യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 352 [ഭാഗം 6. നിര്‍വാണ പ്രകരണം]

യത്ര പ്രാണോ ഹ്യപാനേന പ്രാണേനാപാന ഏവ ച
നിഗീര്‍ണൌ ബഹിരന്തശ്ച ദേശകാലൌ ച പശ്യ തൌ (6/25/57)

ഭുശുണ്ടന്‍ തുടര്‍ന്നു: ദേഹത്തില്‍ നിന്നും പന്ത്രണ്ടുവിരല്‍ ദൂരെ അപാനന്‍ ഉയരുന്നിടത്തേയ്ക്ക് പ്രാണനെ ഉഛ്വസിച്ചശേഷം കുംഭകം (ശ്വാസം അടക്കല്‍ ) അഭ്യസിക്കുന്നവനെ ദുഃഖങ്ങള്‍ തീണ്ടുകയില്ല. അകത്തേയ്ക്ക് വലിച്ചെടുത്ത ശ്വാസം പുറത്തേയ്ക്ക് ഉഛ്വസിക്കാനുള്ള ആവേഗം ഉണ്ടാവുന്ന കൃത്യമായ ആ ‘ഇടം’ ദര്‍ശിക്കാന്‍ സാധിക്കുന്നവനു പുനര്‍ജന്മങ്ങളില്ല.

പ്രാണാപാനന്മാര്‍ ചലനം അവസാനിപ്പിക്കുന്ന ഇടം ദര്‍ശിച്ച് ആ പ്രശാന്തതയില്‍ അഭിരമിക്കുന്നവനെ വിഷാദം ബാധിക്കുകയില്ല.

പ്രാണനെ അപാനന്‍ ദഹിപ്പിക്കുന്ന കൃത്യമായ ആ ക്ഷണം-മാത്രയെ ശ്രദ്ധയോടെ നിരീക്ഷണം നടത്തുന്ന സാധകന്റെ മനസ്സ് വീണ്ടും ഉയരുകയില്ല.

“ശരീരത്തിന് പുറത്തും അകത്തും പ്രാണനെ അപാനന്‍ ദഹിപ്പിക്കുന്ന ആ ക്ഷണത്തെ ശ്രദ്ധയോടെ അഭിവീക്ഷിക്കുക” എന്തുകൊണ്ടെന്നാല്‍ ആ മാത്രയില്‍ കൃത്യമായും പ്രാണന്‍ ചലനം അവസാനിപ്പിച്ചു എങ്കിലും അപാനന്‍ ചലനം ആരംഭിച്ചിട്ടുമില്ല. അതാണ് ജ്ഞാനികള്‍ അതീവ സുപ്രധാനമെന്നു കണക്കാക്കുന്ന ആയാസരഹിതമായ കുംഭകം എന്ന അവസ്ഥ. നിര്‍മലമായ അനന്താവബോധമാണത്. ഈ ആത്മാവസ്ഥയെ പ്രാപിച്ചവന് ദുഖിക്കേണ്ടിവരുന്നില്ല.

പ്രാണന്റെയും അപാനന്റെയും ഇടയ്ക്ക് നിലകൊള്ളുന്ന അന്തര്യാമിയെ, പ്രാണനിലുള്ള അനന്താവബോധമെന്ന ആത്മാവിനെ, ഞാന്‍ ധ്യാനിക്കുന്നു.

പ്രാണന്റെയും അപാനന്റെയും ഇടയ്ക്ക് നിലകൊള്ളുന്ന അന്തര്യാമിയെ, അപാനനിലുള്ള അനന്താവബോധമെന്ന ആത്മാവിനെ, ഞാന്‍ ധ്യാനിക്കുന്നു.

പ്രാണാപാനന്മാരുടെ ചലനം നിലച്ച് പ്രശാന്തമായ ആ ഇടവേളയെ ഞാന്‍ ധ്യാനിക്കുന്നു.
അനന്താവബോധമായി ജ്ഞാനികള്‍ പറയുന്ന അതിനെ ഞാന്‍ ധ്യാനിക്കുന്നു.

പ്രാണന്റെ പ്രാണനായ ആ ബോധത്തെ, ദേഹത്തിന്റെ നിലനില്‍പ്പിനാധാരമായ ആ ജീവന്റെ ജീവനെ ഞാന്‍ ധ്യാനിക്കുന്നു. മനസ്സിന്റെ മനസ്സും മേധാശക്തിയുടെ മേധാശക്തിയുമാണത്.
അഹംകാരത്തിന്റെ സത്തയാണത്.

എല്ലാ വിഷയങ്ങള്‍ക്കും ആധാരമായ, എല്ലാത്തിന്റെയും എല്ലാമെല്ലാമായ, ശാശ്വതമായ ആ ബോധതലത്തെ ഞാന്‍ ധ്യാനിക്കുന്നു.

സര്‍വ്വമാലിന്യങ്ങളും ഇല്ലാതാക്കി ഏറ്റവും ഉന്നതമായ പവിത്രതയെ പ്രദാനം ചെയ്യുന്ന ആ അവബോധത്തെ ഞാന്‍ ധ്യാനിക്കുന്നു.

പ്രാണന്റെ സഞ്ചാരമവസാനിച്ച്, എന്നാല്‍ അപാനന്‍ ഉയരും മുന്‍പ്‌ ശരീരത്തിന് പുറത്തു നാസാഗ്രത്ത് നിലകൊള്ളുന്ന ആ ബോധത്തെ ഞാനിതാ നമസ്കരിക്കുന്നു.

പ്രാണാപാനന്മാരിലെ ആര്‍ജ്ജവസ്രോതസ്സായ, ഇന്ദ്രിയങ്ങളെ സചേതനമാക്കുന്ന, അവയിലെ ചൈതന്യസത്തായ അവബോധത്തെ ഞാന്‍ നമസ്കരിക്കുന്നു.

പ്രാണായാമത്തിന്റെ എകലക്ഷ്യമായ, പ്രാണനെ പ്രവര്‍ത്തനനിരതമാക്കുന്ന, എല്ലാ കാരണങ്ങള്‍ക്കും കാരണമായ, ആന്തരകുംഭകത്തിന്റെയും ബാഹ്യകുംഭകത്തിന്റെയും സത്തയായ അനന്താവബോധത്തെ ഞാന്‍ നമസ്കരിക്കുന്നു.

ഞാനാ പരമപുരുഷനില്‍ അഭയം തേടുന്നു.