പുണര്‍ന്നു പെറുമെല്ലാമൊ-
രിനമാം പുണരാത്തത്
ഇനമല്ലിനമാമിങ്ങൊ-
രിണയാര്‍ന്നൊത്തു കാണ്‍മതും
ഓരോ ഇനത്തിനും മെയ്യു-
മോരോ മാതിരിയൊച്ചയും
മണവും ചുവയും ചൂടും
തണുവും നോക്കുമോര്‍ക്കണം
തുടര്‍ന്നോരോന്നിലും വെവ്വേ-
റടയാളമിരിക്കയാല്‍
അറിഞ്ഞീടുന്നു വെവ്വേറെ
പിരിച്ചോരോന്നുമിങ്ങു നാം
പേരൂരു തൊഴിലീ മൂന്നും
പോരുമായതു കേള്‍ക്കുക!
ആരു നീയെന്നു കേള്‍ക്കേണ്ട
നേരു മെയ്‌തന്നെ ചൊല്കയാല്‍
ഇനമാര്‍ന്നുടല്‍ താന്‍ തന്റെ-
യിനമേതെന്നു ചൊല്‍കയാല്‍
ഇനമേതെന്നു കേള്‍ക്കില്ല
നിനവും കണ്ണുമുള്ളവര്‍
പൊളി ചൊല്ലുന്നിനം ചൊല്‍വ-
തിഴിവെന്നു നിനയ്ക്കയാല്‍,
ഇഴിതില്ലിനമൊന്നാണു
പൊളി ചൊല്ലരുതാരുമേ
ആണും പെണ്ണും വേര്‍തിരിച്ചു
കാണുംവണ്ണമിനത്തെയും
കാണണം കുറികൊണ്ടിമ്മ-
ട്ടാണു നാമറിയേണ്ടത്.
അറിവാമാഴിയില്‍ നിന്നു
വരുമെല്ലാവുടമ്പിലും
കരുവാണിന,മീ നീരിന്‍
നിരതാന്‍ വേരുമായിടും
അറിവാം കരുവാന്‍ ചെയ്ത
കരുവാണിനമോര്‍ക്കുകില്‍
കരുവാര്‍ന്നിനിയും മാറി
വരുമീ വന്നതൊക്കെയും
ഇനമെന്നിതിനെച്ചൊല്ലു-
ന്നിന്നതെന്നറിയിക്കയാല്‍
ഇനമില്ലെങ്കിലില്ലൊന്നു-
മിന്നതെന്നുള്ളതൂഴിയില്‍