യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 353 [ഭാഗം 6. നിര്‍വാണ പ്രകരണം]

ന ഭൂതം ന ഭവിഷ്യം ച ചിന്തയാമി കദാചന
ദൃഷ്ടിമാലംബ്യ തിഷ്ഠാമി വര്‍ത്തമാനാമിഹാത്മനാ (6/26/8)

ഭുശുണ്ടന്‍ തുടര്‍ന്നു: ഞാനിപ്പോള്‍ പറഞ്ഞ പ്രാണായാമസാധനകള്‍ കൃത്യമായി അനുഷ്ടിച്ചതുമൂലം മേരുപര്‍വ്വതം ഇളകിയാല്‍പ്പോലും എന്നില്‍ യാതൊരിളക്കവും ഉണ്ടാവാത്ത രീതിയില്‍ ഞാന്‍ നിര്‍മലനായിത്തീര്‍ന്നു. ഞാന്‍ നടക്കുകയാണെങ്കിലും നില്‍ക്കുകയാണെങ്കിലും ജാഗ്രദ്‌സ്വപ്നസുഷുപ്തി അവസരങ്ങളിലും ഒന്നും സര്‍വ്വഭൂതസമതാഭാവത്തിലുള്ള എന്റെ ഈ സമാധിസ്ഥിതിക്ക് മാറ്റമൊന്നുമില്ല. അത് നഷ്ടമായിപ്പോവുന്നില്ല. ഈ ലോകത്തും എന്റെ ചുറ്റുപാടുകളിലും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായാലും ഞാന്‍ ആത്മാഭിമുഖമായി എന്റെ ധ്യാനം തുടരുന്നു. ഞാന്‍ ആത്മാവില്‍ അഭിരമിക്കുന്നു. കഴിഞ്ഞ യുഗപ്രളയം മുതല്‍ ഞാന്‍ ഇങ്ങിനെ ജീവിച്ചു.

“എന്റെ ധ്യാനം ഭൂതത്തിലോ ഭാവിയിലോ അല്ല. അത് വര്‍ത്തമാനത്തെ മാത്രം ലക്ഷ്യമാക്കുന്നു.” ഫലങ്ങളെപ്പറ്റി യാതൊരാശങ്കകളും ഇല്ലാതെ ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടുന്ന കാര്യങ്ങളെ ഉചിതമായി ചെയ്യുന്നു. ഭാവാഭാവങ്ങളെന്ന ചിന്തകളാല്‍ ബന്ധിതനാകാതെ, വിഷയങ്ങള്‍ക്ക്‌ അഭികാമ്യം, അനഭികാമ്യം എന്നീ വിഭജനങ്ങളില്ലാതെ ഞാന്‍ ആത്മാവില്‍ നിലകൊള്ളുന്നു. അതുകൊണ്ട് ഞാന്‍ ആരോഗ്യവാനും സന്തോഷവാനുമാണ്. രോഗങ്ങള്‍ ഒന്നും എന്നെ ബാധിക്കുന്നില്ല.

പ്രാണാപാനന്മാരുടെ സംഗമക്ഷണത്തിലാണല്ലോ ആത്മസത്യം വെളിപ്പെടുന്നത്. ‘എനിക്കിത് കിട്ടി, എനിക്കിത് കൂടി കിട്ടുവാനുണ്ട്’ എന്നിത്യാദി ധാരണകള്‍ എന്നിലില്ല. ഞാന്‍ എന്നെയോ, മറ്റാരെയുമോ, എന്തിനെയെങ്കിലുമോ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്നില്ല. നന്മയെന്നു വിവക്ഷിക്കുന്നവയുടെ ലാഭത്തില്‍ ഞാന്‍ സന്തോഷിക്കുകയോ തിന്മയുടെ പ്രകടനത്തില്‍ വിഷാദിക്കുകയോ ചെയ്യുന്നില്ല. അതാണെന്റെ ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും രഹസ്യം. ജീവിക്കുവാനുള്ള ആഗ്രഹം പോലും ഉപേക്ഷിച്ച് പരമമായ സംന്യാസമാണ് ഞാന്‍ അനുഷ്ഠിക്കുന്നത്. അതിനാല്‍ എന്റെ മനസ്സ്‌ യാതൊന്നിനായും ആഗ്രഹിക്കുന്നില്ല. അതിനാല്‍ത്തതന്നെ അത് പരമപ്രശാന്തമാണ്.

ഒരു തടിക്കഷണം, ഒരു സുന്ദരതരുണി,ഒരു മാമല, പുല്‍ക്കൊടി, മഞ്ഞുകട്ട, ആകാശം എന്നുവേണ്ട ഏതവസ്ഥയിലുമുള്ള എല്ലാറ്റിന്റെയും അടിസ്ഥാനമായ ആ പരബ്രഹ്മത്തെത്തന്നെയാണ് ഞാന്‍ സ്വായത്തമാക്കിയിരിക്കുന്നത് !.

‘ഞാനിനി എന്തുചെയ്യും?, നാളെ രാവിലെ എനിക്കെന്തു കിട്ടും?’ തുടങ്ങിയ ചിന്തകള്‍ എന്നിലില്ല. ജരാനരകളെപ്പറ്റി എനിക്ക് ആശങ്കകളില്ല. ഞാന്‍ ആനന്ദത്തിനായി ദാഹിക്കുന്നില്ല. ‘എന്റേത്, നിന്റേത്’, എന്ന ചിന്ത ഒന്നിനെക്കുറിച്ചും എനിക്കില്ല. എല്ലായിടത്തുമുള്ള, എല്ലാകാലത്തുമുള്ള എല്ലാമെല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമല്ലെന്നു ഞാനറിയുന്നു.

ഐശ്വര്യമോ അനൈശ്വര്യമോ എനിക്കുണ്ടാവുമ്പോള്‍ ഞാനവയെ, എന്റെ രണ്ടു കൈകളെന്നപോലെ ഒരേപോലെ കാണുന്നു. അഹംഭാവത്തിന്റെയോ ആഗ്രഹങ്ങളുടെയോ കറപുരളാത്തവയാണെന്റെ കര്‍മ്മങ്ങള്‍ . ഞാന്‍ അതുകൊണ്ട് അധികാരവും പ്രബലതയും ഉള്ളപ്പോള്‍ മതിമറക്കുകയോ പരിക്ഷീണനാവുമ്പോള്‍ വിവശനായി ഭിക്ഷാംദേഹിയാവുകയോ ചെയ്യുന്നില്ല. ആശകളും പ്രത്യാശകളും എന്നെ തീണ്ടാന്‍കൂടി ഞാന്‍ അനുവദിക്കില്ല. ഒരു വസ്തു പഴയതും പിഞ്ഞിക്കീറിയതുമാണെങ്കിലും ഞാനവയെ നോക്കുന്നത് നവീനമായ കണ്ണോടെയാണ്. മറ്റുള്ളവരുടെ സന്തോഷവും സന്താപവും ഞാന്‍ പങ്കുവെക്കുന്നുണ്ടെങ്കിലും, ഞാന്‍ എല്ലാവര്‍ക്കും സുഹൃത്താണെങ്കിലും ഞാന്‍ ആരുടെയും വരുതിയിലല്ല. എനിക്കാരും സ്വന്തമായില്ല താനും.

ഞാന്‍ തന്നെയാണീ ലോകമെന്നും അതിലെ പ്രവര്‍ത്തനങ്ങളെന്നും അതിലെ മേധാശക്തിയെന്നും എനിക്ക് വ്യക്തമായറിയാം. അതാണെന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം .