യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 342 [ഭാഗം 6. നിര്‍വാണ പ്രകരണം]

അഥേയമായയൌ താസാം കഥാവസരതഃ കഥാ
അസ്മാനുമാപതിര്‍ദേവഃ കിം പശ്യത്യവഹേലയാ (6/18/27)

ഭുശുണ്ടന്‍ പറഞ്ഞു: ഈ വിശ്വത്തില്‍ ഹരന്‍ എന്നുപേരായ ഒരു ദേവാദിദേവനുണ്ട്. സ്വര്‍ഗ്ഗത്തിലെ ദേവന്മാര്‍ക്കുപോലും ഭഗവാനായി അദ്ദേഹം വാഴുന്നു. അദ്ദേഹത്തിന്‍റെ ദേഹത്തിന്റെപകുതിഭാഗം ഭാര്യയാണ്. ഉമ. അദ്ദേഹത്തിന്‍റെ ജടാമകുടത്തില്‍ നിന്നും ഗംഗ ഒഴുകുന്നു. തലയില്‍ ചന്ദ്രക്കല തിളങ്ങുന്നു. ഭീകരനായൊരു മൂര്‍ഖന്‍ പാമ്പ്‌ അദ്ദേഹത്തിന്‍റെ കഴുത്തുചുറ്റിക്കിടക്കുന്നു. എന്നാല്‍ ചന്ദ്രനില്‍ നിന്നും ഒഴുകുന്ന അമൃതിന്റെ പ്രാബല്യം കൊണ്ട് പാമ്പിന്റെ വിഷത്തിനു വീര്യം ഇല്ലാതായിപ്പോയിരിക്കുന്നു. അദ്ദേഹത്തിന്‍റെ ദേഹമാകെ ദിവ്യമായ ഭസ്മം കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അതുമാത്രമാണ് ഹരന് ഭൂഷണമായുള്ളത്. ചുടലക്കളത്തിലാണദ്ദേഹം നിവസിക്കുന്നത്.

അദ്ദേഹം തന്റെ കഴുത്തില്‍ തലയോട്ടികള്‍ കോര്‍ത്ത ഒരു മാലയണിഞ്ഞിട്ടുണ്ട്. വെറും നോട്ടംകൊണ്ട് അസുരന്മാരെ അദ്ദേഹം ഭാസ്മമാക്കുന്നു. ലോകത്തിന്റെ കല്യാണമാണ് അവിടുത്തെ ഏക ലക്ഷ്യം. ഇപ്പോഴും ധ്യാനലീനരെന്നപോലെ നിലകൊള്ളുന്ന പര്‍വ്വതങ്ങളും കുന്നുകളും ആ ദേവനെ പ്രതിനിധാനം ചെയ്യുന്നു. കരടി, ഒട്ടകം, എലി മുതലായ ജീവികളുടെ മുഖത്തോടെയുള്ള ഭൂതഗണങ്ങള്‍ അദ്ദേഹത്തിനു സേവകരായുണ്ട്. അവരുടെ കയ്യുകള്‍ വാള്‍മുനകളെപ്പോലെ മൂര്‍ച്ചയേറിയതാണ്. മൂന്നു തിളക്കമുറ്റ കണ്ണുകള്‍ അദ്ദേഹത്തിനുണ്ട്. ഭൂതപിശാചുക്കള്‍ അദ്ദേഹത്തിനെ നമസ്കരിക്കുന്നു.

പതിന്നാല് ലോകങ്ങളിലെയും ജീവികളെ ആഹരിക്കുന്ന പിശാചിനികളും ദേവതകളും ഹരന് മുന്നില്‍ നൃത്തമാടുന്നു. അവര്‍ക്ക് പലവിധ മൃഗങ്ങളുടെ മുഖങ്ങളാണുള്ളത്. മലമുകളിലും, ആകാശത്തും വിവിധ ലോകങ്ങളിലും ചുടലക്കളങ്ങളിലും രൂപമെടുത്തവരുടെ ദേഹത്തിലും അവര്‍ ജീവിക്കുന്നു. അവരില്‍ എട്ടു ദേവതമാര്‍ പ്രധാനികളത്രേ. ജയ, വിജയ, ജയന്തി, അപരാജിത,സിദ്ധ, രക്ത, ആലംബുഷ, ഉത്പല എന്നിങ്ങിനെയാണവരുടെ നാമങ്ങള്‍ . മറ്റുള്ളവര്‍ ഈ എട്ടുപേരെ പിന്തുടരുന്നു. ഇവരില്‍ ആലംബുഷയാണ് ഏറ്റവും പ്രസിദ്ധ. അവളുടെ വാഹനം അതീവ ശക്തിയുള്ള നീലനിറത്തിലുള്ള ചണ്ഡ എന്ന് പേരായ ഒരു കാക്കയാണ്.

ഒരിക്കല്‍ ഈ ദേവതമാര്‍ എല്ലാവരുംകൂടി ആകാശത്തൊരിടത്ത് സഭചേര്‍ന്നു. രുദ്രന്റെ അംശമായ തുംബുരു എന്ന ഒരു ദേവനെ അവര്‍ ആദ്യം തന്നെ പൂജിച്ചു. എന്നിട്ട് പരമസത്യം വെളിപ്പെടുത്താനുതകുന്ന വാമമാര്‍ഗ്ഗത്തിലുള്ള ഒരനുഷ്ഠാനത്തില്‍ അവര്‍ ഏര്‍പ്പെട്ടു. മധുവുണ്ട് മയങ്ങിയവരെപ്പോലെ നൃത്തം ചെയ്ത് അവര്‍ തുംബുരുവിനെയും ഭൈരവനെയും പലവിധത്തിലും പൂജിച്ചു.

“താമസംവിനാ അവര്‍ ഇങ്ങിനെ ചര്‍ച്ചചെയ്യാന്‍ തുടങ്ങി: എന്തുകൊണ്ടാണ് ഉമാപതിയായ ഹരന്‍ നമ്മോട് ഇങ്ങിനെ പുച്ഛത്തോടെ പെരുമാറുന്നത്?” എന്നിട്ടവര്‍ ഇപ്രകാരം തീരുമാനിച്ചു: നാം നമ്മുടെ ശക്തിയെന്തെന്ന് കാണിച്ചുകൊടുക്കണം. എന്നാല്‍ പിന്നീട്ദ്ദേഹം അങ്ങിനെ നമ്മോറെ മോശമായി പെരുമാറുകയില്ല.! അവര്‍ മായാവിദ്യകൊണ്ട് ഉമയെ ചിന്താക്കുഴപ്പത്തിലാക്കി, ഹരന്റെ അടുത്തുനിന്നും അകറ്റി. എന്നിട്ടവര്‍ ആനന്ദനൃത്തം ചെയ്തു. ചിലര്‍ മദിര കുടിച്ചു, ചിലര്‍ ആടി, ചിലര്‍ പാടി. ഉറക്കെ പൊട്ടിച്ചിരിച്ചു. ചിലര്‍ ഓടി, മറിഞ്ഞു വീണു. ചിലര്‍ മാംസം ഭക്ഷിച്ചു. ലഹരിയില്‍ മുങ്ങിയ അവരുടെ പ്രവൃത്തികള്‍ ഭൂമിയില്‍ ആകെ ക്രമസമാധാനത്തിന് ഭംഗം വരുത്തി.