യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 403 – ഭാഗം 6 നിര്‍വാണ പ്രകരണം.
യദൃച്ഛയാ സ്ഥിതോ ജീവോ ഭൂതതന്മാത്രരഞ്ജിതഃ
കസ്മിംശ്ചിദഭവത്സര്‍ഗേ ഭിക്ഷുരക്ഷുഭിതോഽഭിതഃ (6/63/9)
വസിഷ്ഠന്‍ തുടര്‍ന്നു: ആ അരയന്നം ഒരിക്കല്‍ താന്‍ രുദ്രനാണെന്ന് നിനച്ചു. അങ്ങനെ അതിന്റെ ഹൃദയത്തില്‍ താന്‍ രുദ്രന്‍ തന്നെയെന്നു ദൃഢമായ വിശ്വാസം രൂഢമൂലമാവുകയും ചെയ്തു. ക്ഷണത്തില്‍ അത് തന്റെ അരയന്ന രൂപം ഉപേക്ഷിച്ച് രുദ്രനായിത്തീര്‍ന്നു. ആ രുദ്രന്‍ രുദ്രലോകത്ത് വാണരുളി.
എന്നാല്‍ അറിവിന്റെ നിറകുടമായിരുന്നതുകൊണ്ട് രുദ്രന് ഇതുവരെ നടന്നതെല്ലാം എന്തൊക്കെയാണെന്ന് നല്ലവണ്ണം അറിയാമായിരുന്നു. അദ്ദേഹം ഇങ്ങനെ ആലോചിച്ചു: ഈ മായയുടെ മാസ്മരികത എന്തൊക്കെയാണെന്ന് നോക്കൂ. എല്ലാവരെയും, ലോകങ്ങളെയെല്ലാം അത് വിഭ്രാന്തിയിലാക്കുന്നു. യഥാര്‍ത്ഥ്യമല്ലെങ്കിലും കാഴ്ച്ചകള്‍ക്കെല്ലാം യാഥാര്‍ത്ഥ്യത്തിന്റെ പ്രതീതി ഉണ്ടാകുന്നത് ഈ മായ മൂലമാണ്. വിശ്വവ്യാപിയാണെങ്കിലും ആ അനന്താവബോധത്തില്‍ , അതായത് എന്നില്‍ , വസ്തുനിഷ്ഠബോധമായി മനസ്സുണ്ടായി.
“എന്നിട്ട്‍ ആകസ്മികമായി ഞാന്‍ ജീവനായി പരിണമിച്ച് വിശ്വത്തിന്റെ സൂക്ഷ്മഘടകങ്ങളുമായി ഞാന്‍ ആകര്‍ഷിതനായി. അങ്ങനെ ഏതോ ഒരു സൃഷ്ടിചക്രത്തില്‍ ഞാന്‍ അചഞ്ചലചിത്തനും യോഗിയുമായ ഒരു പരിവ്രാജകനായി.”
അയാള്‍ എല്ലാവിധത്തിലുമുള്ള ആസക്തികളില്‍ നിന്നും വിടുതല്‍ നേടി ധ്യാനത്തില്‍ ആമഗ്നനായിക്കഴിഞ്ഞു വന്നു. വര്‍ത്തമാന കര്‍മ്മങ്ങള്‍ ഓരോന്നും അപ്പോള്‍ കഴിഞ്ഞുപോയ കര്‍മ്മകാണ്ഡത്തേക്കാള്‍ ബാലവത്താണല്ലോ. ആ യോഗി സ്വയം താന്‍ ‘ജീവാത’യാണെന്നു കരുതുകയും അതാവുകയും ചെയ്തു. അതുകഴിഞ്ഞ് അയാള്‍ താനൊരു ബ്രാഹ്മണന്‍ ആണെന്നും ധരിച്ചു. കൂടുതല്‍ ബലവത്തായ ചിന്താശക്തി, തുലോം അബലമായചിന്തയെ കീഴടക്കി അയാളെ ആ പ്രബലമായ ആ ചിന്താവസ്ഥയിലേയ്ക്ക് നയിച്ചു.
പിന്നീട് തുടര്‍ച്ചയായിച്ചെയ്ത ധ്യാനസപര്യയുടെ ഫലമായി അയാള്‍ ഒരു ചക്രവര്‍ത്തിയായി. ചെടിയ്ക്കുള്ളില്‍ ആഗിരണംചെയ്ത ജലമാണല്ലോ പൂവായി പൂത്തു കായായി പുറത്തു വരുന്നതിന്റെ കാരണം. രാജകീയസുഖഭോഗങ്ങളും അപ്സരസ്ത്രീ സംസര്‍ഗവും രാജാവിനെ സ്വയമൊരപ്സരസ്സു തന്നെയാക്കി മാറ്റി. മോഹവലയത്തിലകപ്പെട്ട് അവളൊരു മാനായി മാറി. മാന്‍ ഒരു വള്ളിച്ചെടിയാവാന്‍ കാരണം, തന്നെ എന്തെങ്കിലും കുത്തിത്തുളയ്ക്കും എന്നുള്ള ചിന്തയാണ്. അതിനുതകുംവിധം തേനീച്ചയെ ധ്യാനിച്ച് അതൊരു തേനീച്ചയായി. എന്നിട്ടത് വള്ളിച്ചെടിയില്‍ കുത്തി ഒരു തുളയുണ്ടാക്കി. പിന്നെ തേനീച്ച ആനയായി.
കഴിഞ്ഞ നൂറു സൃഷ്ടിചക്രങ്ങളിലും രുദ്രനായി വാണരുളിയ ഞാന്‍ ഈ പ്രത്യക്ഷലോകത്തില്‍ ഇങ്ങനെ അലയുകയാണ്. എന്നാല്‍ ഇതെല്ലാം വെറും മാനസീകവിഭ്രാന്തികള്‍ മാത്രമാണെന്ന് ഞാനറിയുന്നു. ഒരു സൃഷ്ടിചക്രത്തില്‍ ഞാന്‍ ജീവാതയും മറ്റൊന്നില്‍ ഞാന്‍ ബ്രാഹ്മണനും ആയി. വേറൊന്നില്‍ ഞാന്‍ രാജാവും പിന്നെ അരയന്നവുമായി. മനസ്സും ദേഹവുമാകുന്ന ചക്രത്തില്‍ ഞാനിങ്ങനെ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.
ഞാന്‍ പരമാത്മാവില്‍നിന്നും അനന്താവബോധത്തില്‍ നിന്നും തെന്നിമാറിപ്പോയിട്ട് യുഗങ്ങളേറെക്കഴിഞ്ഞിരിക്കുന്നു. ആ പതനത്തിനു ശേഷവും യോഗശാസ്ത്രനിപുണനായ പരിവ്രാജകനായിരുന്നുവല്ലോ ഞാന്‍. എന്നിട്ട് അനേകം പുനര്‍ജന്മങ്ങളിലൂടെ കടന്നുപോയി രുദ്രകൃപയാല്‍ത്തന്നെ ഞാന്‍ അവസാനം രുദ്രനായിത്തീര്‍ന്നിരിക്കുന്നു. ഞാന്‍ രുദ്രനെ ധ്യാനിക്കാന്‍ ഇടയായി എന്നത് തന്നെയാണതിനു കാരണം.
പ്രബുദ്ധനായ ഒരാളെ കണ്ടുമുട്ടുന്ന മാത്രയില്‍ ഒരുവന്റെ ദുര്‍വ്വാസനകള്‍ക്ക് അവസാനമായി. അത് സംഭവിക്കുന്നതോ, അത്തരം സത്സംഗത്തിനായി സാധകന്‍ നിസ്തന്ദ്രമായി ധ്യാനിക്കുന്നതുകൊണ്ടാണ്. അത്തരം നിത്യാഭ്യാസം കൊണ്ട് ഇതെല്ലാം സുസാദ്ധ്യമാണെന്നുള്ളത് സര്‍വ്വസമ്മതമത്രേ.