യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 345 [ഭാഗം 6. നിര്‍വാണ പ്രകരണം]
ബ്രഹ്മാന്നിയതിരേഷാ ഹി ദുര്‍ലംഘ്യാ പരമേശ്വരീ
മയേദൃശേന വൈ ഭാവ്യം ഭാവ്യമന്യൈസ്തു താദൃശൈഃ (6/21/23)
ഭുശുണ്ടന്‍ തുടര്‍ന്നു: വരപ്രദായിനിയായ ഈ വൃക്ഷത്തെ ഉലയ്ക്കാന്‍ പ്രകൃതിക്ഷോഭങ്ങള്‍ക്കോ, ജീവികള്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ സൃഷ്ടിക്കുന്ന വിപത്തുകള്‍ക്കോ ഒന്നും സാധിക്കുകയില്ല. രാക്ഷസന്മാര്‍ ഭൂമിയില്‍ നാശംവിതച്ചു നടന്നപ്പോഴും ആ അവസരങ്ങളില്‍ ഭഗവാന്‍ അവതരിച്ച് ഭൂമിയെ അവരുടെ പിടിയില്‍ നിന്നും രക്ഷിച്ചപ്പോഴും ഒക്കെ ഈ മരം അചഞ്ചലമായി നിലകൊണ്ടിരുന്നു. വിശ്വപ്രളയത്തിന്റെ സമയത്തുണ്ടായ തീയോ ജലപ്രളയമോ ഒന്നും ഈ മരത്തെ ഇളക്കിയില്ല. അതിനാല്‍ ഈ മരത്തിലെ ജീവികള്‍ എല്ലാ ദുരിതങ്ങളേയും അതിജീവിച്ചു. അശുദ്ധമായ ഇടങ്ങളില്‍ നിവസിക്കുന്നവര്‍ക്കാണ് ദുര്യോഗങ്ങള്‍ ഉണ്ടാവുക.
വസിഷ്ഠന്‍ ചോദിച്ചു: എങ്കിലും അണ്ഡകഠാഹത്തിലെ ജീവന്റെ തരികൂടി ഇല്ലാതായ പ്രളയശേഷവും അങ്ങെങ്ങിനെയാണ് ജീവന്‍ നിലനിര്‍ത്തിയത്?
ഭുശുണ്ടന്‍ പറഞ്ഞു: പ്രളയത്തിന്റെ ആ സമയത്ത് ഞാന്‍ ഈ കൂട് ഉപേക്ഷിച്ച് പോവും. നന്ദിയില്ലാത്ത മനുഷ്യന്‍ തന്റെ സുഹൃത്തിനെപ്പോലും ചിലപ്പോള്‍ ഉപേക്ഷിക്കുമല്ലൊ. എന്നിട്ട് ഞാന്‍ എല്ലാ മാനസികോപാധികളെയും ചിന്തകളേയും അവസാനിപ്പിച്ച് വിശ്വാകാശത്തില്‍ വിലീനനാവും.
വിശ്വത്തിലെ പന്ത്രണ്ടു സൂര്യന്മാര്‍ ചേര്‍ന്ന് ലോകസൃഷ്ടിക്കുമേല്‍ അസഹനീയമായ ചൂടു വര്‍ഷിക്കുമ്പോള്‍ ഞാന്‍ ‘വാരുണീധാരണം’ എന്ന യോഗം അഭ്യസിച്ച് താപപീഢകളില്‍ നിന്നും രക്ഷനേടും. ജലത്തിന്റെ അധിദേവതയായ വരുണനെ പ്രീതിപ്പെടുത്തുന്ന ധ്യാനമാര്‍ഗ്ഗമാണ് വാരുണീധാരണം.
കാറ്റ് അതിശക്തമായി മേരുപര്‍വ്വതത്തെപ്പോലും ഇളക്കിമറിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ‘പാര്‍വ്വതീ ധാരണം’ എന്ന ധ്യാനസപര്യയില്‍ ഏര്‍പ്പെടും. പര്‍വ്വതം അങ്ങിനെ എന്നില്‍ സംപ്രീതയാവുന്നു.
വിശ്വം മുഴുവന്‍ ജലപ്രളയം ബാധിക്കുമ്പോള്‍ ഞാന്‍ ‘വായുധാരണം’ എന്നാ ധ്യാനത്തിലൂടെ സുരക്ഷപ്രാപിക്കുന്നു. എന്നിട്ട് അടുത്ത വിശ്വചക്രമാരംഭിക്കുന്നതുവരെ ഞാന്‍ ദീര്‍ഘനിദ്രയെ പുല്‍കുന്നു. പുതിയ സൃഷ്ടാവ് തന്റെ കര്‍മ്മങ്ങള്‍ സമാരംഭിക്കുമ്പോള്‍ ഞാനും ഈ മരത്തില്‍ എന്റെ കൂട്ടിലെ താമസം പുനരാരംഭിക്കുന്നു.
വസിഷ്ഠന്‍ ചോദിച്ചു: എന്തുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് അങ്ങ് ചെയ്യുന്നതുപോലെ ചെയ്യാന്‍ കഴിയാത്തത്?
ഭുശുണ്ടന്‍ പറഞ്ഞു: “മഹര്‍ഷേ, പരമപുരുഷന്റെ ഇച്ഛയെ മറികടക്കാന്‍ ആര്‍ക്കും കഴിയില്ല. അവിടുത്തെ ഇച്ഛയാണ് ഞാനീവിധത്തിലും മറ്റുള്ളവര്‍ അവരവരുടെ രീതിയിലും കഴിയുക എന്നത്.” ആര്‍ക്കും എന്തൊക്കെയാണ് ഭാവിയില്‍ നടക്കാന്‍ പോവുന്നതെന്ന് അറിയാന്‍ സാധിക്കുകയില്ല. ഓരോ ജീവികളുടെയും പ്രകൃതിക്കനുസരിച്ച് ആവശ്യമായ കാര്യങ്ങള്‍ സംഭവിക്കുന്നു. അതുകൊണ്ട് എന്നിലുള്ള ചിന്താശക്തി അല്ലെങ്കില്‍ ധ്യാനശക്തി കൊണ്ട് എല്ലാ ലോകചക്രത്തിലും ഈ മരം ഇവ്വിധം കാണപ്പെടുന്നു എന്നേ പറയാനാവൂ.