യുദ്ധകാണ്ഡം

നാരദസ്തുതി – യുദ്ധകാണ്ഡം (107)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

നാരദസ്തുതി

സിദ്ധഗന്ധര്‍വ വിദ്യാധരഗുഹ്യക-
യക്ഷഭുജംഗാപ്സരോവൃന്ദവും
കിന്നരചാരണ കിമ്പുരുഷന്മാരും
പന്നഗതാപസ ദേവസമൂഹവും
പുഷ്പവര്‍ഷം ചെയ്തു ഭക്ത്യാപുകഴ്ത്തിനാര്‍
ചില്പുരുഷം പുരുഷോത്തമമദ്വയം
ദേവമുനീശ്വരന്‍ നാരദനും തദാ
സേവാര്‍ത്ഥമമ്പോടവതരിച്ചീടിനാന്‍
രാമം ദശരഥനന്ദനമുല്പല-
ശ്യാമളം കോമളം ബാണധനുര്‍ദ്ധരം
പൂര്‍ണ്ണചന്ദ്രാനനം കാരുണ്യപീയൂഷ-
പൂര്‍ണ്ണസമുദ്രം മുകുന്ദം സദാശിവം
രാമം ജഗദഭിരാമമാത്മാരാമ-
മാമോദമാര്‍ന്നു പുകഴ്ന്നു തുടങ്ങിനാന്‍
സീതാപതേ! രാമ! രാജേന്ദ്ര! രാഘവ!
ശ്രീധര! ശ്രീനിധേ! ശ്രീപുരുഷോത്തമ!
ശ്രീരാമ! ദേവദേവേശ! ജഗന്നാഥ!
നാരായണാഖിലാധാര! നമോസ്തുതേ
വിശ്വസാക്ഷിന്‍! പരമാത്മന്‍! സനാതന!
വിശ്വമൂര്‍ത്തേ! പരബ്രഹ്മമേ! ദൈവമേ!
ദുഃഖസുഖാദികളെല്ലാമനുദിനം
കൈക്കൊണ്ടുമായയാ മാനുഷാകാരനായ്
ശുദ്ധതത്ത്വജ്ഞനായ് ജ്ഞാനസ്വരൂപനായ്
സത്യസ്വരൂപനായ് സര്‍വലോകേശനായ്
സത്വങ്ങളുള്ളിലെജ്ജീവസ്വരൂപനായ്
സത്വപ്രധ്ഹാനഗുണപ്രിയനായ് സദാ
വ്യക്തനായവ്യക്തനായതി സ്വസ്ഥനായ്
നിഷ്കളങ്കനായ് നിരാകാരനായിങ്ങനെ
നിര്‍ഗ്ഗുണനായ് നിഗമാന്തവാക്യാര്‍ത്ഥമായ്
ചിദ്ഘനതമാവായ് ശിവനായ് നിരീഹനായ്
ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും
ചക്ഷുര്‍ന്നിമീലനം കൊണ്ടു സംഹാരവും
രക്ഷയും നാനാവിധാവതാരങ്ങളാല്‍
ശിക്ഷിച്ചു ധര്‍മ്മത്തെയും പരിപാലിച്ചു
നിത്യം പുരുഷപ്രകൃതി കാലാഖ്യനായ്
ഭക്തപ്രിയന‍ാം പരമാത്മനേ നമഃ
യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും
ചേതസി താപസേന്ദ്രന്മാര്‍ നിരാശയാ
തത്സ്വ്രൂപത്തിനായ്ക്കൊണ്ടു നമസ്കാരം
ചിത്സ്വരൂപപ്രഭോ! നിത്യം നമോസ്തുതേ
നിര്‍വികാരം വിശുദ്ധജ്ഞാനരൂപിണം
സര്‍വലോകാധാരമാദ്യം നമോനമഃ
ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മറ്റൊന്നിനാല്‍
ത്വദ്ബോധമുണ്ടായ് വരികയുമില്ലല്ലോ
ത്വല്പാദപത്മങ്ങള്‍ കണ്ടു സേവിപ്പതി-
ന്നിപ്പോളെനിക്കവകാശമുണ്ടായതും
ചില്പുരുഷ! പ്രഭോ! നിങ്കൃപാവൈഭവ-
മെപ്പോഴുമ്മെന്നുള്ളില്‍ വാഴ്ക ജഗല്‍പ്പതേ!
കോപകാമദ്വേഷമത്സരകാര്‍പ്പണ്യ-
ലോഭമോഹാദി ശത്രുക്കളുണ്ടാകയാല്‍
മുക്തിമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിച്ചീടുവാന്‍
ശക്തിയുമില്ല നിന്‍ മായാബലവശാല്‍
ത്വല്‍ക്കഥാപീയൂഷപാനവും ചെയ്തുകൊ-
ണ്ടുല്‍ക്കാമ്പില്‍ നിന്നെയും ധ്യാനിച്ചനാരതം
ത്വല്പൂജയും ചെയ്തു നാമങ്ങളുച്ചരി-
ച്ചിപ്രപഞ്ചത്തിങ്കലൊക്കെ നിരന്തരം
നിന്‍ ചരിതങ്ങളും പാടിവിശുദ്ധനായ്
സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ
രാജരാജേന്ദ്ര! രഘുകുലനായക!
രാജീവലോചന! രാമ! രമാപതേ!
പാതിയും പോയിതു ഭൂഭാരമിന്നു നീ
ബാധിച്ച കുംഭകര്‍ണന്‍ തന്നെക്കൊള്‍കയാല്‍
ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ
മേഘനിനാദനെക്കൊല്ലുമയോധനേ
പിന്നെ മറ്റെന്നാള്‍ ദശഗ്രീവനെബ്‌ഭവാന്‍
കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക.
ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു
മാനവവീര! ജയിക്ക ജയിക്ക നീ”
ഇത്ഥം പറഞ്ഞു വണങ്ങിസ്തുതിച്ചതി-
ഭക്തിമാനാകിയ നാരദനും തദാ
രാഘവനോടനുവാദവും കൈക്കൊണ്ടു
വേഗേന പോയ്മറഞ്ഞീടിനാനന്നേരം.

Close