യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 394 – ഭാഗം 6 നിര്‍വാണ പ്രകരണം.
തദീഷത്സ്ഫുരിതാകാരം ബ്രഹ്മ ബ്രഹ്മൈവ തിഷ്ഠതി
അഹന്താദി ജഗത്താദി ക്രമേണ ഭവമകാരിണാ (6/53/54)
അര്‍ജുനനോട് ഭഗവാന്റെ ഉപദേശങ്ങള്‍ ഇങ്ങനെ തുടരുന്നു: ലോകത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും വേദ്യമാകുന്ന അനുഭവം ആത്മാവുതന്നെയാണ്. സകല ചരാചരങ്ങളിലും ഉള്ള അനുഭവക്ഷമതയും സര്‍വ്വം നിറഞ്ഞുനില്‍ക്കുന്ന ആത്മാവുതന്നെ. പാലില്‍ വെണ്ണയെന്നപോലെ എല്ലാറ്റിലും അതു നിലകൊള്ളുന്നു. ആയിരക്കണക്കിനു കുടങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ആകാശം തന്നെയാണ് അകത്തും പുറത്തും നിലകൊള്ളുന്നത്. ഈ ആകാശം ഒരിക്കലും വിച്ഛിന്നമായിരുന്നിട്ടില്ല. അതിനെ ഇനി വിഭജിക്കുവാന്‍ ആവുകയുമില്ല. അതുപോലെ ആത്മാവ് മൂലോകങ്ങളിലും നിറഞ്ഞു നില്‍ക്കുന്നു. ഒരു മുത്തുമാലയിലെ മണികള്‍ കോര്‍ത്തൊരുക്കിയ നൂല് പുറമേ ദൃശ്യമല്ലെങ്കിലും അതിന്റെ സാന്നിദ്ധ്യം അനിവാര്യമാണല്ലോ. ഒരു പുല്‍ക്കൊടിമുതല്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവുവരെ നിറഞ്ഞു നിന്നു വിളങ്ങുന്ന ഏകസത്തയാണ് ആത്മാവെന്നു പറയുന്ന വസ്തു.
ബ്രഹ്മത്തിന്റെ തുലോം തുച്ഛമായ ചെറിയൊരു പ്രത്യക്ഷഭാവം, ‘ഞാന്‍, ഞാനെ’ന്ന് എപ്പോഴും സ്ഫുരിച്ചുകൊണ്ട്, അജ്ഞാനത്തിനും ഭ്രമത്തിനും ഹേതുവായി വര്‍ത്തിക്കുന്നു. ഇതെല്ലാം ഒരേയൊരാത്മസത്തയാണ് എന്നറിയുന്നവനെ സംബന്ധിച്ചിടത്തോളം ‘അതു മരിച്ചു’, ‘അവന്‍ കൊല്ലുന്നു’, ‘നല്ലത്’, ‘ചീത്ത’, ‘അസന്തുഷ്ടി’ എന്നെല്ലാം പറയപ്പെടുന്നത് കേവലം വാക്കുകള്‍ മാത്രമാണ്. ആരാണോ, ആത്മാവ് എല്ലാ മാറ്റങ്ങള്‍ക്കും കേവലസാക്ഷിയായിരിക്കുന്ന ഏകവസ്തുവാണെന്നും ആത്മാവിനെ ഈ മാറ്റങ്ങളൊന്നും ബാധിക്കുകയില്ല എന്നും ഉറച്ചറിയുന്നത്, അവനാണു സത്യദര്‍ശി.
ഞാന്‍ വിശദീകരണത്തിനായി പല വാക്കുകളും പറയുന്നുവെങ്കിലും സത്യം അദ്വിതീയവും വിവരണാതീതവും ആണെന്നറിയുക. ഇക്കാണുന്ന സൃഷ്ടിസംഹാരങ്ങളൊന്നും ആത്മാവില്‍ നിന്നും വിഭിന്നമല്ല. പാറക്കല്ലിന്റെ നൈസര്‍ഗ്ഗികഗുണം ഉറപ്പും ദൃഢതയും ആണെന്നതുപോലെ, അലകളുടെ സത്യാവസ്ഥ ജലമാണെന്നതുപോലെ, ഈ കാണായ എല്ലാത്തിന്റെയും നിലനില്‍പ്പ് ആത്മാവില്‍ അധിഷ്ഠിതമത്രേ. ആത്മാവിനെ എല്ലാറ്റിലും കാണുന്നവന്‍, ആത്മാവില്‍ എല്ലാറ്റിനെയും ദര്‍ശിക്കുന്നവന്‍, അദ്വൈതസത്തയായതിനാല്‍ ആത്മാവു കര്‍മ്മം ചെയ്യുന്നു എന്ന ധാരണതന്നെ വിരോധാഭാസമാണെന്നറിയുന്നവന്‍, സത്യദര്‍ശിയാകുന്നു. എത്ര വലുപ്പവിത്യാസങ്ങളുണ്ടെങ്കിലും എല്ലാ സ്വര്‍ണ്ണാഭരണങ്ങളിലെയും സത്ത അതിലെ സ്വര്‍ണ്ണമാണെന്നതുപോലെ, എത്ര വലുപ്പവ്യതിയാനങ്ങളുണ്ടെങ്കിലും സമുദ്രോപരി കാണപ്പെടുന്ന അലകളുടെയെല്ലാം സത്ത ജലമാണെന്നതുപോലെ പരമാത്മാവ്, അനന്താവബോധം എന്ന സത്തയാണു വൈവിദ്ധ്യങ്ങളും വിഭിന്നങ്ങളുമായ ജീവജാലങ്ങളായി കാണപ്പെടുന്നത്.
അപ്പോൾപ്പിന്നെ നീയെന്തിനാണു ശോചിക്കുന്നത്? ഈ മാറിക്കൊണ്ടിരിക്കുന്ന പ്രതിഭാസങ്ങളില്‍ എന്തിനാണു നീ നിന്റെ ഹൃദയമര്‍പ്പിക്കുന്നത്? ഇത്തരം ചോദ്യങ്ങള്‍ മനനം ചെയ്തുകൊണ്ട് മുക്തിപദം പ്രാപിച്ച മഹാത്മാക്കള്‍ ലോകം മുഴുവന്‍ ചുറ്റിനടക്കുന്നത് പരിപൂര്‍ണ്ണ സ്വതന്ത്രരായാണ്. അവരില്‍ സമതാഭാവം എപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. അവരിലെ ആശകള്‍ അസ്തമിച്ചിരിക്കുന്നു. ഭ്രമചിന്തകള്‍ക്ക് അന്ത്യമായിരിക്കുന്നു. അങ്ങനെ, ആത്മജ്ഞാനത്തിലല്ലാതെ മറ്റൊന്നിലും സംഗമില്ലാതെ സുഖദുഖദ്വന്ദങ്ങളാല്‍ പീഡിപ്പിക്കപ്പെടാതെ മാമുനിമാര്‍ പരമപദത്തെ പ്രാപിക്കുന്നു.