യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 338 [ഭാഗം 6. നിര്‍വാണ പ്രകരണം]
അഖിലമിദമഹം മമൈവ സര്‍വ്വം
ത്വഹമപി നാഹമഥേതരച്ച നാഹം
ഇതി വിദിതവതോ ജഗത്‌കൃതം മേ
സ്ഥിരമഥവാസ്തു ഗതജ്വരോ ഭവാമി (6/11/112)
വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാ സ്വര്‍ണ്ണാഭരണങ്ങളുടെയും സത്ത സ്വര്‍ണ്ണം തന്നെയാണെന്നതുപോലെ ദേഹത്തിലെ ശുദ്ധമായ അവബോധം ഞാനാണ്. അകത്തും പുറത്തും എല്ലാടവും വ്യാപരിച്ചിരിക്കുന്ന ആത്മാവാണ് ഞാന്‍. സ്വയം മലിനമാവാതെയും മാറ്റങ്ങള്‍ക്ക് വിധേയമാവാതെയും അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന ബോധമാണ് ഞാന്‍. ചിന്തകളെ ഫലപ്രദമാക്കുന്ന ആ പൊരുളിനെ, പ്രോജ്വലത്തായ വസ്തുക്കളുടെ ഭാസുരതയായ ആ വസ്തുവിനെ, പരമമായ ആ നേട്ടത്തെ, അവയവങ്ങളെ ചൈതന്യവത്താക്കുന്ന ആ ബോധത്തെ, എപ്പോഴും അവബോധമായുണര്‍ന്നു വിലസുന്ന ആ ആത്മാവിനെ ഞാന്‍ നമിക്കുന്നു. തികച്ചും ജാഗ്രരൂകമാണെങ്കിലും ദീര്‍ഘസുഷുപ്തിയിലെന്നവണ്ണം വികലതകളോ വിഭ്രമങ്ങളോ ബാധിക്കാതെ അണുമാത്രകളിലെല്ലാം അനവരതം കമ്പനം ചെയ്തുകൊണ്ട് നില്‍ക്കുന്ന ആ അവിച്ഛിന്നബ്രഹ്മത്തിനെന്റെ നമോവാകം.
വിശ്വത്തിലെ ഓരോരോ വസ്തുവിനും വ്യതിരിക്തമായ സ്വഭാവസവിശേഷതകള്‍ നല്‍കുന്നതും അവകളിലെല്ലാം നിലകൊണ്ടു വിളങ്ങുന്നതും ആ ബോധമാണ്. എല്ലാവര്‍ക്കും ഏറ്റവും അടുത്തുള്ളതാണതെങ്കിലും മനസ്സും ഇന്ദ്രിയങ്ങളും ഉള്ളിടത്തോളം കാലം വളരെയേറെ അകലത്താണതെന്നു തോന്നിക്കുന്ന സത്തയാണ് ബോധം.
ജാഗ്രദ്-സ്വപ്ന-സുഷുപ്തി അവസ്ഥകളിലും സജാതീയവും നിസ്തന്ദ്രവുമായ വിഷയ-വിഷയി അനുഭവങ്ങള്‍ നല്‍കുന്നതും നാലാമത്തെ അവസ്ഥയില്‍ ചിന്തകളൊടുങ്ങി, ഇഷ്ടാനിഷ്ടങ്ങള്‍ അവസാനിച്ച് വിളങ്ങുന്ന സത്ത ബോധമാണ്. ആശകളോ അഹംകാരമോ ഇല്ലാത്തതും വിഭജിക്കാനരുതാത്തതുമായ ആ ബോധത്തെ ഞാന്‍ നമിക്കുന്നു. എല്ലാവിധ വൈവിദ്ധ്യങ്ങള്‍ക്കും അതീതമാണെങ്കിലും എല്ലാറ്റിന്റെയും അന്തര്യാമിയായ ബോധത്തെ ഞാന്‍ സാക്ഷാത്ക്കരിച്ചിരിക്കുന്നു.
അനന്തകോടി ജീവജാലങ്ങള്‍ പക്ഷികളെപ്പോലെ വന്നു വീഴുന്ന പ്രപഞ്ചമെന്ന വലയാണത്. എല്ലാ ലോകങ്ങളും അവിടെയാണ് പ്രകടമാവുന്നത്. എന്നാല്‍ വാസ്തവത്തില്‍ യാതൊന്നും ഒരിക്കലും സംഭവിച്ചിട്ടില്ല തന്നെ. ആ ബോധം ഭാവാഭാവങ്ങളുടെ ഇരിപ്പിടമാണ്. എല്ലാ നന്മകളുടെയും പവിത്രതയുടെയും പരമോന്നത ഗേഹമാണ്. സ്വയം മുക്തവും എകാത്മകവും ആണെങ്കിലും അതാണ് എല്ലാ ജീവജാലങ്ങളുടെയും ഭാഗം അഭിനയിച്ചു രസിക്കുന്നത്. സ്നേഹത്തിന്റെയും ശാന്തിയുടെയും സ്രോതസ്സാണത്.
എല്ലാ ജീവജാലങ്ങളുടെയും ജീവനാണത്. മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത, ആര്‍ക്കും കവരാനാവാത്ത അമൃതാണത്. ശാശ്വതമായ സത്തയാണത്. ഇന്ദ്രിയാനുഭവങ്ങളില്‍ പ്രതിഫലിക്കപ്പെടുമെങ്കിലും അവയ്ക്ക് അനുഭവവേദ്യമല്ലാ അത്. അതില്‍ എല്ലാ ജീവികളും അഭിരമിക്കുന്നു. എന്നാല്‍ അത് സ്വയം എല്ലാ ആനന്ദാനുഭവങ്ങള്‍ക്കും അതീതമായി നിലകൊള്ളുന്നു. ഏറ്റവും മഹത്തരമാണത് – എന്നാല്‍ എല്ലാ മാഹാത്മ്യങ്ങള്‍ക്കും പുകഴുകള്‍ക്കും അതീതമാണത്.
എല്ലാം പ്രവര്‍ത്തനോന്മുഖമാക്കുന്നത് അതാണെന്ന് തോന്നുമെങ്കിലും അതൊന്നും ചെയ്യുന്നില്ല.
“ഇതെല്ലാം ഞാനാണ്; ഇതെല്ലാം എന്റേതാണ്.
ഞാന്‍ ഇല്ല; ഞാനല്ലാതെ ‘ഞാനെന്നൊരു’ സത്തയില്ല.
എന്നിലിത് അറിവായി തെളിഞ്ഞിരിക്കുന്നു
ഈ ലോകമൊരു മായക്കാഴ്ചയോ മൂല്യവത്തായ സത്തോ ആയിക്കൊള്ളട്ടെ
എനിക്ക് യാതൊരുവിധത്തിലുള്ള വ്യഥകളുമില്ല.”