യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 348 [ഭാഗം 6. നിര്‍വാണ പ്രകരണം]
അന്ധീകൃതഹൃദാകാശാഃ കാമകോപ വികാരജാഃ
ചിന്താ ന പരിഹംസന്തി ചിത്തം യസ്യ സമാഹിതം (6/23/46)
വസിഷ്ഠന്‍ ചോദിച്ചു: അല്ലയോ ഭുശുണ്ടാ, അങ്ങയുടെ ശരീരം മരണത്തിനു വശംവദമാവാതെ എങ്ങിനെ ഇത്രകാലം നിലനിന്നു?
ഭുശുണ്ടന്‍ മറുപടിയായിപ്പറഞ്ഞു: അങ്ങേയ്ക്കിതെന്നല്ല എല്ലാത്തിന്റെയും ഉത്തരങ്ങള്‍ അറിയാം. എങ്കിലും ശിഷ്യന്റെ സംഭാഷണചാതുര്യം വര്‍ദ്ധിപ്പിക്കാനായി ഇങ്ങിനെ ഓരോന്ന് ചോദിക്കുകയാണ്. ഏതായാലും ഞാന്‍ പറയാം. കാരണം ഗുരുക്കന്മാരെയും മഹര്‍ഷിമാരെയും പൂജിക്കുന്നതിനു തുല്യമാണ് അവരെ അനുസരിക്കുക എന്നത്.
രാഗദ്വേഷങ്ങളും തെറ്റിദ്ധാരണകളും, മനോപാധികളും ഇല്ലാത്തവരെ കൊല്ലാന്‍ മരണത്തിന് യാതൊരാഗ്രഹവുമില്ല. മനോരോഗങ്ങള്‍ക്കു വശംവദമല്ലാത്തവരെ മരണത്തിന് വേണ്ട. അതുപോലെ ആശകളും പ്രത്യാശകളും വെച്ച് പൊറുപ്പിക്കാത്തവരെയും, അതുമൂലമുള്ള ആശങ്കകളാല്‍ വലയാത്തവരെയും, ലോഭാദികളില്ലാത്തവരെയും മരണം തിരിഞ്ഞു നോക്കില്ല. ശരീരമനസ്സുകളില്‍ കോപാഗ്നിയും വെറുപ്പും എരിഞ്ഞു പുകയാത്തവരും കാമത്തിന്റെ പ്രലോഭനങ്ങളാല്‍ കശക്കിയെറിയപ്പെടാത്തവരെയും മരണം തീണ്ടുകയില്ല. മനസ്സ് മാര്‍ക്കടനെപ്പോലെ അശാന്തമാക്കാതെ പരബ്രഹ്മത്തില്‍ ശുദ്ധാവബോധമായി നിലകൊള്ളുന്നയാളെ മരണത്തിന് വേണ്ട. പരമപ്രശാന്തതയില്‍ അഭിരമിക്കുന്നവനെ ഈ പറഞ്ഞ ദുഷ്ടപ്രഭൃതികള്‍ സമീപിക്കുകപോലുമില്ല. അവരുടെ ശരീരമനസ്സുകളില്‍ രോഗപീഢകള്‍ ഉണ്ടാവുകയുമില്ല. ദീര്‍ഘനിദ്രയില്‍ അങ്ങിനെയുള്ള മുക്തപുരുഷന്റെ അവബോധം ക്ഷയിക്കുകയോ ജാഗ്രദില്‍ അത് പുഷ്ടി പ്രാപിക്കുകയോ ചെയ്യുന്നില്ല.
“മനസ്സും ഹൃദയവും പരമപ്രശാന്തതയില്‍ അഭിരമിക്കുന്ന ഒരുവനെ കാമാക്രോധാദികളില്‍ നിന്നു ജനിക്കുന്ന ദുഷ്ടപ്രവണതകള്‍ സ്പര്‍ശിക്കുകപോലുമില്ല.” അയാള്‍ ഒന്നും നേടാനായി ആഗ്രഹിക്കുകയോ അനിച്ഛാപൂര്‍വ്വം വന്നുചേര്‍ന്നതിനെ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. ഒന്നും വേണ്ടെന്നുവയ്ക്കുകയോ എന്തെങ്കിലും സ്വരുക്കൂട്ടി വയ്ക്കുകയോ ചെയ്യുന്നില്ല. അയാള്‍ ഉചിതമായ കര്‍മ്മങ്ങളില്‍ എപ്പോഴും ആമഗ്നനാണ്. ദുഷ്ടശക്തികള്‍ അയാളെ ബാധിക്കുകയില്ല. എന്നാല്‍ ആനന്ദവും സന്തോഷവും മറ്റു സദ്ഗുണങ്ങളും അയാളിലേയ്ക്ക് താനേ ഒഴുകിയെത്തും. അതിനാല്‍ മഹാമുനേ, ശാശ്വതവും നാശരഹിതവുമായ ആത്മാവിലാണ് നാം സുദൃഢമായി ഉറച്ചിരിക്കേണ്ടത്. അവിദ്യ തീണ്ടാത്തതും യാതൊന്നിന്റെയും കുറവുകള്‍ ഇല്ലാത്തതുമായ പരംപൊരുളാണത്.
ദ്വന്ദത-വൈവിദ്ധ്യത എന്ന ദുര്‍ഭൂതത്തെ ഇല്ലാതാക്കി ഒരേ ഒരു സത്യത്തില്‍ ഹൃദയമുറപ്പിക്കുക. ആദിമദ്ധ്യാന്തം മധുരതരമായത് അത് മാത്രമാണ്. ദേവതമാരുമായോ, അസുരന്മാരുമായോ, യക്ഷകിന്നരഗാന്ധര്‍വ്വന്‍മാരുമായോ ഉള്ള സഹവാസമോ അപ്സരസ്സുകളുമായുള്ള കേളികളോ ശാശ്വതമായ സന്തോഷത്തെ നല്‍കുകയില്ല. സ്വര്‍ഗ്ഗനരകങ്ങളിലോ ഭൂമിയിലോ ഈ സൃഷ്ടികളിലെവിടെയും ശാശ്വതമായ നന്മ ലഭ്യമല്ല. എല്ലാ പ്രവര്‍ത്തനങ്ങളും ശാരീരികവും മാനസീകവുമായ പരിമിതികളാല്‍ അസന്തുഷ്ടിയേകുന്നവയാണ്. അവയിലും ശാശ്വതമായ നന്മയില്ല. ഇന്ദ്രിയകര്‍മ്മങ്ങള്‍ എല്ലാം അവയുടെ തുടക്കം, ഒടുക്കം എന്നീ പരിമിതികള്‍ കൊണ്ട് കളങ്കിതമാകയാല്‍ ശാശ്വതമായ നന്മ അവയിലുമില്ല.
ലോകത്തിന്റെ മുഴുവന്‍ അധീശസ്ഥാനമോ,ദേവേന്ദ്രപദവിയോ, വേദശാസ്ത്രങ്ങളിലെ നിപുണതയോ, മറ്റുള്ളവര്‍ക്കായി ചെയ്യുന്ന സേവനങ്ങളോ, കഥാകഥനമോ കഥാശ്രവണമോ, ദീര്‍ഘയുസ്സോ, മരണമോ, സ്വര്‍ഗ്ഗമോ, നരകമോ ഒന്നും മഹത്വമാര്‍ജ്ജിച്ചവരുടെ മനോനിലയ്ക്ക് തുല്യമാവുകയില്ല.