യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 384 [ഭാഗം 6. നിര്‍വാണ പ്രകരണം]

ബീജം പുഷ്പഫലാന്തസ്ഥം ബീജാന്തര്‍നാന്യദാത്മകം
യദൃശീ ബീജസത്താ സാ ഭവന്തീ യാത്യഥോത്തരം (6/46/30)

വസിഷ്ഠന്‍ തുടര്‍ന്നു: ഇക്കാര്യത്തെ കുറച്ചുകൂടി വ്യക്തമാക്കാന്‍ ഒരു ദൃഷ്ടാന്തകഥ കൂടി ഞാന്‍ പറയാം. വലിയൊരു കല്ല്. അത് നിറയെ സ്നേഹവും മൃദുത്വവും നിറഞ്ഞിരിക്കുന്നു. അത് എല്ലാവര്‍ക്കും പ്രാപ്യവുമാണ്. അത് സര്‍വ്വവ്യാപിയും സനാതനവുമാണ്. അതിനുള്ളില്‍ എണ്ണമറ്റ താമരകള്‍ വിടര്‍ന്നു നില്‍ക്കുന്നു. അവയുടെ ദലങ്ങള്‍ ചിലപ്പോള്‍ പരസ്പരം തൊട്ടും ചിലപ്പോള്‍ തൊടാതെയും ചിലപ്പോള്‍ തെളിഞ്ഞും മറ്റുചിലപ്പോള്‍ മറഞ്ഞും നിലകൊള്ളുന്നു. ചിലവ താഴേയ്ക്ക് കൂമ്പിയും മറ്റുള്ളവ മുകളിലേയ്ക്ക് തിരിഞ്ഞും ചിലപ്പോള്‍ പരസ്പരം കെട്ടുപിണഞ്ഞും കാണപ്പെടുന്നു.

ചിലതിനു വേരുകളില്ല. എല്ലാം അതിനുള്ളില്‍ നിലകൊള്ളുന്നു എന്നാല്‍ അവയൊന്നും അവയിൽ ഇല്ലതാനും. രാമാ ഈ കല്ലാണ് വിശ്വാവബോധം. അതിന്റെ സാന്ദ്രത പാറയുടേതുപോലെ ഉറച്ചതാണ്. എന്നാല്‍ അതിനുള്ളിലാണ് വൈവിദ്ധ്യമാര്‍ന്ന ലോകങ്ങളെല്ലാം കാണപ്പെടുന്നത്. ഒരു ശിലയില്‍ ആര്‍ക്കും എന്ത് തരം മൂര്‍ത്തികളെയും രൂപങ്ങളെയും വേണമെങ്കില്‍ സങ്കല്‍പ്പിച്ചുണ്ടാക്കാമല്ലോ. അതുപോലെ ഈ ലോകങ്ങളും അനന്താവബോധത്തില്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയതാണ്. ശില്‍പികള്‍ ശിലയില്‍ വിവിധങ്ങളായ രൂപങ്ങള്‍ കൊത്തിയുണ്ടാക്കിയാലും ശില ശിലയല്ലാതാകുന്നില്ല.

അതുപോലെ വിശ്വാവബോധം എന്നത് ബോധത്തിന്റെ ഘനസാന്ദ്രമായ ഒരേയൊരു സത്തയാണ്. ശിലയില്‍ ശില്‍പ്പിക്ക് കൊത്തിയെടുക്കാന്‍ ഉതകുംവിധത്തില്‍ സാദ്ധ്യതാ സാന്നിദ്ധ്യമായി അനേകം രൂപങ്ങള്‍ നിലകൊള്ളുന്നു. അതുപോലെ ബോധഘനത്തില്‍ വൈവിദ്ധ്യതയാര്‍ന്ന വിശ്വങ്ങള്‍ , നാമരൂപങ്ങളായി, സാദ്ധ്യതകളായി നിലകൊള്ളുന്നു. മൂര്‍ത്തികളെ കൊത്തിയെടുത്താലും ഇല്ലെങ്കിലും കല്ലിനു കല്ലിന്റെ അസ്തിത്വം നഷ്ടപ്പെടുന്നില്ല. അതുപോലെ പ്രകടിതമായ വിശ്വങ്ങള്‍ ‘സൃഷ്ടിക്കപ്പെട്ടാലും’ ഇല്ലെങ്കിലും ബോധം ബോധമായിത്തന്നെ നിലകൊള്ളും.

ലോകമെന്ന കാഴ്ച കേവലം വെറുമൊരു പ്രകടനം മാത്രം. അതിന്റെ പൊരുള്‍ ബോധം തന്നെയാകുന്നു. പ്രകടിതമായ കാഴ്ചകളും ഉപാധികളും എല്ലാം ബ്രഹ്മം തന്നെ. എല്ലാമെല്ലാം അനന്താവബോധം മാത്രം. ബോധത്തിന് മാറ്റങ്ങള്‍ ഇല്ല. ബ്രഹ്മത്തില്‍ ഗോചരമായ (ഇന്ദ്രിയങ്ങളാൽ തിരിച്ചറിയാവുന്ന) ഒന്നിനും സാംഗത്യമില്ലതന്നെ. കാരണം കാണപ്പെടുന്ന മാറ്റങ്ങള്‍ ബ്രഹ്മത്തില്‍ ആരോപിക്കുന്നത് മരുഭൂമിയിലെ മരീചികാജലം പോലെയൊരു വൃഥാവ്യായാമമാണ്.

“ബീജത്തില്‍ ബീജമല്ലാതെ യാതൊന്നും ഇല്ല. അതില്‍നിന്നുണ്ടാവുന്ന പൂക്കളും കായ്കളും എല്ലാം വിത്തിന്റെ സഹജപ്രകൃതി തന്നെയാണല്ലോ. വിത്തിന്റെ സത്തായ സ്വഭാവം അതിന്റെ പിന്നീടുള്ള വികാസപരിണാമങ്ങളിലും സഹജമായിരിക്കും.” അതുപോലെ ബോധഘനത്തില്‍ നിന്നും അതിന്റെ സ്വഭാവത്തിനു യോജിക്കാത്ത യാതൊന്നും ഉണ്ടാവുക വയ്യ.

സത്യമറിയുമ്പോള്‍ ദ്വന്ദത അവസാനിക്കുന്നു. ബോധത്തിന് ഒരിക്കലും ‘അബോധ’ മാവാന്‍ സാദ്ധ്യമല്ല. ഉപാധികളും മാറ്റങ്ങളും ഉണ്ടെങ്കില്‍ അവയും ബോധം തന്നെ. അതുകൊണ്ട് എന്തൊക്കെയുണ്ടോ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടോ അതെല്ലാം ബ്രഹ്മം മാത്രം. അനന്തമായ ബോധഘനത്തില്‍ സാദ്ധ്യതകളായി എല്ലാമെല്ലാം എപ്പോഴും നിലകൊള്ളുന്നു.