യുദ്ധകാണ്ഡം

കുംഭകര്‍ണ്ണന്റെ നീതിവാക്യം – യുദ്ധകാണ്ഡം (105)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

കുംഭകര്‍ണ്ണന്റെ നീതിവാക്യം

മാനവേന്ദ്രന്‍ പിന്നെ ലക്ഷ്മണന്‍ തന്നെയും
വാനരരാജനാമര്‍ക്കാത്മജനേയും
രാവണബാണ വിദാരിതന്മാരായ
പാവകപുത്രാദി വാനരന്മാരെയും
സിദ്ധൌഷധം കൊണ്ടു രക്ഷിച്ചു തന്നുടെ
സിദ്ധാന്തമെല്ലാമരുള്‍ ചെയ്തു മേവിനാന്‍
രാത്രിഞ്ചരേന്ദ്രനും ഭൃത്യജനത്തൊടു
പേര്‍ത്തും നിജാര്‍ത്തികളോര്‍ത്തു ചൊല്ലീടിനാന്‍:-
“നമ്മുടെ വീര്യ ബലങ്ങളും കീര്‍ത്തിയും
നന്മയുമര്‍ത്ഥപുരുഷകാരാദിയും
നഷ്ടമായ് വന്നിതൊടുങ്ങി സുകൃതവും
കഷ്ടകാലം നമുക്കാഗതം നിശ്ചയം
വേധാവു താനുമനാരണ്യ ഭൂപനും
വേദവതിയും മഹാനന്ദികേശനും
രംഭയും പിന്നെ നളകൂബരാദിയും
ജംഭാരിമുമ്പ‍ാം നിലിമ്പവരന്മാരും
കുംഭോല്‍ഭവാദികളായ മുനികളും
ശംഭുപ്രണയിനിയാകിയ ദേവിയും
പുഷ്ടതപോബലം പൂണ്ടു പാതിവ്രത്യ-
നിഷ്ഠയോടെ മരുവുന്ന സതികളും
സത്യമായ് ചൊല്ലിയ ശാപവചസ്സുകള്‍
മിഥ്യയായ് വന്നു കൂടായെന്നു നിര്‍ണ്ണയം
ചിന്തിച്ചു കാണ്മിന്‍ നമുക്കിനിയും പുന-
രെന്തോന്നു നല്ലൂ, ജയിച്ചു കൊള്‍വാനഹോ!
കാലാരിതുല്യനാകും കുംഭകര്‍ണ്ണനെ-
ക്കാലം കളയാതുണര്‍ത്തുക നിങ്ങള്‍ പോയ്
ആറുമാസം കഴിഞ്ഞെന്നിയുണര്‍ന്നീടു-
മാറില്ലുറങ്ങിത്തുടങ്ങീട്ടവനുമി-
ന്നൊന്‍പതു നാളേ കഴിഞ്ഞതുള്ളൂ നിങ്ങ-
ളന്‍പോടുണര്‍ത്തുവിന്‍ വല്ലപ്രകാരവും“
രാക്ഷസരാജനിയോഗേന ചെന്നോരോ-
രാക്ഷസരെല്ലാമൊരുമ്പെട്ടുണര്‍ത്തുവാന്‍
ആനകദുന്ദുഭിമുഖ്യവാദ്യങ്ങളു-
മാനതേര്‍ കാലാള്‍ കുതിരപ്പടകളും
കുംഭകര്‍ണ്ണോരസി പാഞ്ഞുമാര്‍ത്തും ജഗത്-
കമ്പം വരുത്തിനാരെന്തൊരു വിസ്മയം!
കുംഭസഹസ്രം ജലം ചൊരിഞ്ഞീടിനാര്‍
കുംഭകര്‍ണ്ണ ശ്രവണാന്തരേ പിന്നെയും
കുംഭീവരന്മാരെക്കൊണ്ടു നാസാരന്ധ്ര-
സംഭൂതരോമം പിടിച്ചു വലിപ്പിച്ചും
തുമ്പിക്കരമറ്റലറിയുമാനകള്‍
ജംഭാരിവൈരിക്കു കമ്പമില്ലേതുമേ
ജ്രുംഭാസമാരംഭമോടുമുണര്‍ന്നിതു
സംഭ്രമിച്ചോടിനാരശരവീരരും
കുംഭസഹസ്രം നിറച്ചുള്ള മദ്യവും
കുംഭസഹസ്രം നിറച്ചുള്ള രക്തവും
സംഭോജ്യമന്നവും കുന്നുപോലെ കണ്ടൊ-
രിമ്പം കലര്‍ന്നെഴുന്നേറ്റിരുന്നീടിനാന്‍
ക്രവ്യങ്ങളാദിയായ് മറ്റുപജീവന-
ദ്രവ്യമെല്ല‍ാം ഭുജിച്ചാനന്ദചിത്തനായ്
ശുദ്ധാചമനവും ചെയ്തിരിക്കും വിധൌ
ഭൃത്യജനങ്ങളും വന്നു വണങ്ങിനാന്‍
കാര്യങ്ങളെല്ലാമറിയിച്ചുണര്‍ത്തിയ-
കാരണവും കേട്ടു പംക്തികണ്ഠാനുജന്‍
‘എങ്കിലോ വൈരികളെക്കൊല ചെയ്തു ഞാന്‍
സങ്കടം തീര്‍ത്തു വരുവ’ നെന്നിങ്ങനെ
ചൊല്ലിപ്പുറപ്പെട്ടനേരം മഹോദരന്‍
മെല്ലെത്തൊഴുതു പറഞ്ഞാനതുനേരം:
‘ജ്യേഷ്ഠനെക്കണ്ടു തൊഴുതു വിടവാങ്ങി
വാട്ടം വരാതെ പൊയ്ക്കൊള്ളുക നല്ലതു”
ഏവം മഹോദരന്‍ ചൊന്നതു കേട്ടവന്‍
രാവണന്‍ തന്നെയും ചെന്നു വണങ്ങിനാന്‍
ഗാഢമായാലിംഗനം ചെയ്തിരുത്തീടിനാ-
നൂഢമോദം നീജ സോദരന്‍ തന്നെയും
‘ചിത്തേ ധരിച്ചതില്ലോര്‍ക്ക നീ കാര്യങ്ങള്‍
വൃത്താന്തമെങ്കിലോ കേട്ടാലുമിന്നെടോ:
സോദരി തന്നുടെ നാസകുചങ്ങളെ
ച്ഛേദിച്ചതിന്നു ഞാന്‍ ജാനകീദേവിയെ
ശ്രീരാമലക്ഷ്മണന്മാരറിയാതെ ക-
ണ്ടാരാമ സീമ്നി കൊണ്ടന്നു വെച്ചീടിനേന്‍
വാരിധിയില്‍ ചിറ കെട്ടിക്കടന്നവന്‍
പോരിന്നു വാനരസേനയുമായ് വന്നു
കൊന്നാന്‍ പ്രഹസ്താദികളെപ്പലരെയു-
മെന്നെയുമെയ്തു മുറിച്ചാന്‍ ജിതശ്രന്മം
കൊല്ലാതെ കൊന്നയച്ചാനതു കാരണ-
മല്ലല്‍ മുഴുത്തു ഞാന്‍ നിന്നേയുണര്‍ത്തിനേന്‍
മാനവന്മാരെയും വാനരന്മാരെയും
കൊന്നു നീയെന്നെ രക്ഷിച്ചു കൊള്ളേണമേ‘
എന്നതു കേട്ടു ചൊന്നാന്‍ കുംഭകര്‍ണ്ണനും
‘നന്നു നന്നെത്രയും നല്ലതേ നല്ലു കേള്‍
നല്ലതും തീയതും താനറിയാത്തവന്‍
നല്ലതറിഞ്ഞു ചൊല്ലുന്നവന്‍ ചൊല്ലുകള്‍
നല്ലവണ്ണം കേട്ടുകൊള്ളുകിലും നന്ന-
തല്ലാതവര്‍ക്കുണ്ടോ നല്ലതുണ്ടാകുന്നു?
‘സീതയെ രാമനു നല്‍കുക’ന്നിങ്ങനെ
സോദരന്‍ ചൊന്നാനതിനു കോപിച്ചു നീ
ആട്ടിക്കളഞ്ഞതു നന്നുനന്നോര്‍ത്തു കാണ്‍,
നാട്ടില്‍ നിന്നാശു വാങ്ങീ ഗുണമൊക്കവേ
നല്ലവണ്ണം വരും കാലമില്ലെന്നതും
ചൊല്ലാമതുകൊണ്ടതും കുറ്റമല്ലെടോ!
നല്ലതൊരുത്തരാലും വരുത്താവത-
ല്ലല്ലല്‍ വരുത്തുമാപത്തണയുന്ന നാള്‍
കാലദേശാവസ്ഥകളും നയങ്ങളും
മൂലവും വൈരികള്‍ കാലവും വീര്യവും
ശത്രുമിത്രങ്ങളും മദ്ധ്യസ്ഥപക്ഷവു-
മര്‍ത്ഥപുരുഷകാരാദി ഭേദങ്ങളും
നാലുപായങ്ങളുമാറുനയങ്ങളും
മേലില്‍ വരുന്നതുമൊക്കെ നിരൂപിച്ചു’
പത്ഥ്യം പറയുമമാത്യനുണ്ടെങ്കിലോ
ഭര്‍തൃസൌഖ്യം വരും, കീര്‍ത്തിയും വര്‍ദ്ധിയ്ക്കും
ഇങ്ങനെയുള്ളൊരമാത്യധര്‍മ്മം വെടി-
ഞ്ഞെങ്ങനെ രാജാവിനിഷ്ടമെന്നാലതു
കര്‍ണ്ണസുഖം വരുമാറുപറഞ്ഞു കൊ-
ണ്ടന്വഹമാത്മാഭിമാനവും ഭാവിച്ചു
മൂലവിനാശം വരുമാറു നിത്യവും
മൂഢരായുള്ളോരമാത്യജനങ്ങളില്‍
നല്ലതു കാകോളമെന്നതു ചൊല്ലുവോ-
രല്ലല്‍ വിഷ്മുണ്ടവര്‍ക്കെന്നിയില്ലല്ലോ
മൂഢര‍ാം മന്ത്രികള്‍ ചൊല്ലു കേട്ടീടുകില്‍
നാടുമായുസ്സും കുലവും നശിച്ചു പോം
നാദഭേദം കേട്ടു മോഹിച്ചു ചെന്നു ചേര്‍-
ന്നാധി മുഴുത്തു മരിക്കും മൃഗകുലം
അഗ്നിയെക്കണ്ടു മോഹിച്ചു ശാലഭണ്‍Nഅള്‍
മഗ്നരായഗ്നിയില്‍ വീണു മരിക്കുന്നു
മത്സ്യങ്ങളും രസത്തിങ്കല്‍ മോഹിച്ചു ചെ-
ന്നത്തല്‍ പെടുന്നു ബളിശം ഗ്രസിക്കയാല്‍
ആഗ്രഹമൊന്നിങ്കലേറിയാലാപത്തു-
പോക്കുവാനാവതല്ലാതവണ്ണം വരും
നമ്മുടെ വംശത്തിനും നല്ല നാട്ടിനു-
മുന്മൂലനാശം വരുത്തുവാനായല്ലോ
ജാനകി തന്നിലൊരാശയുണ്ടായതും
ഞാനറിഞ്ഞേനതു രാത്രീഞ്ചരാധിപ!
ഇന്ദ്രിയങ്ങള്‍ക്കു വശനായിരിപ്പവ-
നെന്നുമാപത്തൊഴിഞ്ഞില്ലെന്നു നിര്‍ണ്ണയം
ഇന്ദ്രിയഗ്രാമം ജയിച്ചിരിക്കുന്നവ-
നൊന്നുകൊണ്ടും വരാ നൂനമാപത്തുകള്‍
നല്ലതല്ലെന്നറിഞ്ഞിരിക്കെബ്ബലാല്‍
ചെല്ലുമൊന്നിങ്കലൊരുത്തനഭിരുചി
പൂര്‍വ്വജന്മാര്‍ജ്ജിത വാസനയാലതി-
നാവതല്ലേതുമതില്‍ വശനായ് വരും
എന്നാലതിങ്കല്‍ നിന്നാശുമനസ്സിനെ-
ത്തന്നുടെ ശാസ്ത്രവിവേകോപദേഷങ്ങള്‍
കൊണ്ടുവിധേയമാക്കിക്കൊണ്ടിരിപ്പവ-
നുണ്ടോ ജഗത്തിങ്കലാരാനുമോര്‍ക്ക നീ?
മുന്നം വിചാരകാലേ ഞാന്‍ ഭവാനോടു-
തന്നെ പറഞ്ഞതില്ലേ ഭവിഷ്യത് ഫലം?
ഇപ്പോളുപഗതമായ്‌വന്നതീശ്വര –
കല്‍പ്പിതമാര്‍ക്കും തടുക്കാവതല്ലല്ലോ
മാനുഷനല്ല രാമന്‍ പുരുഷോത്തമന്‍
നനാജഗന്മയന്‍ നാരയണന്‍ പരന്‍
സീതയാകുന്നതു യോഗമായാദേവി
ചേതസി നീ ധരിച്ചീടുകെന്നിങ്ങനെ
നിന്നോടു തന്നെ പറഞ്ഞുതന്നീലയോ
മന്നവ!മുന്നമേയെന്തതോരാഞ്ഞതും?
ഞാനൊരുനാള്‍ വിശാലയ‍ാം യഥാസുഖം
കാനനാന്തേ നരനാരായണാശ്രമേ
വാഴുന്നനേരത്തു നാരദനെപ്പരി-
തോഷേണ കണ്ടു നമസ്കരിച്ചീടിനേന്‍
ഏതൊരുദിക്കില്‍ നിന്നാഗതനായിതെ-
ന്നാദരവോടരുള്‍ ചെയ്ക മഹാമുനേ!
എന്തൊരു വൃത്താന്തമുള്ളൂ ജഗത്തിങ്ക-
ലന്തരം കൂടാതരുള്‍ചെയ്ക, യെന്നെല്ല‍ാം
ചോദിച്ച നേരത്തു നാരദനെന്നോടു
സാദരം ചൊന്നാനുദന്തങ്ങളൊക്കവേ
‘രാവണപീഡിതന്മാരായ് ചമഞ്ഞൊരു-
ദേവകളും മുനിമാരുമൊരുമിച്ചു
ദേവദേവേശന‍ാം വിഷ്ണുഭഗവാനെ-
സേവിച്ചുണര്‍ത്തിച്ചു സങ്കടമൊക്കവേ
ത്രിലോക്യകണ്ടകനാകിയ രാവണന്‍
പൌലസ്ത്യപുത്രനതീവദുഷ്ടന്‍ ഖലന്‍
ഞങ്ങളെയെല്ലാമുപദ്രവിച്ചീടുന്നി-
തെങ്ങുമിരിക്കരുതാതെചമഞ്ഞിതു
മര്‍ത്ത്യനാലെന്നിയേ മൃത്യുവില്ലെന്നതു
മുക്തം വിരിഞ്ചനാല്‍ മുന്നമേ കല്പിതം
മര്‍ത്ത്യനായ് തന്നെ പിറന്നു ഭവാനിനി
സത്യധര്‍മ്മങ്ങളെ രക്ഷിക്ക വേണമേ’
ഇത്ഥമുണര്‍ത്തിച്ചനേരം മുകുന്ദനും
ചിത്തകാരുണ്യം കലര്‍ന്നരുളിച്ചെയ്തു:
‘പൃത്ഥ്വിയില്‍ ഞാനയോദ്ധ്യായ‍ാം ദശരഥ-
പുത്രനായ് വന്നു പിറന്നിനിസ്സത്വരം
നക്തഞ്ചരാധിപന്‍ തന്നെയും നിഗ്രഹി-
ച്ചത്തല്‍ തീര്‍ത്തീടുവനിത്രിലോകത്തിങ്കല്‍
സത്യസങ്കല്‍പ്പനാമീശ്വരന്‍ തന്നുടെ
ശക്തിയോടും കൂടി രാമനായ് വന്നതും
നിങ്ങളെയെല്ലാമൊടുക്കുമവനിനി
മംഗലം വന്നുകൂടും ജഗത്തിങ്കലും’
എന്നരുള്‍ ചെയ്തു മറഞ്ഞു മഹാമുനി
നന്നായ് നിരൂപിച്ചു കൊള്‍ക നീ മാനസേ
‘രാമന്‍ പരബ്രഹ്മമായ സനാതനന്‍
കോമളനിന്ദീവരദളശ്യാമളന്‍
മായാമാനുഷ്യവേഷം പൂണ്ട രാമനെ-
ക്കായേന വാചാ മനസാ ഭജിക്ക നീ
ഭക്തി കണ്ടാല്‍ പ്രസാദിക്കും രഘുത്തമന്‍
ഭക്തിയല്ലോ മഹാജ്ഞാനമാതാവെടോ!
ഭക്തിയല്ലോ സത‍ാം മോക്ഷപ്രജായിനി
ഭക്തിഹീനന്മാര്‍ക്കു കര്‍മ്മവും നിഷ്ഫലം
സംഖ്യയില്ലാതോളമുണ്ടവതാരങ്ങള്‍
പങ്കജനേത്രന‍ാം വിഷ്ണുവിനെങ്കിലും
സംഖ്യാവത‍ാം മതം ചൊല്ലുവന്‍ നിന്നുടെ
ശങ്കയെല്ലാമകലെക്കളഞ്ഞീടുവാന്‍
രാമാവതാരസമമല്ലാതൊന്നുമേ
നാമജപത്തിനാലേ വരും മോക്ഷവും
ജ്ഞാനസ്വരൂപനാകുന്ന ശിവന്‍ പരന്‍
മാനുഷാകാരന‍ാം രാമനാകുന്നതും
താരകബ്രഹ്മമെന്നത്രെ ചൊല്ലുന്നതും
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ
രാമനെത്തന്നെ ഭജിച്ചുവിദ്വജ്ജന–
മാമയം നല്‍കുന്ന സംസാരസാഗരം
ലംഘിച്ചു രാമപാദത്തെയും പ്രാപിച്ചു
സങ്കടം തീര്‍ത്തുകൊള്ളുന്നിതു സന്തതം
ശുദ്ധതത്വന്മാര്‍ നിരന്തരം രാമനെ-
ച്ചിത്ത‍ാംബുജത്തിങ്കല്‍ നിത്യവും ധ്യാനിച്ചു
തച്ചരിത്രങ്ങളും ചൊല്ലി നാ‍മങ്ങളു-
മുച്ചരിച്ചാത്മാനമാത്മാനാകണ്ടു ക-
ണ്ടച്യുതനോടു സായൂജ്യവും പ്രാപിച്ചു
നിശ്ചലാനന്ദേ ലയിക്കുന്നിതന്വഹം
മായാവിമോഹങ്ങളെല്ല‍ാം കളഞ്ഞുടന്‍
നീയും ഭജിച്ചുകൊള്‍കാനന്ദമൂര്‍ത്തിയെ.’

Back to top button
Close