്യിലാ-
മ്മാറു പുക്കു മയദത്തമ‍ാം ശക്തിയും.
ത്രൈലൊക്യനായകനാകിയ രാമനും
പൌലസ്ത്യനോടൂ യുദ്ധം തുടങ്ങിനാന്‍:
‘പംക്തിമുഖനോടു യുദ്ധത്തിനെന്നുടെ
കണ്ഠമേറിക്കൊണ്ടു നിന്നരുളിക്കൊള്‍ക
കുണ്ഠതയെന്നിയേ കൊല്‍ക ദശാസ്യനെ.’
മാരുതി ചൊന്നതു കേട്ടു രഘുത്തമ-
നാരുഹ്യ തല്‍ കണ്ഠദേശേ വിളങ്ങിനാന്‍
ചൊന്നാന്‍ ദശാനനന്‍ തന്നോടു രാഘവന്‍:
‘നിന്നെയടുത്തു കാണ്മാന്‍ കൊതിച്ചേന്‍ തുലൊം.
ഇന്നതിനാശു യോഗം വന്നിതാകയാല്‍
നിന്നേയും നിന്നോടു കൂടെ വന്നോരേയും
കൊന്നു ജഗത്രയം പാലിച്ചു കൊള്ളുവ-
നെന്നുടെ മുന്നിലരക്ഷണം നില്ലു നീ.’
എന്നരുള്‍ ചെയ്തു ശസ്ത്രാസ്ത്രങ്ങള്‍ തൂകിനാ-
നൊന്നിനൊന്നൊപ്പമെയ്താന്‍ ദശവക്ത്രനും
ഘോരമായ് വന്നിതു പോരുമന്നേരത്തു
വാരാന്നിധിയുമിളകി മറിയുന്നു.
മാരുതി തന്നെയുമെയ്തുമുറിച്ചിതു
ശൂരനായോരു നിശാചര നായകന്‍
ശ്രീരാമദേവനും കോപം മുഴുത്തതി-
ധീരത കൈക്കൊണ്ടെടുത്തൊരു സായകം
രക്ഷോവരനുടെ വക്ഷപ്രദേശത്തെ
ലക്ഷ്യമാക്കി പ്രയോഗിച്ചാനതിദ്രുതം,
ആലസ്യമായിതു ബാണമേറ്റന്നേരം
പൌലസ്ത്യചാപവും വീണിതു ഭൂതലേ.
നക്തഞ്ചരാധിപനായ ദശാസ്യനു
ശക്തിക്ഷയം കണ്ടു സത്വരം രാഘവന്‍
തേരും കൊടിയും കുടയും കുതിരയും
ചാരുകിരീടങ്ങളും കളഞ്ഞീടിനാന്‍
സാരഥിതന്നെയും കൊന്നു കളഞ്ഞള-
വാരൂഢതാപേന നിന്നു ദശാസ്യനും
രാമനും രാവണന്‍ തന്നോടരുള്‍ ചെയ്താ-
‘നാമയം പാരം നിനക്കുണ്ടു മാനസേ.
പോയാലുമിന്നു ഭയപ്പെടായ്കേതുമേ.
നീയിനി ലങ്കയില്‍ച്ചെന്നങ്ങിരുന്നാലും
ആയുധവാഹനത്തോടൊരുമ്പെട്ടുകൊ-
ണ്ടായോധനത്തിനു നാളെ വരേണം നീ.’
കാകുലസ്ഥവാക്കുകള്‍ കേട്ടു ഭയപ്പെട്ടു
വേഗത്തിലങ്ങു നടന്നു ദശാനനന്‍.
രാഘവാസ്ത്രം തുടരെത്തുടര്‍ന്നുണ്ടെന്നൊ-
രാകുലം പൂണ്ടു തിരിഞ്ഞു നോക്കിത്തുലോം
വേപഥുഗാത്രനായ് മന്ദിരം പ്രാപിച്ചു
താപമുണ്ടായതു ചിന്തിച്ചു മേവിനാന്‍.

Close