യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 368 [ഭാഗം 6. നിര്‍വാണ പ്രകരണം]

പുഷ്ടസങ്കല്‍പ്പമാത്രേണ യദിദം ദുഃഖമാഗതം
തദസങ്കല്‍പ്പമാത്രേണ ക്ഷയി കാത്ര കദര്‍ഥനാ (6/33/34)

അനന്താവബോധത്തില്‍ എങ്ങിനെയാണ് ദ്വന്ദതയുണ്ടായത് എന്നും ഈ ദ്വന്ദത യുഗപര്യന്തം ആവര്‍ത്തിച്ചുറപ്പിക്കുക മൂലം പ്രബലപ്പെട്ടതെങ്ങിനെയെന്നും ഉള്ള വസിഷ്ഠന്റെ ചോദ്യങ്ങള്‍ക്കുത്തരമായി ഭഗവാന്‍ ഇങ്ങിനെ പറഞ്ഞു: ആകെയുള്ളത് ആ അനന്താവബോധമായ പരബ്രഹ്മം മാത്രമാകയാല്‍ ദ്വന്ദതയും വൈവിദ്ധ്യതയും തികച്ചും അസാദ്ധ്യവും യുക്തിഹീനവുമത്രേ. ഒന്ന് എന്ന ചിന്തയുണ്ടാവുന്നത് രണ്ടെന്നുള്ള ധാരണമൂലമാണ്. തിരിച്ചും അത് ബാധകമാണ്. എന്നാല്‍ ഈ വൈവിദ്ധ്യതയും ബോധമാണെന്നു തിരിച്ചറിയുമ്പോള്‍ അതും ബോധം തന്നെ. കാര്യവും കാരണവും വാസ്തവത്തില്‍ ഒന്നുതന്നെ. അതിന്റെ വസ്തുത കാര്യകാരണങ്ങളില്‍ നിന്നും വേര്‍തിരിക്കാന്‍ ആവുന്നതല്ല.

ബോധത്തിന്റെ വിഷയവും ബോധം മാത്രമാണ്. അവയില്‍ ഉണ്ടെന്നു കരുതപ്പെടുന്ന ഉപാധികള്‍ വൃഥാചിന്തകള്‍ മാത്രം. സമുദ്രോപരി പര്‍വ്വതസമാനം തിരകള്‍ ഉയര്‍ന്നുപൊങ്ങിയെന്നിരിക്കിലും അവ സമുദ്രത്തില്‍ നിന്നും ബാഹ്യമായാണോ ഉള്ളത്?

ബോധമാണ് ‘അതും, ഇതും, മാറ്റങ്ങള്‍ക്കു വിധേയമായി മദ്ധ്യേയുള്ളതും’ ആയി വിരാജിക്കുന്നത്. അതേ അനന്താവബോധം തന്നെയാണ് ബ്രഹ്മം, സത്യം, ദൈവം,ശിവന്‍, ശൂന്യം, ഏകം, പരമാത്മാവ് എന്നെല്ലാം അറിയപ്പെടുന്നത്. നിത്യശുദ്ധമായ ‘ഞാന്‍’ എല്ലാ നാമരൂപധാരണകള്‍ക്കും ഉപരിയായി, പരമാത്മാവായി വാക്കുകള്‍ക്കതീതമായി നിലകൊള്ളുന്നു. അത് അവിഛിന്നമത്രേ.

ഈ ബോധം രണ്ടാമതൊരു ദര്‍ശനത്തിനായി സ്വയം സമര്‍പ്പിക്കുമ്പോള്‍ (ഉപനയനം –വേദപഠനത്തിന്റെ പവിത്രമായ ചരട് എന്നും അര്‍ത്ഥം.) അത് ദ്വന്ദതയെ അറിയുന്നു. അത് സ്വയം അജ്ഞാനകല്‍പ്പനകളില്‍ മുഴുകി ബന്ധനത്തിലാവുന്നു. ഈ സങ്കല്‍പ്പങ്ങള്‍ ബലവത്തായി വിഷയവസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യഭാവം കൈവരുന്നു.

അതുകഴിയുമ്പോള്‍ അഹംഭാവവും വേരുറച്ചു സുദൃഢമാവുന്നു. അത് കര്‍ത്താവും ഭോക്താവും ആയി അനുഭവങ്ങളെ വേദിക്കുന്നു. അങ്ങിനെ ഒരിക്കല്‍ ആകസ്മികമായി വന്നുചേര്‍ന്ന ഒരു ധാരണാപ്പിശക് സുദൃഢമായ ഒരു വസ്തുതയെന്നപോലെയായിത്തീരുന്നു.

പിശാചിനെ സൃഷ്ടിക്കുന്നത് പിശാചുണ്ടെന്ന വിശ്വാസമാണ്. ദ്വന്ദതയുണ്ടാക്കുന്നതും അങ്ങിനെ വിശ്വസിക്കുന്നത് കൊണ്ടാണ്. അദ്വൈതമായതിനെ അറിഞ്ഞാല്‍പ്പിന്നെ ദ്വൈതം ക്ഷണത്തില്‍ ഇല്ലാതെയാവും. വിശ്വാസമാണ് എല്ലാ വൈവിദ്ധ്യങ്ങള്‍ക്കും കാരണമാവുന്നത്. ആ വിശ്വാസം ഇല്ലാതായാല്‍ വിഭിന്നതയും ഇല്ലാതായി. ചിന്ത, സങ്കല്‍പ്പം, വിശ്വാസം എന്നിവയാണ് ദുഖകാരണങ്ങള്‍ . എന്നാല്‍ അവയെ ഉപേക്ഷിക്കുക എന്നത് വേദനാജനകമൊന്നുമല്ല എന്നറിഞ്ഞാലും .

“ഈ ദുഖത്തെ ഉണ്ടാക്കിയത് ചിന്തകളും വിശ്വാസങ്ങളുമാണ്. അവ ഇല്ലാതായാല്‍ ദുഖവും അവസാനിച്ചു. ഇതിനെന്താണ് ബുദ്ധിമുട്ട്?” എല്ലാ ചിന്തകളും വിശ്വാസങ്ങളും ദുഖത്തിലവസാനിക്കുന്നു. എന്നാല്‍ ചിന്താരഹിതമായ അവസ്ഥ ആനന്ദദായകമാണ്.

അതിനാല്‍ വിവേകത്തിന്റെ അഗ്നിയില്‍ വിശ്വാസങ്ങളുടെ ജലത്തെ ആവിയാക്കി മാറ്റി ഇല്ലാതാക്കുക. അങ്ങിനെ പ്രശാന്തതയെ പുല്‍കി പരമാനന്ദം അറിയുക. ഏകമായ അനന്താവബോധത്തെ അറിയൂ. ‘ഞാന്‍ രാജാവ്’ എന്ന വസ്തുത മറന്നിരിക്കുന്ന സമയത്തോളമേ രാജാവിന് ദുരിതമനുഭവിക്കേണ്ടി വരുന്നുള്ളൂ. താന്‍ രാജാവാണെന്നുള്ള തിരിച്ചറിവുണ്ടായാല്‍ എല്ലാ ദുഖവും അവസാനിച്ചു. മഴക്കാലം കഴിഞ്ഞു ശരത്കാലമാവുമ്പോള്‍ ആകാശത്തിനു മുഖംമൂടിയായി കൂടുതല്‍ മേഘങ്ങളെ സംഘടിപ്പിക്കാന്‍ കഴിയാത്തതുപോലെ ഒരിക്കല്‍ അനന്താവബോധത്തെ സാക്ഷാത്കാരിച്ചാല്‍പ്പിന്നെ അവിദ്യയുടെ മേഘങ്ങള്‍ക്ക് അവിടെ പ്രവേശനമില്ല.