യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 340 [ഭാഗം 6. നിര്‍വാണ പ്രകരണം]
സ യഥാ ജീവതി ഖഗസ്തഥേഹ യദി ജീവ്യതേ
തദ്ഭവേജ്ജീവിതം പുണ്യം ദീര്‍ഘം ചോദയമേവ ച (6/14/11)
വസിഷ്ഠന്‍ തുടര്‍ന്നു: അനന്തവും അവിച്ഛിന്നവുമായ ബോധത്തിന്റെ ഒരു മൂലയിലായി മരുമരീചികയായി പ്രത്യക്ഷലോകം നിലകൊള്ളുന്നു എന്നപോലെയാണ് കാര്യങ്ങള്‍. ഈ ലോകത്തിന്റെ കാരണമായ, സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് താമസിക്കുന്നതവിടെയാണ്. ആ ബ്രഹ്മാവിന്റെ മാനസപുത്രനാണ് ഞാന്‍. ഒരിക്കല്‍ ഞാന്‍ ഇന്ദ്രന്‍ വാഴുന്ന സ്വര്‍ഗ്ഗരാജ്യത്തുള്ളപ്പോള്‍ ദീര്‍ഘകാലം ജീവിച്ചിരുന്നവരെപ്പറ്റി നാരദാദി മുനിമാര്‍ പറയുന്ന ചില കഥകള്‍ കേട്ടിരുന്നു.
സംസാരമദ്ധ്യേ സതതപന്‍ എന്നുപേരായ ഒരു മാമുനി ഇങ്ങിനെ പറഞ്ഞു: മേരുപര്‍വ്വതത്തിന്റെ ഒരു കോണില്‍ അഭീഷ്ടങ്ങളെ സാധിപ്പിക്കുന്ന ഒരു മരമുണ്ട്. കൂടം എന്നാണതിന്റെ പേര്. അതിന്റെ ഇലകള്‍ സ്വര്‍ണ്ണംകൊണ്ടും വെള്ളികൊണ്ടും ഉള്ളവയാണ്. ആ മരത്തിന്റെ ഒരു ചില്ലയില്‍ ഭൂശുണ്ടന്‍ എന്ന് പേരായ ഒരു കാക്ക നിവസിക്കുന്നുണ്ട്. ഭുശുണ്ടന്‍ എല്ലാവിധ ആസക്തികള്‍ക്കും വിരക്തികള്‍ക്കും അതീതനായി കഴിഞ്ഞുവന്നു. ആ കാക്കയെക്കാള്‍ ആയുസ്സുള്ളതായി ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ ആരും ഉണ്ടായിരുന്നില്ല. ദീര്‍ഘായുസ്സ് മാത്രമല്ല, അയാള്‍ പ്രബുദ്ധനും പ്രശാന്തനുമായിരുന്നു താനും.
“അയാളെപ്പോലെ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ജീവിക്കാനാവുമെങ്കില്‍ അത് അതിപ്രശംസനീയവും പുണ്യപ്രദവും ആയിരിക്കും.” ഞാനീ വാക്കുകള്‍ കേട്ട് വളരെയധികം പ്രചോദിതനായി. ഉടനെതന്നെ ഞാന്‍ കാകഭുശുണ്ടനെ കാണാന്‍ പുറപ്പെട്ടു. അദ്ദേഹം ജീവിച്ചിരുന്ന മേരുപര്‍വ്വതത്തില്‍ ക്ഷണത്തില്‍ ഞാനെത്തിച്ചേര്‍ന്നു.യോഗാഭ്യാസത്തിലൂടെ തന്റെ സുഷുമ്നാനാഡിയുടെ (മേരുവെന്നും ഇതിനു പേരുണ്ട്) അഗ്രത്തുള്ള ശിരോമകുടത്തിലെ ചക്രം ഉണര്‍ന്ന യോഗിയുടെ മുഖപ്രസാദം പോലെ ആ പര്‍വ്വതം ശോഭായമാനമായിരുന്നു.
മേരുപര്‍വ്വതശിഖരം സ്വര്‍ഗ്ഗംവരെ ഉയര്‍ന്നു നിന്നു. ഇലകളും പൂക്കളും രത്നങ്ങളെപ്പോലെ തിളങ്ങുന്ന കൂടമരം ആകാശംമുട്ടെ വളര്‍ന്ന് അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അതില്‍ നിവസിക്കുന്ന യക്ഷകിന്നരന്മാര്‍ തങ്ങളുടെ മധുരാലാപനംകൊണ്ട് അവിടമാകെ മുഖരിതമാക്കിയിരുന്നു. പൂര്‍ണ്ണപ്രബുദ്ധരായ മാമുനിമാര്‍ അവരവര്‍ക്കിഷ്ടപ്പെട്ട രൂപഭാവങ്ങളില്‍ ആ മരത്തില്‍ നിവസിച്ചിരുന്നു. അളക്കാന്‍ വയ്യാത്തത്ര വലുപ്പത്തിലുള്ള ഒരു വന്മരമായിരുന്നു അത്. പലജാതി പക്ഷികള്‍ അതില്‍ പാര്‍ത്തിരുന്നു. ബ്രഹ്മാവിന്റെ വാഹനമായ അരയന്നവും അതിലുണ്ടായിരുന്നു. വേദശാസ്ത്രങ്ങളില്‍ അവഗാഹമുള്ള പക്ഷി, ശുകന്‍ അതിലുണ്ടായിരുന്നു. അഗ്നിദേവന്റെ വാഹനമാണ് ശുകന്‍. ഭഗവാന്‍ കാര്‍ത്തികേയന്റെ വാഹനമായ മയിലും അവിടെയുണ്ടായിരുന്നു. ഭരദ്വാജന്‍ എന്ന പക്ഷിയും മറ്റു കിളികളും അവിടെയുണ്ട്.
ആ മരത്തില്‍ ദൂരത്തായി ഞാന്‍ കുറെ കാക്കകളെയും കണ്ടു. അക്കൂട്ടത്തില്‍ കാകഭുശുണ്ടന്‍ പ്രശാന്തനായി ഇരിക്കുന്നു. അദ്ദേഹം സ്വയാര്‍ജ്ജിതമായ പ്രഭാപൂരത്തോടെ സുന്ദരനായി അവിടെ നിന്നു. അനേകം യുഗങ്ങള്‍ താണ്ടിയ ജീവിതമാണ് ദീര്‍ഘായുസ്സായ കാകഭുശുണ്ടന്‍റെത്. അതിനാല്‍ ഏറെ യുഗങ്ങള്‍ക്കപ്പുറം ജീവിച്ചിരുന്നവരെപ്പറ്റിപ്പോലും അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം നിശ്ശബദനായിരുന്നു. ‘ഞാന്‍, എന്റെ, തുടങ്ങിയ ഭാവങ്ങള്‍ ഇല്ലാത്ത ഭുശുണ്ടന്‍ എല്ലാവര്‍ക്കും സുഹൃത്തും ബന്ധുവും ആയിരുന്നു.