യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 360 [ഭാഗം 6. നിര്‍വാണ പ്രകരണം]
തേ ദേശാസ്തേ ജനപദാസ്താ ദിശാസ്‌തേ ച പര്‍വ്വതാഃ
ത്വദനുസ്മരണൈ കാന്തധിയോ യത്ര സ്ഥിതാ ജനാഃ (6/29/109)
വസിഷ്ഠന്‍ തുടര്‍ന്നു: ഭഗവാന്‍ പരമശിവന് കൈലാസം എന്നൊരു വാസസ്ഥലമുണ്ട്. ഞാന്‍ അവിടെ കുറേക്കാലം പരമശിവനെ പൂജിച്ച് തപശ്ചര്യകളുമായി കഴിഞ്ഞിട്ടുണ്ട്. അവിടെ എന്റെ സഹവാസം പരിപൂര്‍ണ്ണരായ ഋഷിവര്യന്മാരുടെ കൂടെയായിരുന്നു. അവരുമായി ശാസ്ത്രസത്യങ്ങളെപ്പറ്റി ചര്‍ച്ചയില്‍ ഏര്‍പ്പട്ട് ഏറ്റവും ഉത്തമമായ രീതിയില്‍ ഞാന്‍ സമയം ചിലവഴിച്ചു.
ഒരു ദിവസം സായാഹ്നത്തില്‍ അന്തരീക്ഷം പ്രശാന്തവും നിശ്ശബ്ദവും ആയിരിക്കുമ്പോള്‍ ഞാന്‍ ശിവപൂജയില്‍ മുഴുകി. ആ വനത്തിലെ ഇരുട്ട് ഒരു വാള്‍ കൊണ്ട് മുറിക്കാവുന്ന തരത്തില്‍ അതിസാന്ദ്രമായിരുന്നു. അപ്പോള്‍ ഞാന്‍ അവിടെ മഹത്തായ ഒരു വെളിച്ചം കാണാനിടയായി. ബാഹ്യമായിക്കണ്ട ആ വെളിച്ചത്തില്‍ അതിമഹത്തായ ഒരു ദര്‍ശനം എനിക്കുണ്ടായി. ഭഗവാന്‍ പരമശിവന്‍ പാര്‍വ്വതീദേവിയുമൊത്ത് കൈകോര്‍ത്തുപിടിച്ചുലാത്തുന്നതിന്റെ ദിവ്യദര്‍ശനമാണ് എനിക്കുണ്ടായത്. ഭഗവാന് മുന്നിലായി നന്ദികേശന്‍ വഴി തെളിക്കുന്നു. എന്റെ ശിഷ്യന്മാരെ ഭഗവല്‍ സാന്നിദ്ധ്യത്തെക്കുറിച്ചു വിവരമറിയിച്ചശേഷം ഭഗവാന്റെയടുത്തെയ്ക്ക് ഞങ്ങള്‍ എല്ലാവരും കൂടി പുറപ്പെട്ടു.
ഭഗവാനെ ഉപചാരപൂര്‍വ്വം വന്ദിച്ച് പൂജിച്ച് ആ ദിവ്യദര്‍ശനം ഞാന്‍ കുറച്ചുനേരം കൂടി ആനന്ദിച്ചനുഭവിച്ചു.
ഭഗവാന്‍ എന്നോടു ചോദിച്ചു: അങ്ങയുടെ തപസ്സെല്ലാം ഭംഗിയായി പുരോഗമിക്കുന്നുണ്ട് എന്ന് കരുതുന്നു. എന്തെങ്കിലും തടസ്സങ്ങള്‍ അങ്ങയെ ശല്യപ്പെടുത്തുന്നുണ്ടോ? അങ്ങ് പ്രാപിക്കേണ്ടുന്ന, പ്രാപിക്കാന്‍ യോഗ്യമായ ‘ആ’ തലത്തില്‍ എത്തിക്കഴിഞ്ഞുവോ? ഉള്ളിലെ ഭയങ്ങള്‍ക്ക് എല്ലാം അറുതിയായോ?
ഇതിനു മറുപടിയായി ഞാന്‍ പറഞ്ഞു: പരംപൊരുളേ, അങ്ങയുടെ ഭക്തരാവാന്‍ ഭാഗ്യം ലഭിച്ചവര്‍ക്ക് യാതൊന്നു ലഭിക്കാനും പ്രയാസമില്ല. അവര്‍ക്ക് ഒരു ഭയവുമില്ല. അങ്ങയെക്കുറിച്ചുള്ള നിരന്തരധ്യാനത്തില്‍ മുഴുകിയ പരമഭക്തരെ ഈ ലോകം മുഴുവന്‍ സാഷ്ടാംഗം നമസ്കരിക്കുന്നു. ബഹുമാനിക്കുന്നു. “അങ്ങയില്‍ ഹൃദയാര്‍ദ്രമായ ഭക്തി നിറഞ്ഞവര്‍ വാഴുന്ന ഇടങ്ങള്‍ മാത്രമേ രാജ്യങ്ങളായും, നഗരങ്ങളായും, ദിക്കുകളായും പര്‍വ്വതങ്ങളായും കണക്കാക്കാന്‍ യോഗ്യമായുള്ളു. സദാ അങ്ങയെപ്പറ്റി സ്മരിക്കാന്‍ കഴിയുക എന്നത് പൂര്‍വ്വജന്മങ്ങളിലാര്‍ജ്ജിച്ച പുണ്യങ്ങളുടെ ഫലോദയമാണ്. അനുഗ്രഹപ്രദമായ ഭാവിയെ ഉറപ്പാക്കുന്നതാണീ ഭഗവല്‍ സ്മരണ.”
അങ്ങയെപ്പറ്റി നിരന്തരം ധ്യാനിക്കുവാന്‍ കഴിയുക എന്നത് അമൃതകുംഭം കയ്യിലുള്ളതുപോലെയാണ്. അത് മുക്തിയുടെ തുറന്നുവെച്ച കവാടവുമാണ്. ഭഗവല്‍സ്മരണകളാകുന്ന വിലമതിക്കാനാവാത്ത രത്നഖചിതാഭരണങ്ങള്‍ ധരിച്ചുകൊണ്ട് എന്നെ പരിക്ഷീണനാക്കാന്‍ തയാറെടുത്തു വരുന്ന എല്ലാ ദുഖങ്ങളെയും ശല്യങ്ങളെയും ഇങ്ങിനി വരാത്തവണ്ണം ഞാന്‍ ചവിട്ടിമെതിച്ചുകളഞ്ഞു. അങ്ങയുടെ അനുഗ്രഹത്താല്‍ ഞാന്‍ സത്യസാക്ഷാത്ക്കാരമാര്‍ജ്ജിച്ചിരിക്കുന്നു. എനിക്കൊരു കാര്യം കൂടി അറിയണമെന്നുണ്ട്.
സര്‍വ്വപാപനാശത്തിനായും സര്‍വ്വൈശ്വര്യമാര്‍ജ്ജിക്കുന്നതിനായും ഭഗവല്‍പൂജ ചെയ്യേണ്ടതെങ്ങിനെയാണ്? എന്നെ പ്രബുദ്ധനാക്കിയാലും.