കാലാശ്രയമെന്നായണയുന്നോര്‍ക്കനുകുലന്‍
ഫാലാക്ഷനധര്‍മിഷ്ഠരിലേറ്റം പ്രതികുലന്‍
പാലിക്കണമെന്നെപ്പരിചോടിന്നു കുളത്തൂര്‍
കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍
ഈ ലോകമശേഷം ക്ഷണമാത്രേണ സൃജിച്ചാ-
രാലോകനമാത്രേണ ഭരിക്കുന്നനുവേലം
ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ
കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍.
സര്‍വ്വശ്രയമെങ്ങും നിറയുന്നോനപി ഭക്തര്‍-
ക്കിവ്വാറൊരു രൂപം ഭജനത്തിന്നു ധരിപ്പോന്‍
ആലസ്യമൊഴിച്ചപ്പരബോധം തരണം മേ
കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍.
ഈ ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി-
ങ്ങാലോചന കൂടാതപഥത്തിങ്കലണഞ്ഞാല്‍
ആ ലാക്കിലുടന്‍ സന്‍മതിതോന്നിക്കുകെനിക്കെന്‍-
കോലത്തുകരക്കൊവിലില്‍വാഴും പരമേശന്‍.
കൈകാല്‍മുതലാമെന്നുടെയങ്ഗങ്ഗങ്ങളിലൊന്നും
ചെയ്യാതൊരു സത്കര്‍മമൊഴിഞ്ഞങ്ങവിവേകാല്‍
വയ്യാത്തതു ചെയ്യാന്‍ തുനിയാതാക്കുക വേണം
കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ!
രോഗാദികളെല്ലാമൊഴിവാക്കീടുകവേണം
ഹേ! കാമദ, കാമാന്തക, കാരുണ്യപയോധേ!
ഏകീടണമേ സൗഖ്യമെനിക്കന്‍പൊടു ശംഭോ!
കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ!
ദാരിദ്ര്യമഹാദുഃഖമണഞ്ഞീടരുതെന്നില്‍
ദൂരത്തകലേണം മദമെന്നും സുജനാനാം
ചാരത്തു വസിപ്പാനൊരു ഭാഗ്യം വരണം ശ്രീ-
കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ!
ചാപല്യവശാല്‍ ചെയ്തൊരു പാപങ്ങള്‍ പൊറുത്തെന്‍-
താപങ്ങളൊഴിച്ചാളണമെന്നല്ലിനി നിത്യം
പാപാപഹമാം നിന്‍പദമോര്‍ക്കായ്‍വരണം മേ
കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ!
ധാതാവിനുമാ മാധവനും കൂടിയമേയം
വീതാവധി നിന്‍ വൈഭവമാരാണുര ചെയ്‍വാന്‍?
ഏതാനുമിവന്നുള്ളഭിലാഷങ്ങള്‍ പറഞ്ഞേന്‍
കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ!
മാലുണ്ടതുരയ്‍പ്പാന്‍ കഴിവില്ലാശ്ശിശുവിന്റെ
പോലിങ്ങു നിരര്‍ഥധ്വനിയാണെന്റെ പുലമ്പല്‍
ആലംബനമാമെങ്കിലുമംബാസമമിന്നെന്‍-
കോലത്തുകരക്കോവിലില്‍വാഴും പരമേശ്വരന്‍.