യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 393 – ഭാഗം 6 നിര്‍വാണ പ്രകരണം.
സാമാന്യം പരമം ചൈവ ദ്വേ രൂപേ വിദ്ധി മേഽനഘാ
പാണ്യാദിയുക്തം സാമാന്യം ശംഖചക്രഗദാധരം (6/53/36)
ഭഗവാന്റെ ഉപദേശം തുടരുകയാണ്: ബ്രഹ്മത്തിന്റെ അകവും പുറവും നിശ്ശൂന്യതയാണ്. യാതൊരു വ്യതിരിക്തതകളും ഉപാധികളും ഇല്ലാത്ത കേവല വസ്തുവാണത്. അതൊരു വിഷയമല്ല. വിഷയിയില്‍ നിന്നും വിഭിന്നവുമല്ല. ലോകമെന്ന കാഴ്ച അതില്‍ ആവിര്‍ഭവിക്കുന്നത് ചെറിയൊരംശം മാത്രമായാണ്. ലോകമെന്നത് വെറും തോന്നല്‍ – കാഴ്ച – മാത്രമായതിനാല്‍ അതിന്റെ യാഥാര്‍ഥ്യം നിശ്ശൂന്യത തന്നെയാണ്. അത് അസത്താണ്. എന്നാല്‍ വിസ്മയകരമെന്നു പറയട്ടെ, ഇവയില്‍ എങ്ങനെയോ ‘ഞാന്‍’ എന്നൊരു പരിമിത ഭാവം കടന്നുകൂടുന്നു. കാണപ്പെടുന്ന ലോകത്തില്‍നിന്നും ‘ഞാന്‍’ തുലോം ചെറുതാണെന്നുള്ള തോന്നലും ഉണ്ടാവുന്നു.
ഇതുകൊണ്ടൊന്നും അനന്തതയ്ക്ക് മാറ്റങ്ങള്‍ ഏര്‍പ്പെടുന്നില്ല. എന്നാല്‍ ഈ ‘ഞാന്‍’ എന്ന ഭാവം അനന്തതയ്ക്ക് ആപേക്ഷികമായ ഭിന്നഭാവങ്ങള്‍ നല്‍കുന്നുണ്ട്. ‘ഞാന്‍’ എന്ന തോന്നലും അനന്തതയില്‍ നിന്നും വിഭിന്നമല്ല. ഒരു നിര്‍ജീവ പദാര്‍ത്ഥവും ജീവനുള്ള ഒരു വാനരനും എല്ലാം അനന്തതയില്‍ ഒന്നുതന്നെ. ഈ ‘ഞാന്‍’ എന്ന ഭാവത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആര്‍ക്കാണ് ആഗ്രഹമുണ്ടാവുക? എന്തിലേയ്ക്കെങ്കിലും ഒട്ടണമെങ്കില്‍ അത് അനന്തതയിലേയ്ക്കായിക്കൂടെ? അതാണല്ലോ തന്റെ നിഗൂഢമായ ചൈതന്യത്താല്‍ പല രീതിയില്‍ പലതായും എല്ലാമായും കാണപ്പെടുന്നത്.
ഈ മാനസികഭാവത്തോടെ തന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളില്‍ ഫലകാംക്ഷ കൂടാതെ കഴിയുന്ന അവസ്ഥയാണ് സംന്യാസം. ആശാസങ്കല്‍പ്പങ്ങളെ ത്യജിക്കലാണ് സംന്യാസം. കാണപ്പെടുന്ന എല്ലാറ്റിലും ഭഗവല്‍ ദര്‍ശനം, ദ്വൈതഭാവത്തിന്റെ പരിപൂര്‍ണ്ണ നിരാസം, ആത്മാവിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണം. എല്ലാം ഭാഗവാനായി അര്‍പ്പിക്കുന്ന ഭാവതലമാണത്.
പ്രത്യാശകള്‍ ഞാനാകുന്നു. ലോകം ഞാനാകുന്നു. ഞാന്‍ കാലമാകുന്നു. ഞാന്‍ ഏകനും അനേകനുമാകുന്നു. അതിനാല്‍ നിന്റെ മനസ്സെന്നില്‍ അര്‍പ്പിച്ചാലും. എന്നെ നീ ഭക്തിപുരസ്സരം സേവിക്കുക. നമസ്കരിക്കുക. അങ്ങനെ ഞാനുമായി നീ ഒന്നായിത്തീരട്ടെ. അത് നിന്റെ പരമോന്നതലക്ഷ്യമാകുമ്പോള്‍ നീയെന്നെ പ്രാപിക്കും.
‘അര്‍ജ്ജുനാ എനിയ്ക്ക് രണ്ടു തരം ഭാവങ്ങളുണ്ട്. ഒന്ന്‍ സാധാരണവും മറ്റേത് പരമവുമാണ്. ശംഖചക്രഗദാധാരിയായുള്ളത് എന്റെ സാധാരണ ഭാവമാണ്. എന്നാല്‍ പരമമായ രൂപത്തിന് ആദിയന്തങ്ങള്‍ ഇല്ല. അതല്ലാതെ മറ്റൊന്നില്ല. അദ്വൈതമാണത്. അത് ബ്രഹ്മം, പരംപൊരുള്‍, ആത്മാവ് എന്നെല്ലാം അറിയപ്പെടുന്നു.
ആത്മീയമായി പരിപൂര്‍ണ്ണമായും ഉണര്‍വ്വ് കൈവന്നിട്ടില്ലാത്തവര്‍ ആദ്യം പറഞ്ഞ സാധാരണ ഭാവത്തെവേണം പൂജിക്കാന്‍. അങ്ങനെയുള്ള ആരാധനാനുഷ്ഠാനങ്ങളിലൂടെ ആത്മീയമായി ഉണര്‍ന്നുകഴിഞ്ഞാല്‍ ഒരുവന് പരംപൊരുളിനെക്കുറിച്ചുള്ള അറിവുറയ്ക്കും. പിന്നെ അയാള്‍ക്ക് പുനര്‍ജന്മങ്ങള്‍ ഇല്ല. എന്റെ നിര്‍ദ്ദേശങ്ങള്‍ കൊണ്ട് നീ പ്രബുദ്ധനായി എന്ന് ഞാന്‍ കരുതുന്നു. ആത്മാവിനെ എല്ലാറ്റിലും കാണുക. ആത്മാവില്‍ എല്ലാറ്റിനെയും ദര്‍ശിക്കുകയും ചെയ്യുക. നിരന്തരം യോഗഭാവത്തില്‍ അടിയുറച്ചു നിലകൊള്ളുക.
ഇങ്ങനെ ദൃഢതയില്‍ അഭിരമിക്കുന്നവനു പുനര്‍ജനികളില്ല. എങ്കിലും ഈ ജന്മത്തിലെ നൈസര്‍ഗ്ഗിക കര്‍മ്മങ്ങള്‍ അയാള്‍ തുടര്‍ന്നുകൊണ്ടിരിക്കും.
എകാത്മകത എന്ന ധാരണ നാനാത്വമെന്ന ധാരണയെ പാടേ നിരാകരിക്കാന്‍ ഉതകുന്നതാണ്. ആത്മാവെന്ന (അനന്തതയെന്ന) ധാരണ, എകാത്മകത എന്ന ധാരണയെ നിരാകരിക്കാൻ ഉപയോഗിക്കാം. കാരണം ആത്മാവ് ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിച്ചെടുക്കുക അസാദ്ധ്യം. അതെന്തെന്നു നിര്‍വചിക്കുകയും സാദ്ധ്യമല്ല. തീര്‍ച്ചയായും ജീവജാലങ്ങളിലെ ശുദ്ധമായ അനുഭവത്തിന്റെ വെളിച്ചമാണ്, അന്തര്‍പ്രഭയാണ് ഞാന്‍ എന്ന സംജ്ഞകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.