യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 349 [ഭാഗം 6. നിര്‍വാണ പ്രകരണം]
ശരീരപുരപാലസ്യ മനസോ രഥചക്രയോഃ
അഹങ്കാരനൃപസ്യാസ്യ പ്രശസ്യേഷ്ടതുരംഗയോഃ (6/24/34)
ഭുശുണ്ടന്‍ തുടര്‍ന്നു: എല്ലാത്തിലും വെച്ചും ഉത്തമമായ ദര്‍ശനം അനന്തമായ അവബോധത്തിന്റേത് മാത്രമാണ്. ആത്മാവിനെ ധ്യാനിക്കുന്നതുകൊണ്ട് തന്നെ ദു:ഖനിവൃത്തിയായി. ലോകമെന്ന ഈ സുദീര്‍ഘമായ സ്വപ്നത്തിനു അന്ത്യമുണ്ടാക്കാന്‍ അത് മതി. മനസ്സിനെ നിര്‍മലമാക്കി, എല്ലാവിധ ദുഖങ്ങളെയും ദൌര്‍ഭാഗ്യങ്ങളെയും അത് ഇല്ലാതാക്കുന്നു. ഈ ആത്മധ്യാനമെന്നത് മനസ്സിന്റെ പരിധിയിലുള്ള കാര്യമല്ല. അങ്ങയെപ്പോലുള്ളവര്‍ക്കിത് എളുപ്പമാണ്. എന്നാല്‍ എന്നെപ്പോലുള്ളവര്‍ക്ക് ദുഷ്കരവുമാണത്. എന്നാല്‍ ഈ ആത്മധ്യാനത്തിനുസഹായകമായ ചില ഉത്തമ സഖാക്കളുണ്ട്. ഉദാഹരണത്തിന് – പ്രാണായാമം. ഐശ്വര്യദായകവും ദുഖവിനാശകരവുമാണ് പ്രാണായാമസാധന.
ഞാനീ സാധനയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. പ്രാണായാമം മൂലമാണ് എനിക്ക് ദീര്‍ഘായുസ്സും ആത്മജ്ഞാനവും ലഭിച്ചത്. അതെങ്ങിനെയെന്നു ഞാന്‍ പറയാം. മൂന്നു നാഡികള്‍ (തൂണുകള്‍ ) താങ്ങി നിര്‍ത്തുന്ന ഈ ദേഹത്തെ നോക്കിയാലും. ഒന്‍പതു വാതിലുകളാണതിലുള്ളത്. എട്ടു സഖിമാരുള്ള (പൂര്യഷ്ടകം തന്നെയാണത്. അഹംഭാവമാണതിനു കാവല്‍ നില്‍ക്കുന്നത്. മൂലധാതുക്കള്‍ അതിന്റെ ബന്ധുക്കളാണ് . ദേഹത്തിന്റെ നടുക്കായി ഇഡയും, പിംഗളയും (നാഡികള്‍) സ്ഥിതിചെയ്യുന്നു. താമരപോലെ, എല്ലും മാംസവും കൊണ്ടുണ്ടാക്കിയ മൂന്നു ചക്രങ്ങളുണ്ട് അവിടെ. പ്രാണവായു ഈ ചക്രങ്ങളില്‍ വീശുമ്പോള്‍ ഈ താമരയുടെ ഇതളുകള്‍ കമ്പനം ചെയ്യാന്‍ തുടങ്ങുന്നു. ആ താമരയിതളുകള്‍ വിടരുമ്പോള്‍ പ്രാണവായു വികസ്വരമാവുന്നു. നാഡികള്‍ താഴേയ്ക്കും മുകളിലേയ്ക്കും പ്രസരിക്കുന്നു. മഹര്‍ഷിമാര്‍ ഈ പ്രാണവായുവിനെ അവയുടെ പ്രവര്‍ത്തനഭേദമനുസരിച്ച് പ്രാണ,അപാന,സമാന തുടങ്ങിയ പല നാമങ്ങളിട്ടു വിളിക്കുന്നു.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ചൈതന്യം ഹൃദയകമലത്തില്‍ നിന്നും ആര്‍ജ്ജിക്കുന്നതാണ്. ഹൃദയകമലത്തില്‍ കമ്പനം കൊള്ളുന്ന ചൈതന്യമാണ് പ്രാണന്‍. . കണ്ണിനു കാണാനും ത്വക്കിനു സ്പര്‍ശനം അറിയാനും, വായ്ക്കു സംസാരത്തിനും ഭക്ഷണത്തിനു ദഹിക്കുവാനും എന്നുവേണ്ട എല്ലാ ശാരീരികധര്‍മ്മങ്ങള്‍ക്കും ദേഹത്തെ പര്യാപ്തമാക്കുന്നത് പ്രാണനാണ്. ദേഹത്തിന്റെ മദ്ധ്യത്തില്‍ നിന്നും മുകളിലേക്കുള്ള പ്രവര്‍ത്തങ്ങള്‍ക്കുതകുന്നതു പ്രാണനും താഴെക്കുള്ളതിനു അപാനനും ആണ്.
ഞാന്‍ അവരിലേറെ ഭക്തിവിശ്വാസത്തോടെയാണ് കഴിയുന്നത്. ഹൃദയത്തില്‍ പ്രാണനും അപാനനും ക്ഷീണമെന്തെന്നറിയാത്ത സൂര്യചന്ദ്രന്മാരെപ്പോലെ പ്രകാശിച്ചു നില്‍ക്കുന്നു. “അവ ദേഹമെന്ന നഗരത്തിന്റെ കാവലാളായ മനസ്സെന്ന രഥത്തിന്റെ ചക്രങ്ങള്‍ പോലെയാണ്; അഹംഭാവത്തിന്റെ പ്രിയപ്പെട്ട കുതിരകളെപ്പോലെയാണ്.” അവയോടുള്ള നിരന്തരഭക്തിയോടെ ഞാന്‍ ദീര്‍ഘനിദ്രയിലെന്നമട്ടില്‍ അഖണ്ഡമായ ബോധത്തില്‍ അഭിരമിച്ച് കഴിയുന്നു. പ്രാണനെയും അപാനനെയും ഉപാസിക്കുന്നവര്‍ക്ക് ഇഹലോകത്തിലെ ജനനമരണ ആവര്‍ത്തനങ്ങള്‍ക്ക് വശംവദരാവേണ്ടിവരുന്നില്ല.