യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 359 [ഭാഗം 6. നിര്‍വാണ പ്രകരണം]

ചിത്തയക്ഷാദൃഢാക്രാന്തം ന ശാസ്ത്രാണി ന ബാന്ധവാഃ
ശക്നുവന്തി പരിത്രാതും ഗുരവോ ന ച മാനവം (6/29/68)

വസിഷ്ഠന്‍ തുടര്‍ന്നു: ഉണര്‍ന്നുയര്‍ന്ന മേധാശക്തിയുടെ പ്രഭാവത്താല്‍ അഹംകാരത്തിന്റെ മുഖംമൂടികള്‍ വലിച്ചെറിഞ്ഞ് ഉപേക്ഷിച്ച് കഴിഞ്ഞാല്‍പ്പിന്നെ അതിന് യാതൊന്നും ചെയ്യാന്‍ കഴിയില്ല. ആത്മാവ് അനന്താവബോധംതന്നെ. അതുകൊണ്ട് ഇപ്പറഞ്ഞ അഹംകാരം ശരീരത്തിനകത്ത് അധിവസിക്കുന്നു എന്നുവെച്ചാല്‍ത്തന്നെ ആത്മാവിനെ അതെങ്ങിനെ ബാധിക്കുവാനാണ്?

രാമാ, മനസ്സിന്റെ അധീനതയില്‍ അമര്‍ന്നു മരുവുന്ന ഒരുവനെ എത്രയെത്ര ദുരിതങ്ങളാണ് സന്ദര്‍ശിക്കുകയെന്നു പറയാന്‍ സാധിക്കയില്ല. ‘അയ്യോ ഞാന്‍ ചത്തേ, അയ്യോ എനിക്ക് എരിഞ്ഞു പൊള്ളുന്നേ’ എന്നെല്ലാം ഉള്ള നിലവിളികള്‍ വെറും അഹംകാരത്തിന്റെ ലീല മാത്രമാണ്.

എല്ലാമെല്ലാം ഉള്‍ക്കൊള്ളുന്ന ആകാശം ഒരിക്കലും മലീമസമാവുന്നില്ലാത്തതുപോലെ സര്‍വ്വവ്യാപിയായ അനന്താവബോധം അഹംകാരത്താല്‍ ബാധിക്കപ്പെടുന്നില്ല. മനുഷ്യന്റെ ദേഹം ചെയ്തുകൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിയാവുന്നത് അഹംകാരമാണ്. ശ്വാസോച്ഛ്വാസങ്ങളാകുന്ന കടിഞ്ഞാണുകള്‍കൊണ്ടാണ് ദേഹമിത് സാധിക്കുന്നത്.

ആത്മാവ് ഇതിനെല്ലാം സാന്ദര്‍ഭികമായി ഹേതുവാകുന്നു എന്ന് പറയുന്നത് ആകാശം സസ്യജാലങ്ങള്‍ക്ക് വളരാന്‍ ഇടം നല്‍കി ഹേതുവാകുന്നു എന്ന് പറയുമ്പോലെയാണ്. വാസ്തവത്തില്‍ ആകാശം സസ്യങ്ങളെ വളര്‍ച്ചയില്‍ നിന്നും തടയുന്നില്ല എന്നേയുള്ളൂ. കത്തിച്ചുവച്ച വിളക്ക് ഒരു വസ്തുവിന്റെ കാഴ്ചക്ക് ഉത്തരവാദിയാകുന്നു എന്ന് പറയുന്നതുപോലെയാണ് ശരീരമനസ്സുകളുടെ ചെയ്തികള്‍ക്ക് ആത്മാവ് കാരണമാകുന്നു എന്ന് പറയുന്നത്. അവ ആത്മാവിന്റെ പ്രകാശത്തില്‍ (പ്രഭാവത്തില്‍ വര്‍ത്തിക്കുന്നു എന്നല്ലാതെ ബോധസ്വരൂപമായ ആത്മാവും വെറും ജഡമായ ദേഹവും തമ്മില്‍ യാതൊരു ബന്ധവുമില്ല.

മനസ്സില്‍ ആത്മാവിനെപ്രതി സംഭ്രമമുണ്ടാവുന്നത് ആത്മാവിന്റെ ഊര്‍ജ്ജം അതായത് പ്രാണന്‍ അനവരതം എല്ലായിടത്തും സ്പന്ദിച്ചുകൊണ്ടിരിക്കുന്നതിനാലാണ്. രാമാ നീയാണ് ആത്മാവ്, മനമല്ല. നിനക്ക് മനസ്സുമായെന്താണ് ബന്ധം? ഈ ഭ്രമാത്മകമായ ചിന്തകള്‍ അവസാനിപ്പിക്കൂ. ദേഹത്തില്‍ വസിക്കുന്ന മനസ്സെന്ന പ്രേതത്തിന് നീയുമായി യാതൊരു ചാര്‍ച്ചയുമില്ല . എങ്കിലും അത് നിശ്ശബ്ദം പതുങ്ങിവന്നു ‘ഞാനാണ് ആത്മാവ്’ എന്നങ്ങു സ്വയം നിശ്ചയിച്ചതുപോലെ വര്‍ത്തിക്കുകയാണ്. അതാണ്‌ ജനനമരണങ്ങള്‍ക്ക് കാരണം. തെറ്റായ ഈ അനുമാനം നിന്റെ ധൈര്യത്തെ ചോര്‍ത്തിക്കളയുന്നു. രാമാ, നീയീ പ്രേതത്തെ ഉപേക്ഷിച്ച് ഉറപ്പോടെ വര്‍ത്തിച്ചാലും.

“മനസ്സെന്ന പ്രേതത്തിന്റെ പ്രബലശക്തിക്കടിപ്പെട്ടുഴറുന്നവനെ സംരക്ഷിക്കാന്‍ വേദശാസ്ത്രങ്ങള്‍ക്കോ, ബന്ധുമിത്രാദികള്‍ക്കോ ഗുരുക്കന്മാര്‍ക്കുപോലുമോ സാധിക്കുകയില്ല.” മറിച്ച് ഒരുവന്‍ സ്വമേധയാ ഈ പിശാചിനെ ഒഴിവാക്കിയാല്‍പ്പിന്നെ ഗുരുവും ശാസ്ത്രങ്ങളും ബന്ധുക്കളുമൊക്കെ സഹായകരമാണ്. ചെളിക്കുണ്ടില്‍പ്പെട്ടുപോയ മൃഗത്തെ ആളുകള്‍ കൂട്ടംകൂടി രക്ഷിക്കുന്നത് പോലെയാണിത്. ഈ ഭൂതത്തെ വെന്ന മനുഷ്യര്‍ നന്മനിറഞ്ഞവരും ലോകോപകാരികളുമത്രേ. അതിനാല്‍ ഏതുവിധേനെയും സ്വയം അജ്ഞാനത്തില്‍ നിന്നു കരയേറാന്‍ അഹംകാരമെന്ന ഈ പിശാചിനെ കൊല്ലുകതന്നെ വേണം.

അല്ലയോ രാമാ, മനുഷ്യന്റെ വേഷംകെട്ടിയ ഒരു മൃഗത്തെപ്പോലെ ഈ ലോകമെന്ന കാറ്റില്‍ വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കാതെ. കേവലം നശ്വരമായ ഈ ശരീരത്തിനായി കുടുംബബന്ധമെന്ന ചെളിക്കുണ്ടില്‍ കിടന്നു കൈകാലുകളിട്ടടിക്കാതെ. ഈ ദേഹം മറ്റാര്‍ക്കോ ഉണ്ടായതാണ്. അതിനെ സംരക്ഷിച്ചു വളര്‍ത്തിയത്‌ അഹംകാരമാണ്. അതിന്റെ സുഖദുഖങ്ങള്‍ അനുഭവിച്ചതും മറ്റാരോ ആണ്. വാസ്തവത്തില്‍ ഇതെത്ര വിസ്മയകരമാണ്!

ഒരു മണ്‍കുടത്തിന്റെയും ഒരു കഷണം തുണിയുടേയും ആത്യന്തികമായ മൂലഘടനയില്‍ വ്യത്യാസമേതുമില്ല. അതുപോലെ മനസ്സിന്റെ മൂലഘടനയും അനന്താവബോധവും തമ്മില്‍ അന്തരമില്ല.

ഈ അവസരത്തില്‍ ഭഗവാന്‍ പരമശിവന്‍ സ്വയം എനിക്കുപദേശിച്ച ഒരു പാഠം നിനക്ക് ഞാന്‍ പറഞ്ഞു തരാം. അതിന്റെ അന്ത:സത്തയായ ദര്‍ശനം ഏറ്റവും വലിയ ഭ്രമചിന്തകളെപ്പോലും അകറ്റാന്‍ പര്യാപ്തമാണ്.