യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 366 [ഭാഗം 6. നിര്‍വാണ പ്രകരണം]

യത്ര പ്രാണോ മരുധ്യാതി മനസ്തത്രൈവ തിഷ്ഠതി
യത്രയത്രാനുസരതി രഥസ്‌തത്രൈവ സാരഥിഃ (6/31/47)

ഭഗവാന്‍ തുടര്‍ന്നു: ഇനിയും ശുദ്ധീകരിച്ചിട്ടില്ലാത്ത സ്വര്‍ണ്ണം ചെമ്പിനു സമമായി കാണപ്പെടുന്നതുപോലെ വിഷയങ്ങളുമായി താതാത്മ്യം പ്രാപിക്കുകമൂലം ബോധം ചിന്തയുടെയും ആകുലതയുടെയും തലത്തിലേയ്ക്ക് ചുരുങ്ങിയതുപോലെ കാണപ്പെടുന്നു. അനന്താവബോധത്തിന്റെ ഭാഗത്തുനിന്നുള്ള ഒരു ‘വീഴ്ചയായ’ സ്വയംമറവി കാരണമാണ് വിശ്വം ഉണ്ടാവുന്നത്. എന്നാല്‍ ആത്മജ്ഞാനമാര്‍ജ്ജിക്കുന്നതോടെ അസത്തായതെല്ലാം ഇല്ലാതെയാകുന്നു.

ബോധം, സ്വന്തം അസ്തിത്വത്തെപ്പറ്റി തിരിച്ചറിയുമ്പോള്‍ അഹംഭാവം ഉണരുന്നു. (അതും വാസ്തവത്തില്‍ ബോധം തന്നെയത്രേ.) എന്നാല്‍ ഒരല്‍പം ചഞ്ചലത്വമുണ്ടാവുമ്പോള്‍ മലഞ്ചെരുവില്‍ നിന്നും ഉരുളന്‍കല്ലുരുണ്ടു വീഴുന്നതുപോലെ അത് താഴെപ്പോവുന്നു. ബോധം തന്നെയാണ് എല്ലാത്തരം അനുഭവങ്ങള്‍ക്കും നിദാനമാവുന്നത്. പുറത്തുണ്ടെന്ന് കരുതപ്പെടുന്ന വസ്തുവിന്റെ ദര്‍ശനം ഉള്ളില്‍ സാധിതമാവുന്നത് പ്രാണന്റെ ചലനം മൂലമാണ്. എന്നാല്‍ ദര്‍ശനം എന്ന അനുഭവം, കാണല്‍ , എന്നത് ശുദ്ധമായ പരമാവബോധം തന്നെയാണ്. കേവലം ജഡമെന്നു കരുതപ്പെടുന്ന വായു വസ്തുക്കളുമായി സ്പര്‍ശനാസ്പദമായ ഒരു ബന്ധം സ്ഥാപിക്കാന്‍ ഇടയാക്കുമ്പോള്‍ ത്വക്കിന്ദ്രിയം പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സ്പര്‍ശം എന്ന അനുഭവവും അനന്താവബോധം തന്നെ.

അതുപോലെതന്നെ പ്രാണവായു തന്നെയാണ് ഉചിതമായ മാറ്റങ്ങളോടെ മൂക്കിനു ഗന്ധമാസ്വദിക്കാനുള്ള ആര്‍ജ്ജവമേകുന്നത്. ഗന്ധമറിയുന്നത് ബോധം തന്നെയാണ്. മനസ്സ് കേള്‍വിശക്തിയുമായി ചേരുമ്പോള്‍ മാത്രമേ കേള്‍വി അനുഭവമാകുന്നുള്ളു. ശുദ്ധമായ ബോധമാണ് കേള്‍ക്കുന്നത്.

കര്‍മ്മങ്ങള്‍ ചിന്തകളുടെ തുടര്‍ച്ചയാണ്. ചിന്തകള്‍ മനസ്സിന്റെ പ്രവര്‍ത്തനമാണ്. മനസ്സെന്നത് ഉപാധിസ്ഥമായ ബോധമാണ്. എന്നാല്‍ ബോധം സ്വയം ഉപാധിരഹിതവുമാണ്. വിശ്വം എന്നത് സ്ഫടികനിര്‍മ്മിതമായ മായാഗോളത്തിലെ കാഴ്ച്ചകളെന്നപോലെ ബോധത്തിലെ വിക്ഷേപങ്ങള്‍ മാത്രമാണ്. എന്നാല്‍ ആ വിക്ഷേപങ്ങള്‍ക്ക് ഒന്നും ബോധത്തെ ബാധിക്കുവാന്‍ കഴിയില്ല. ജീവനാണ് ബോധത്തിന് വാഹനമാകുന്നത്. അതുപോലെ അഹങ്കാരം ജീവനും, ബുദ്ധി അഹംകാരത്തിനും, മനസ്സ് ബുദ്ധിക്കും, പ്രാണന്‍ മനസ്സിനും, ഇന്ദ്രിയങ്ങള്‍ പ്രാണനും, ഇന്ദ്രിയങ്ങള്‍ക്ക് ദേഹവും വാഹനങ്ങളാകുന്നു. ചലനമാണ് ദേഹത്തിന്റെ വാഹനം. കര്‍മ്മത്തിന്റെ ഗതിവിഗതികള്‍ ഇങ്ങിനെയൊക്കെയാണ്.

പ്രാണന്‍ മനസ്സിന്റെ വാഹനമാകയാല്‍ പ്രാണന്‍ പോകുന്നിടത്തേയ്ക്ക് മനസ്സെത്തും. എന്നാല്‍ മനസ്സ് ആത്മാഭിമുഖമായാല്‍ പിന്നെ പ്രാണന് ചലനമില്ല. പ്രാണന്റെ നിരോധത്തില്‍ മനസ്സും പ്രശാന്തമാവുന്നു. “സവാരിക്കാരന്‍ പോവുന്നത് വണ്ടി പോവുന്നിടത്തേയ്ക്കാണെന്നതുപോലെ പ്രാണനെ മനസ്സ് പിന്തുടര്‍ന്നു പോവുന്നു.”

ബോധത്തിന്റെ പ്രസ്ഫുരണമാണ് പൂര്യഷ്ടകം എന്ന മനസ്സ്. പഞ്ചഭൂതങ്ങള്‍ , മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തപ്രാണന്‍, കര്‍മ്മേന്ദ്രിയങ്ങള്‍ , ജ്ഞാനേന്ദ്രിയങ്ങള്‍ , അവിദ്യ, ആഗ്രഹങ്ങള്‍ , കര്‍മ്മങ്ങള്‍ എന്നിങ്ങനെ മനസ്സിനെ പലരും വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. അതിനു ലിംഗശരീരം – സൂക്ഷ്മശരീരം എന്നും പേരുണ്ട്.

എന്നാല്‍ ഇപ്പറഞ്ഞതെല്ലാം ബോധത്തിലുദിച്ച് ബോധത്തില്‍ നിലകൊണ്ട്, ബോധത്തില്‍ വിലയിക്കുന്നത് കൊണ്ട് വാസ്തവത്തില്‍ എല്ലാത്തിലും സത്തായത് ബോധം മാത്രം.