യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 396 – ഭാഗം 6 നിര്‍വാണ പ്രകരണം.

സ ജീവഃ പ്രാണമൂര്‍ത്തിഃ ഖേ യത്ര യത്രാവതിഷ്ഠതേ
തം തം സ്വവാസനാഭ്യാസാത്പശ്യത്യാകാരമാതതം (6/55/27)

ഭഗവാന്‍ അര്‍ജുനനോടുള്ള ഉപദേശം തുടര്‍ന്നു: ‘ഞാന്‍ ആസ്വദിക്കുന്നു’, ‘ഞാന്‍ ദുരിതമനുഭവിക്കുന്നു’, ഇത്യാദി ചിന്തകളും അഹങ്കാരഭാവങ്ങളും ഇല്ലാതെ നീയെപ്പോഴും സമചിത്തതയോടെ കഴിഞ്ഞാലും. അനാത്മവസ്തുവിനോട് ‘ഇതാണാത്മാവ്’ എന്ന തോന്നല്‍ നിനക്കൊരിക്കലും ഉണ്ടാകാതെയിരിക്കട്ടെ.

ശരീരം നശിക്കുമ്പോള്‍ ഒന്നും നഷ്ടമാവുന്നില്ല. അനന്തവും ശാശ്വതവുമായ ഏകസത്തയാണ് ആത്മാവ്. ‘ഇതു ലഭ്യമായി’, ‘ഇതു നഷ്ടമായി’ എന്നു തുടങ്ങിയ തോന്നലുകള്‍ മാത്രമാണ് നശിക്കുന്നത്. സത്യവസ്തുവായ ആത്മാവ് അനന്തവും ശാശ്വതവുമാകയാല്‍ അതിന്റെ സത്യാവസ്ഥയ്ക്ക് മാറ്റങ്ങളേതും ഉണ്ടാവുന്നില്ല. അസത്തായതിനാണെങ്കില്‍, അതിനൊരിക്കലും സത്ത ഉണ്ടായിരുന്നിട്ടുമില്ല. എല്ലായിടവും സര്‍വ്വവ്യാപിയായി വിളങ്ങുന്ന ആത്മാവിനു നാശമില്ല. ദേഹത്തിന് തുടക്കവും അവസാനവുമുണ്ട്. ആത്മാവ്, എന്ന അനന്താവബോധം ഏകമാണ്. ശാശ്വതവും അദ്വയവുമാണ്. എല്ലാവിധ ദ്വന്ദഭാവങ്ങളും ഇല്ലാതാവുമ്പോള്‍ അവശേഷിക്കുന്നത് എന്താണോ അതത്രേ പരമസത്യം. ആത്മാവ്.

അര്‍ജുനന്‍ ചോദിച്ചു: ഭഗവാനേ എന്താണു മരണമെന്നറിയപ്പെടുന്നത്? എന്താണു സ്വര്‍ഗ്ഗനരകങ്ങള്‍?

ഭഗവാന്‍ പറയുന്നു; ജീവാത്മാവ് എന്ന ജീവന്‍, നിവസിക്കുന്നത് പഞ്ചഭൂതങ്ങള്‍ (ഭൂമി, ജലം, വായു, അഗ്നി, ആകാശം) നെയ്തുവയ്ക്കുന്ന വലയ്ക്കുള്ളിലും മനസ്സിലും അഹങ്കാരത്തിലുമാണ്. ഈ ജീവനാണ് വാസനാബലത്താല്‍ ദേഹമെന്ന കൂട്ടില്‍ ബന്ധനത്തില്‍ കഴിയുന്നത്. കാലക്രമത്തില്‍ ശരീരം വാര്‍ദ്ധക്യത്തെ പുല്‍കുന്നു. ഒരിലയില്‍നിന്നും നീരു വറ്റിയുണങ്ങുന്നതുപോലെ ദേഹത്തില്‍ നിന്നും ജീവന്‍ ഒഴിഞ്ഞുപോവുന്നു. ഇന്ദ്രിയങ്ങളേയും മനസ്സിനെയും കൂടെക്കൂട്ടി സുഗന്ധം സുഗന്ധവസ്തുവില്‍ നിന്നെന്നപോലെ ജീവന്‍ ദേഹത്തില്‍ നിന്നും യാത്രയാവുന്നു.

ഈ ജീവശരീരം എന്നത് അതാര്‍ജ്ജിച്ച ലീനവാസനകള്‍ തന്നെയാണ്. ജീവന്‍ ദേഹം വെടിയുമ്പോള്‍ അതു ജഡമാവുന്നു. അതിനാല്‍ അതിനെ ജഡശരീരം എന്നു വിളിക്കുന്നു. ഈ ജീവന്‍ ആകാശങ്ങളില്‍ ഗമനം ചെയ്യുമ്പോള്‍ അതു പ്രാണനായി താന്‍ ആര്‍ജ്ജിച്ചുവച്ച വാസനകളാല്‍ സംജാതമായ രൂപങ്ങളെ കാണുന്നു. ഈ പൂര്‍വ്വാര്‍ജ്ജിതവാസനകള്‍ ഇല്ലാതാവണമെങ്കില്‍ തീവ്രമായ സാധനകള്‍ അനിവാര്യമാണ്. പര്‍വ്വതങ്ങള്‍ പൊടിഞ്ഞുതകര്‍ന്നുപോയാലും ലോകങ്ങളില്ലാതെയായാലും ഒരാള്‍ തന്റെ സ്വപ്രയത്നത്തെ ഉപേക്ഷിക്കരുത്. സ്വര്‍ഗ്ഗനരകങ്ങള്‍പോലും ഈ വാസനകളുടെ വിക്ഷേപം മാത്രമാണ്. വാസനകള്‍ ഉണ്ടായത് അജ്ഞാനത്തിലും മൂഢതയിലുമാണ്. ആത്മജ്ഞാനോദയം കൊണ്ടുമാത്രമേ അതിനൊരവസാനമുണ്ടാവൂ.

വാസനകള്‍ എന്ന മനോധാരണകള്‍ വെറും മായാകല്‍‌പ്പനകളും ചിന്താരൂപങ്ങളുമല്ലേ? ആര്‍ക്കാണ് ജീവന്‍ ദേഹത്തില്‍ കുടികൊള്ളുമ്പോള്‍ത്തന്നെ വാസനകളെ ഉപേക്ഷിക്കാന്‍ കഴിയുന്നത്, അയാള്‍ ജീവന്‍മുക്തനത്രേ. ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ വാസനകളെ ഉപേക്ഷിക്കാത്തവന്‍ എത്ര പണ്ഡിതനായാലും അയാള്‍ ബന്ധിതനാണ്.