യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 336 [ഭാഗം 6. നിര്‍വാണ പ്രകരണം]

സ്വയം പ്രഭുര്‍മഹാത്മൈവ ബ്രഹ്മബ്രഹ്മവിദോ വിദുഃ
അപരിജ്ഞാതം അജ്ഞാനം അജ്ഞാനാമിതി കഥ്യതേ (6/11/47)

വസിഷ്ഠന്‍ തുടര്‍ന്നു: ഖനനം ചെയ്തെടുത്ത സ്വര്‍ണ്ണലോഹത്തിനെ അതിന്റെ തനത് ഭാവത്തില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മണ്ണുമായി കൂടിക്കലരുന്നു. അതുപോലെ ബ്രഹ്മത്തെ അങ്ങിനെത്തന്നെ അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍ അജ്ഞാനമെന്ന മാലിന്യം ഉയര്‍ന്നുപൊങ്ങിവരുന്നു. “ബ്രഹ്മജ്ഞാനമാര്‍ജ്ജിച്ചവന്‍ താന്‍ സ്വയം ഭഗവാനാണെന്നും ബ്രഹ്മമാണെന്നും പ്രഖ്യാപിക്കുന്നു. എന്നാല്‍ അജ്ഞാനിക്ക് ഈ സത്യം അറിയാന്‍ കഴിയുന്നില്ല. ഇതാണ് അവിദ്യ, അല്ലെങ്കില്‍ അജ്ഞാനം.” മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബ്രഹ്മജ്ഞാനികള്‍ പരമപുരുഷന്‍ എന്നു തിരിച്ചറിയുന്നതും അജ്ഞാനികളില്‍ അവിദ്യയായി കാണപ്പെടുന്നതും ഒരേ ഭാഗവാനാണ്.

സ്വര്‍ണ്ണത്തില്‍ പണിത ആഭരണം അതിന്റെ തനത് സ്വഭാവത്തില്‍ തിരിച്ചറിഞ്ഞാല്‍ അത് ക്ഷണത്തില്‍ സ്വര്‍ണ്ണം തന്നെയായി. അതുപോലെയാണ് ബ്രഹ്മവും. സ്വയം സര്‍വ്വപ്രഭാവനാകയാല്‍ ബ്രഹ്മത്തിന് അനിച്ഛാപൂര്‍വ്വമായിത്തന്നെ എന്ത് രൂപഭാവങ്ങള്‍ വേണമെങ്കിലും സ്വീകരിക്കാം. അതിനു കാരണങ്ങള്‍ ആവശ്യമില്ല. ബ്രഹ്മജ്ഞാനികള്‍ ബ്രഹ്മത്തെ പരമാത്മാവായി, ഭാഗവാനായി കണക്കാക്കുന്നു. കര്‍ത്താവ്, കര്‍മ്മം ക്രിയ എന്ന ത്രിപുടികളാലോ കര്‍മ്മകാരണങ്ങളാലോ ഏതെങ്കിലും മാറ്റങ്ങളാലോ ബാധിക്കപ്പെടാത്ത മഹത്തത്വമാണത്.

ഈ സത്യസാക്ഷാത്കാരമുണ്ടാകുന്നതുവരെ അജ്ഞാനിയില്‍ അത് അവിദ്യയായി നിലകൊള്ളുന്നു. സത്യജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അവിദ്യ ഇല്ലാതാവുന്നു. ഒരു ബന്ധുവിനെ തിരിച്ചറിയുന്നത്‌ വരെ അയാള്‍ മറ്റേയാള്‍ക്ക് വെറുമൊരന്യന്‍ മാത്രം. എന്നാല്‍ അയാളുമായുള്ള ബന്ധം തിരിച്ചറിയുന്നതോടെ എല്ലാ അന്യതയും ഇല്ലാതാവുന്നു.

ദ്വന്ദത വെറും മിഥ്യയാണെന്ന് അറിയുമ്പോള്‍ ബ്രഹ്മസാക്ഷാത്കാരമായി. ‘ഇത് ഞാനല്ല’ എന്ന വിവേകം ഉള്ളില്‍ ഉദിക്കുമ്പോള്‍ അഹങ്കാരത്തിന്റെ ‘അസത്തയെ’പ്പറ്റി ബോധമുണ്ടാകുന്നു. അതില്‍ നിന്നും ശരിയായ അനാസക്തി ഉണ്ടാവുന്നു. “സത്യമായും ഞാന്‍ ബ്രഹ്മം തന്നെ’ എന്ന നിറവുള്ളില്‍ ഉണര്‍ന്ന്, ആ അവബോധത്തില്‍ ആമഗ്നമാവുമ്പോള്‍ എല്ലാമെല്ലാം ആ ബോധത്തില്‍ വിലീനമാവുന്നു. ‘ഞാന്‍’, ‘നീ’, എന്ന ധാരണകള്‍ അവസാനിച്ച് സത്യത്തെ സാക്ഷാത്കരിച്ച്, എല്ലാമെല്ലാം ബ്രഹ്മം മാത്രമാണെന്ന് അങ്ങിനെ അറിവുറയ്ക്കുന്നു.

എന്നാല്‍ എന്താണീ സത്യം?

എനിക്ക് ദുഖമായോ, കര്‍മ്മങ്ങളായോ, ഭ്രമങ്ങളായോ ആശകളായോ യാതൊരു സംഗവുമില്ല. ഞാന്‍ പ്രശാന്തനാണ്. ഞാന്‍ ദു:ഖരഹിതന്‍. ഞാന്‍ ബ്രഹ്മം. ഇത് സത്യം.
ഞാന്‍ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും അതീതന്‍. എല്ലാമെല്ലാം ഞാന്‍. എനിക്ക് നേടാനും ത്യജിക്കാനും ഒന്നുമില്ല. ഞാന്‍ ബ്രഹ്മം, ഇത് സത്യം.
ഞാന്‍ രക്തം, ഞാന്‍ മാംസം, ഞാന്‍ അസ്ഥി, ഞാന്‍ ദേഹം, ഞാന്‍ ബോധം, ഞാന്‍ മനസ്സ്, ഞാന്‍ ബ്രഹ്മം. ഇത് സത്യം.
ഞാന്‍ നക്ഷത്രഖചിതമായ ആകാശം, ഞാന്‍ ശൂന്യാകാശം, ഞാന്‍ സൂര്യന്‍, വിശ്വം നിറഞ്ഞ വസ്തുക്കളെല്ലാം ഞാന്‍. ഞാന്‍ ബ്രഹ്മം, ഇത് സത്യം.
ഞാന്‍ പുല്‍ക്കൊടി, ഞാന്‍ ഭൂമി, ഞാന്‍ മരക്കുറ്റി, ഞാന്‍ വനം, ഞാന്‍ പര്‍വ്വതം, ഞാന്‍ സമുദ്രം, ഞാന്‍ അദ്വൈതമായ പരബ്രഹ്മം. ഇത് സത്യം.
ഞാനെന്ന ബോധത്തിലാണ് എല്ലാ വസ്തുക്കളും കോര്‍ത്തിണക്കിനിര്‍ത്തിയിരിക്കുന്നത്‌. എന്റെ പ്രാഭാവത്തിലാണ് അവ സ്വയം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എല്ലാറ്റിന്റെയും സത്ത ഞാനാണ്. ഇതാണ് സത്യം.

എല്ലാം ബ്രഹ്മത്തില്‍ നിലകൊള്ളുന്നു; എല്ലാം ബ്രഹ്മത്തില്‍ നിന്നുത്ഭവിക്കുന്നു; എല്ലാമെല്ലാം ബ്രഹ്മമാണ്, അത് സര്‍വ്വവ്യാപിയായ, ഏകമായ ആത്മവസ്തുവാണ്. ഇതാണ് സത്യം.