യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 344 [ഭാഗം 6. നിര്‍വാണ പ്രകരണം]
തത തതശ്ച പര്യസ്തം ലുഠിതം ന ച വൃത്തിഷു
നാപരാമൃഷ്ടതത്വാര്‍ത്ഥമസ്മാകം ഭഗവന്‍മനഃ (6/20/35)
ഭുശുണ്ടന്‍ തുടര്‍ന്നു: നമ്മുടെ ഓര്‍മ്മയില്‍ത്തന്നെയുള്ള അനതിവിദൂരഭൂതകാലത്തെ ഒരു ലോകം നാം നേരിട്ട് കാണുകയുണ്ടായി.
വസിഷ്ഠന്‍ ചോദിച്ചു: അങ്ങയുടെ സഹോദരങ്ങള്‍ എവിടെയാണ്? ഇപ്പോള്‍ അങ്ങയെ മാത്രമേ കാണുന്നുള്ളുവല്ലോ.
ഭുശുണ്ടന്‍ തുടര്‍ന്നു: കാലമേറെക്കഴിഞ്ഞുപോയിരിക്കുന്നു മഹാമുനേ, എന്റെ സഹോദരങ്ങള്‍ അവരുടെ ഭൗതികശരീരം ഉപേക്ഷിച്ച് ശിവലോകം പൂകി. എത്ര പാവനചരിതനും ദീര്‍ഘയുസ്സുമാണെങ്കിലും കാലത്തിന്റെ വരുതിയില്‍പ്പെട്ട് എല്ലാവര്‍ക്കും മരണത്തിനു വഴിപ്പെടണമല്ലോ.
വസിഷ്ഠന്‍ വീണ്ടും ചോദിച്ചു: അങ്ങെങ്ങിനെയാണ് ഇക്കാലം മുഴുവന്‍ ശീതോഷ്ണങ്ങളോ കാറ്റോ തീയോ ഏശാതെ കഴിഞ്ഞു പോരുന്നത്?
ഭുശുണ്ടന്‍ തുടര്‍ന്നു: വാസ്തവത്തില്‍ കേവലം ഒരു കാകന്റെ ജന്മം അത്ര സന്തോഷപ്രദമല്ല. അതിനു കഴിഞ്ഞു കൂടാനുള്ളത് സൃഷ്ടികര്‍ത്താവ് കനിഞ്ഞരുളിത്തന്നിട്ടുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് കാക്കയോടൊരു പുച്ഛമാണല്ലോ പൊതുവേ ഉള്ളത്. എന്നാല്‍ ഞങ്ങള്‍ ആത്മരതിയില്‍ ആമഗ്നരായി സന്തോഷത്തോടെ സംപ്രീതരായി കഴിഞ്ഞു വന്നു. പരമമായ ജ്ഞാനത്തിന്റെ നിറവില്‍ പലവിധ ബുദ്ധിമുട്ടുകളും തരണം ചെയ്യാന്‍ ഞങ്ങള്‍ക്ക് പ്രയാസമുണ്ടായില്ല. മനോബുദ്ധികളെ വെറുതെ പിഢിപ്പിച്ചു വലയ്ക്കുന്ന വൃഥാപ്രവര്‍ത്തങ്ങളില്‍ ഒന്നും ഞങ്ങള്‍ ഏര്‍പ്പെട്ടില്ല. ജീവനോടെയോ മരണത്തിലോ ഈ ദേഹത്ത് ദുരിതങ്ങള്‍ ഒന്നുമുണ്ടായില്ല. അതുകൊണ്ട് ഞങ്ങള്‍ മാറ്റങ്ങളില്ലാതെ ഇങ്ങിനെ നിലനിന്നു. നേരത്തെതന്നെ സ്വായത്തമായി ‘ഉള്ളത’ല്ലാതെ മറ്റൊന്നും പുതുതായി ഞങ്ങള്‍ക്ക് ആവശ്യമുണ്ടായിരുന്നില്ല.
ലോകങ്ങളുടെ നിയതിയെന്തെന്ന് ഞങ്ങള്‍ കണ്ടറിഞ്ഞു. മനസാ ഞങ്ങള്‍ ദേഹവുമായുള്ള താദാത്മ്യം പാടെ ഉപേക്ഷിച്ചിരുന്നു. ഈ മരക്കൊമ്പില്‍ ആത്മനിഷ്ഠനായിരുന്ന് ഞാന്‍ സമയത്തെ വീക്ഷിച്ചുകൊണ്ടേയിരുന്നു. നിരന്തരമായ പ്രാണായാമം മൂലം സമയത്തിന്റെ വിഭജനങ്ങള്‍ക്ക് അതീതമായി സഞ്ചരിക്കാന്‍, അതില്‍ നിന്നും ഉയരെപ്പോകാന്‍ എനിക്കായി. ഹൃദയത്തില്‍ പ്രശാന്തി വിളയാടുകമൂലം ലോകത്തിന്റെ സംഭവഗതികള്‍ എന്നെ വ്യാകുലപ്പെടുത്തിയില്ല. എല്ലാ ജീവികളും ഇല്ലാതാവുകയോ നിലനില്‍ക്കുകയോ ചെയ്യട്ടെ. എനിക്ക് ഭയമേതുമില്ല. ആ ജീവികള്‍ എല്ലാം കാലത്തിന്റെ മഹാസമുദ്രത്തില്‍ വീണുപോയ്ക്കോട്ടെ. ഞങ്ങളെ അത് ബാധിക്കുകയില്ല. കാരണം നാം ആ സമുദ്രത്തിന്റെ കരയിലാണല്ലോ അധിവസിക്കുന്നത്. നമ്മെ യാതൊന്നും ബാധിക്കുകയില്ല. നാം ഒന്നിനെയും സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല. പുറമേ കാണപ്പെടുന്നപോലെയല്ല നമ്മുടെ കാര്യങ്ങള്‍ . അതിനാലാണ് നാം ഈ വൃക്ഷത്തില്‍ താമസിക്കുന്നത്.
“വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും നാം മനോപാധികളില്‍ മുങ്ങിപ്പോകുന്നില്ല. സത്തെന്ന ഉണ്മയുമായുള്ള നേര്‍ബന്ധത്തില്‍ നിന്നും നാം തീരെ വ്യതിചലിക്കുന്നുമില്ല.” ഭഗവന്‍, അങ്ങയെപ്പോലെയുള്ള മഹാത്മാക്കളുമായുള്ള സത്സംഗം പാലാഴി കടഞ്ഞെടുത്ത അമൃതിനേക്കാള്‍ മൂല്യവത്താണ്. ആശകളും ആസക്തികളുമൊഴിഞ്ഞ മഹര്‍ഷിമാരുടെ സാന്നിദ്ധ്യത്തെക്കാളുപരിയായി ഞാനൊന്നും ആഗ്രഹിക്കുന്നില്ല. ഭഗവന്‍, ഞാന്‍ ആത്മജ്ഞാനമാര്‍ജ്ജിച്ച ഒരുവനാണെങ്കിലും അങ്ങയുടെ ദര്‍ശനവും സത്സംഗവും കൊണ്ട് എന്റെ ജന്മം കൂടുതല്‍ സഫലമായതായി ഞാന്‍ കണക്കാക്കുന്നു.