യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 381 [ഭാഗം 6. നിര്‍വാണ പ്രകരണം]
ഗ്രാഹ്യഗ്രഹാക സംബന്ധേ സാമാന്യേ സര്‍വദേഹിനാം
യോഗിനഃ സാവധാനത്വം യത്തദര്‍ച്ചനമാത്മനഃ (6/43/8)
വസിഷ്ഠന്‍ തുടര്‍ന്നു: ‘അസത്താ’യ ജീവന്‍ ഇല്ലാത്തൊരു ലോകത്തെ, ഇല്ലായ്മയുടെ വ്യര്‍ത്ഥമായ സ്വാധീനത്താല്‍ അറിയുന്നു! ഇതില്‍ സത്തേത്, അസത്തേത് എന്നെല്ലാം എങ്ങിനെയറിയാനാണ്? സങ്കല്‍പ്പകല്‍പ്പിതമായ ഒരു വസ്തുവിനെ ചമല്‍ക്കാരത്തോടെ ആരോ വിവരിക്കുന്നതുപോലെയാണത്. എന്നിട്ട് കേള്‍ക്കുന്നയാള്‍ സ്വമനസ്സിലെ സങ്കല്‍പ്പത്തില്‍ അത് മനസ്സിലായെന്ന് സങ്കല്‍പ്പിക്കുകയാണ്.
ദ്രാവകങ്ങളിലെ ദ്രവത്വം, കാറ്റിന്റെ ചലനം, ആകാശത്തിലെ ശൂന്യത, എന്നിവയെപ്പോലെ ആത്മാവ് സര്‍വ്വവ്യാപിയാണ്. അന്ന് പരമശിവന്‍ ഉപദേശിച്ചശേഷം ഞാന്‍ അനന്തമായ പരമാത്മാവിനെ സദാ ആരാധിച്ചുവരുന്നു. ആ ആരാധനയുടെ കാരുണ്യത്താല്‍ എന്തൊക്കെ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാലും അവയുടെ കര്‍മ്മഫലങ്ങള്‍ എന്നെ ബാധിക്കുന്നതേയില്ല. എനിക്കതുകൊണ്ട് ദുഖമേതും അനുഭവിക്കേണ്ടി വരുന്നുമില്ല.
വിച്ഛിന്നമായി കാണപ്പെടുന്നുവെങ്കിലും അവിച്ഛിന്നമായ ആ പരമാത്മാവിനെ കയ്യില്‍ക്കിട്ടുന്ന എന്തും പൂക്കളായി സങ്കല്‍പ്പിച്ചു ഞാന്‍ അര്‍ച്ചിക്കുന്നു. സ്വാഭാവികമായി എന്നില്‍ ഉണരുന്ന കര്‍മ്മങ്ങള്‍ ഞാന്‍ ചെയ്യുന്നു. “മറ്റുള്ളവരുമായി ബന്ധപ്പെടുക, വസ്തുക്കളെ സ്വായത്തമാക്കുക, മറ്റുള്ളവര്‍ക്ക് സ്വായത്തമാക്കാന്‍ വിട്ടുകൊടുക്കുക, എന്നതെല്ലാം ദേഹമുള്ള ജീവനു സാധാരണമാണ്. എനാല്‍ യോഗികള്‍ വളരെ ജാഗരൂകരാണ്. അവരുടെ ജാഗ്രത തന്നെയാണ് ആത്മപൂജ.”
ഈ മാനസികഭാവത്തോടെ യാതൊരാസക്തികള്‍ക്കും വശംവദനാകാതെ ഞാനീ സംസാരമെന്ന കൊടുംകാട്ടില്‍ അനായാസം വിലസുകയാണ്. നീയും അങ്ങിനെ ചെയ്യുകയാണെങ്കില്‍ ദുഖിക്കേണ്ടിവരികയില്ല. പ്രിയപ്പെട്ടവരുടെ വിയോഗം, സമ്പത്തിന്റെ നാശം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ വന്നുചേരുമ്പോള്‍ സത്യത്തിനെക്കുറിച്ച് ഞാന്‍ പറഞ്ഞതുപോലെ അന്വേഷിക്കൂ. നിന്നെ സന്തോഷസന്താപങ്ങള്‍ ബാധിക്കുകയില്ല.
നിനക്കിപ്പോള്‍ കാര്യങ്ങളുടെ സ്ഥിതിഗതികള്‍ മനസ്സിലായല്ലോ. കാഴ്ചകളില്‍ ഭ്രമിച്ചുവശായ, ആത്മാന്വേഷണസ്വഭാവമില്ലാത്തവരുടെ വിധി എന്തെന്ന് ഇപ്പോള്‍ നിനക്കറിയാം. അവര്‍ നിനക്ക് യോജിച്ചവരല്ല. അവര്‍ക്ക് നീയും അനുയോജ്യനല്ല.
ഇതാണ് ലോകത്തിന്റെ ‘അസത്തായ’ സ്വഭാവം. അതായത് ഇല്ലാത്ത ലോകത്തിന്റെ ഇല്ലാത്ത സ്വഭാവഗുണങ്ങള്‍ ! അതുകൊണ്ട് ദുഖിക്കാതിരിക്കുക. രാമാ നീ ശുദ്ധമായ അവബോധമാണ്.
വൈവിദ്ധ്യമാര്‍ന്ന ‘സൃഷ്ടി’യുടെ മായാ പ്രതീതികള്‍ നിര്‍മ്മലമായ അവബോധത്തെ ബാധിക്കുകയില്ല. ഇത് നിനക്ക് മനസ്സിലായാല്‍പ്പിന്നെ ഇഷ്ടാനിഷ്ടധാരണകള്‍ നിന്നിലെങ്ങിനെ അങ്കുരിക്കാനാണ്? രാമാ, ഈ അറിവ് ഉള്ളില്‍ നിറച്ച് തുരീയമെന്ന നാലാമത്തെ അതീന്ദ്രിയാവസ്ഥയില്‍ സദാ നിലകൊണ്ടാലും.
രാമന്‍ പറഞ്ഞു: ഗുരോ ഞാന്‍ ദ്വൈതമെന്ന മാലിന്യത്തില്‍ നിന്നും മുക്തനായിരിക്കുന്നു. ഇതെല്ലാം ബ്രഹ്മം മാത്രമെന്ന് ഞാന്‍ അറിയുന്നു. എന്റെ പ്രജ്ഞ നിര്‍മ്മലമായിരിക്കുന്നു. എന്നിലെ സംശയങ്ങള്‍ , ആശയങ്ങള്‍ , ചോദ്യങ്ങള്‍ എന്നിവയ്ക്കെല്ലാം അവസാനമായിരിക്കുന്നു. എനിക്ക് സ്വര്‍ഗ്ഗത്തില്‍ ആഗ്രഹമില്ല. എനിക്ക് നരകത്തെ ഭയവുമില്ല. ഞാന്‍ ആത്മാവില്‍ അഭിരമിക്കുന്നു. അങ്ങയുടെ അനുഗ്രഹത്താല്‍ കാണപ്പെടുന്ന ലോകമെന്ന സംസാരസാഗരത്തെ തരണം ചെയ്യാന്‍ എനിക്കായി. ആത്മജ്ഞാനത്തിന്റെ നേരറിവ് എന്നില്‍ പൂര്‍ണ്ണസാക്ഷാത്കാരത്തിന്റെ നിറവായിരിക്കുന്നു.