യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 391 [ഭാഗം 6. നിര്‍വാണ പ്രകരണം]
നപുംസ ഇവ ജീവസ്യ സ്വപ്നഃ സംഭവതി ക്വചിത്
തേനൈതേ ജാഗ്രതോ ഭാവാ ജാഗ്രസ്വപ്നകൃതോഽത്ര ഹി (6/52/2)
വസിഷ്ഠന്‍ തുടര്‍ന്നു: ആദ്യജീവന്റെ, പ്രഥമ സ്വപ്നമാണ് സംസാരമെന്നറിയപ്പെടുന്ന, ഈ ലോകദൃശ്യം. “ജീവന്റെ സ്വപ്നം എന്നത് വ്യക്തിയുടെ സ്വപ്നം പോലെയല്ല. ജീവന്റെ സ്വപ്നം ഉണര്‍ന്നിരിക്കുമ്പോള്‍ത്തന്നെ അനുഭവവേദ്യമാവുന്നതാണ്. അതിനാല്‍ ഈ ജാഗ്രവസ്ഥതന്നെയാണ് സ്വപ്നമായി പരിഗണിക്കപ്പെടുന്നത്.”
തികച്ചും അസത്തും അടിസ്ഥാനരഹിതവും ആണെങ്കിലും ജീവന്റെ സ്വപനത്തിന്റെ മൂര്‍ത്തീകരണം അപ്പപ്പോള്‍ത്തന്നെ സംഭവിക്കുന്നു. ജീവന്‍ ഒരു സ്വപ്നത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക് കടന്നുപോയ്ക്കൊണ്ടേയിരിക്കുന്നു. അങ്ങിനെ ആ സ്വപ്നങ്ങള്‍ കൂടുതല്‍ സാന്ദ്രതയാര്‍ന്ന് തെറ്റിദ്ധാരണകള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ ഭാവം കൈവരികയാണ്. അങ്ങിനെ അസത്തിനെ സത്തായി കണക്കാക്കി, സത്തിനെ അസത്തായി അവഗണിക്കാന്‍ ഇടയാകുന്നു. അര്‍ജുനനെപ്പോലെ ബുദ്ധിയും വിവേകവും ആര്‍ജ്ജിച്ചു ജീവിക്കുക. ഭഗവാന്റെ ഉപദേശങ്ങളാലാണ് അര്‍ജുനന്‍ വിവേകശാലിയായി മാറാന്‍ പോവുന്നത്.
വിശ്വം മുഴുവനും വിശ്വാവബോധമെന്ന ഒരേയൊരു പ്രപഞ്ചസമുദ്രമത്രേ. അതില്‍ പതിന്നാലുതരം ജീവികള്‍ വസിക്കുന്നു. ഇതില്‍ യമന്‍, ചന്ദ്രന്‍, സൂര്യന്‍, തുടങ്ങിയ ദേവതകള്‍ നേരത്തെതന്നെ ഉണ്ടായിരുന്നു. അവര്‍ ധാര്‍മ്മികമായി അനുഷ്ഠിക്കേണ്ട കര്‍മ്മപദ്ധതികള്‍ വ്യവസ്ഥാപിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ ജീവികള്‍ പാപപങ്കിലമായ ജീവിതം നയിക്കുമ്പോള്‍ മരണദേവനായ യമന്‍, കുറച്ചുകാലത്തേയ്ക്ക് ധ്യാനനിരതനായി മാറി നില്‍ക്കുന്നു. ഈ സമയത്ത് ജനപ്പെരുപ്പമുണ്ടായി ഒരു പൊട്ടിത്തെറി സംഭവിക്കുന്നു. ദേവന്മാര്‍ ഈ സ്ഫോടനത്തെ ഭയന്ന് അതിന്റെ ആഘാതങ്ങളെ ചെറുക്കാനുള്ള വഴികള്‍ തേടുന്നു. ഇതെല്ലാം അനേകതവണ പ്രപഞ്ചത്തില്‍ നടന്നുകഴിഞ്ഞിരിക്കുന്നു.
ഇപ്പോഴത്തെ ഭരണാധികാരി വൈവസ്വതന്‍ എന്ന യമനാണ്. അദ്ദേഹവും കുറച്ചുനാളേയ്ക്ക് ധ്യാനത്തിനായി മാറി നില്‍ക്കും. ആ സമയം ലോകത്തെ ജനസംഖ്യ അനേകമടങ്ങ് വര്‍ദ്ധിക്കും. ദേവന്മാര്‍ ഭഗവാന്‍ വിഷ്ണുവിനെ സമീപിച്ചു സഹായം അഭ്യര്‍ത്ഥിക്കും. ഭഗവാന്‍ ശ്രീകൃഷ്ണനായി ജന്മമെടുക്കും. അദ്ദേഹത്തിന്‍റെ ആത്മമിത്രമായി അര്‍ജുനനും ജനിക്കും. അര്‍ജുനന്റെ ജ്യേഷ്ഠനായി, ധര്‍മ്മരാജാവിന്റെ പുത്രനായി, യുധിഷ്ഠിരനും ജനിക്കും. യുധിഷ്ഠിരന്‍ ധര്‍മ്മനിഷ്ഠനായി എല്ലാവര്‍ക്കും മാതൃകയാവും. അവരുടെ പിതൃസഹോദരപുത്രനായ ദുര്യോധനനുമായി അര്‍ജ്ജുനന്റെ സഹോദരന്‍ ഭീമന്‍ മല്ലയുദ്ധം ചെയ്യും. സഹോദരപുത്രന്മാര്‍തമ്മിലുള്ള യുദ്ധത്തില്‍ പതിനെട്ടക്ഷൌഹിണി പടകളും കൊന്നൊടുങ്ങും. അങ്ങിനെ വിഷ്ണുഭഗവാന്‍ ഭൂമിയുടെ അമിതഭാരം ഇല്ലാതെയാക്കും.
കൃഷ്ണനും അര്‍ജുനനും സാധാരണക്കാരുടെ വേഷം സ്വീകരിച്ചു ജീവിച്ച് ആ ‘വേഷങ്ങള്‍ ’ ഭംഗിയായി കൈകാര്യം ചെയ്യും. സഹോദരന്മാര്‍ തമ്മിലുള്ള യുദ്ധത്തില്‍ ഇരുഭാഗത്തുമുള്ള ബന്ധുമിത്രാദികളെ കണ്ട് അര്‍ജുനന്‍ വിഷാദഗ്രസ്ഥനായി യുദ്ധത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാവും. ആ സമയത്ത് ഭഗവാന്‍ കൃഷ്ണന്‍ വിവേകോപദേശത്താല്‍ അര്‍ജ്ജുനനില്‍ ആത്മീയമായ ഉണര്‍വ്വുണര്‍ത്തും. ഭഗവാന്‍ അര്‍ജ്ജുനനെ ഇങ്ങിനെ ഉപദേശിക്കും.
“ആത്മാവ് ജനിക്കുന്നും മരിക്കുന്നുമില്ല. അത് ശാശ്വതമാണ്. ശരീരത്തിന്റെ മരണത്തോടെ അത് കൊല്ലപ്പെടുന്നില്ല. ആത്മാവ് കൊല്ലുമെന്നും കൊല്ലപ്പെടുമെന്നും കരുതുന്നവന്‍ കേവലം അജ്ഞാനിയാണ്. രണ്ടാമതൊന്ന് എന്ന സങ്കല്‍പ്പത്തിനുപോലും ഇട നല്‍കാത്ത അനന്തമായ, അദ്വയമായ ആത്മാവിനെ ആര്‍ക്ക്, എങ്ങിനെ, നശിപ്പിക്കാനാവും? അര്‍ജ്ജുനാ, അനന്തവും അജവും ശാശ്വതവും നിത്യശുദ്ധബോധസ്വരൂപവുമായ ആത്മാവിനെ അറിയൂ. നീ ജനനമരണങ്ങളില്ലാത്ത നിത്യനിര്‍മ്മലമായ പരംപൊരുളാണ്.