യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 402 – ഭാഗം 6 നിര്‍വാണ പ്രകരണം.

തിര്യങ്ങ്കോഽപി പ്രപശ്യന്തി സ്വപ്നം ചിത്തസ്വഭാവതഃ
ദൃഷ്ടാനാം ച ശ്രുതാനാം ച ചേതഃസ്മരണമക്ഷതം (6/62/18)

വസിഷ്ഠന്‍ പറഞ്ഞു: ഇതോടനുബന്ധിച്ച് ഞാന്‍ നിനക്കൊരു കഥ പറഞ്ഞുതരാം. നല്ലവണ്ണം കേട്ടുകൊള്ളുക. ഒരിടത്ത് ധ്യാനാദികളില്‍ അതിശ്രദ്ധാലുവായ ഒരു പരിവ്രാജകന്‍ ഉണ്ടായിരുന്നു. തന്റെ ധ്യാനപരിശീലനത്തിന്റെ ഫലമായി ചിന്തകളില്‍ ഉള്ള വസ്തുക്കളെ മൂര്‍ത്തീകരിക്കാന്‍ അയാള്‍ക്ക്‌ കഴിയുമായിരുന്നു. ഒരിക്കല്‍ ധ്യാനിച്ചുകൊണ്ടിരിക്കെ അതില്‍ ക്ഷീണിതനായി. എന്നാല്‍ പൂര്‍ണ്ണമായും മനസ്സ് എകാഗ്രമായിരിക്കെത്തന്നെ അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടായി. മനസ്സിലുദിച്ചത് അബ്രാഹ്മണകുലത്തില്‍ ജനിച്ച വിദ്യാവിഹീനനായ ഒരാളുടെ കാര്യമാണ്. പൊടുന്നനെ അയാള്‍ ആ വിധത്തിലുള്ള ഒരു കാട്ടുജാതിക്കാരനായി. ഇതിനു കാരണമായത് ‘ഞാന്‍ ജീവാതന്‍’ ആണ് എന്ന തോന്നലാണ്.

ഈ സ്വപ്നജീവി നഗരങ്ങളില്‍ ചിലപ്പോള്‍ കറങ്ങി നടന്നു. മാത്രമല്ല അയാള്‍ സ്വപ്നവസ്തുക്കള്‍ ഉണ്ടാക്കാനും തുടങ്ങി. ഒരു ദിവസം അയാള്‍ മദ്യപിച്ചുമയങ്ങി ഉറങ്ങിപ്പോയി. അപ്പോള്‍ക്കണ്ട സ്വപ്നത്തില്‍ അയാള്‍ വേദശാസ്ത്രങ്ങളില്‍ അവഗാഹമുള്ള ഒരു പണ്ഡിതബ്രാഹ്മണനായിരുന്നു. അങ്ങനെ ധര്‍മ്മിഷ്ഠനായിക്കഴിഞ്ഞു വരവേ അദ്ദേഹം കണ്ട സ്വപ്നത്തില്‍ താന്‍ ഒരു പ്രബലനായ രാജാവായിരുന്നു. അതീവ പ്രതാപവാനായ ഒരു ചക്രവര്‍ത്തിയായി അദ്ദേഹം നാടുവാണു.

ഒരുദിവസം രാജകീയ സുഖഭോഗങ്ങളില്‍ മുഴുകിയശേഷം ഉണ്ടായ നിദ്രാവേളയില്‍ അദ്ദേഹം ഒരപ്സരസ്ത്രീയെ സ്വപ്നം കണ്ടു. അങ്ങനെ അയാളൊരപ്സരസ്സുമായി. ഈ അപ്സരസ്സിന്റെ സ്വപ്നം ഒരു പേടമാനിനെക്കുറിച്ചായിരുന്നു. പേടമാനിന്റെ സ്വപ്നം വള്ളിപ്പടര്‍പ്പുകളെക്കുറിച്ചായിരുന്നു. “തീര്‍ച്ചയായും മൃഗങ്ങള്‍ക്കും സ്വപ്നങ്ങളുണ്ട്. മനസ്സിന്റെ വ്യാപാരങ്ങള്‍ അങ്ങനെയൊക്കെയാണ്. അതിനു കണ്ടതും കേട്ടതുമായ കാര്യങ്ങളെ ഓര്‍മ്മിക്കുവാന്‍ കഴിയും.”

പേടമാന്‍ വള്ളിച്ചെടിയായി. അതിന്റെയുള്ളിലെ മേധാശക്തിയില്‍ ഒരു തേനീച്ചയുടെ രൂപം തെളിഞ്ഞു. അങ്ങനെയത് തേനീച്ചയായി. ആ വള്ളിച്ചെടിയില്‍ വിരിഞ്ഞ പൂക്കളിലൊന്നില്‍ക്കയറി അത് തേന്‍ കുടിക്കാന്‍ ആരംഭിച്ചു.

അങ്ങനെ സ്വയം നാശത്തിലേയ്ക്ക് നയിച്ച്‌ അത് ആ പൂവിലെ തേനിനടിമയായി. രാത്രിയില്‍ ഒരാന വന്ന്‍ വള്ളിപ്പടര്‍പ്പുകള്‍ പിച്ചിച്ചീന്തി തേനീച്ചയോടുകൂടി ആ പൂവ് പിഴുതെടുത്തു. എന്നിട്ടത് വായിലിട്ടു ചവച്ചുകളഞ്ഞു. എന്നാല്‍ ആനയെക്കണ്ടമാത്രയില്‍ ആനയെന്ന ഭാവന ഉള്ളില്‍ ഉണ്ടായതുകാരണം അതൊരാനയായിത്തീര്‍ന്നു.

ആനയെ ഒരു രാജാവ് പിടിച്ചെടുത്തു. ഒരുദിനം ഒരു തേനീച്ചക്കൂട് കണ്ട് പൂര്‍വ്വസ്മൃതിയുണ്ടായ ആന വീണ്ടും തേനീച്ചയായി. വനനികുഞ്ജങ്ങളിലെ പൂക്കളില്‍നിന്നും അത് തേനുണ്ണാന്‍ തുടങ്ങി. അത് വനലതകളില്‍ ഒന്നായി മാറി.

ആ വനലതയെ ഒരാന നശിപ്പിച്ചു. എന്നാല്‍ അടുത്തുള്ളൊരു പൊയ്കയിലെ അരയന്നങ്ങളെ നോക്കിവച്ചിരുന്ന വള്ളിച്ചെടി അപ്പോഴേയ്ക്കും ഒരരയന്നമായിക്കഴിഞ്ഞിരുന്നു. ഒരു ദിനം കൂടെയുള്ള അരയന്നങ്ങളോടൊന്നിച്ചവള്‍ നടക്കാനിറങ്ങി.

ഈ അരയന്നത്തെ ധ്യാനിച്ചുകൊണ്ടിരുന്ന മാത്രയില്‍ ആ സന്യാസിയെ മരണം വരിച്ചു. അങ്ങനെ അദ്ദേഹത്തിന്‍റെ ബോധം അരയന്നത്തിന്റെ രൂപത്തില്‍ മൂര്‍ത്തീകരിക്കപ്പെട്ടു.