യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 404 – ഭാഗം 6 നിര്‍വാണ പ്രകരണം.
യോ യോ ഭിതഃ സ ജീവസ്യ സംസാരഃ സമുദേതി ഹി
തത്രാപ്രബുദ്ധാ ജീവൌധാഃ പശ്യന്തി ന പരസ്പരം (6/63/60)
രുദ്രന്‍ തന്റെ ചിന്തകള്‍ ഇങ്ങനെ തുടര്‍ന്നു: തീര്‍ച്ചയായും ‘ഈ ശരീരം ഞാനാണ്’ എന്നുള്ള ഉറച്ച ചിന്തയാലാണ് തെറ്റായ പ്രതീതികള്‍ വളര്‍ന്നു വലുതാവുന്നത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചറിയാന്‍, അന്വേഷണബുദ്ധി ഉപയോഗിക്കുന്നവന് അതിന്റെ അന്തത്തില്‍ യാതൊന്നും അവശേഷിക്കുന്നില്ല എന്ന്‍ പെട്ടെന്ന് തന്നെ മനസ്സിലാവും. നിശ്ശൂന്യതയിലേയ്ക്കു നയിക്കുന്ന ഇത്തരം അന്വേഷണങ്ങളും ഇനി ഞാന്‍ അവസാനിപ്പിക്കട്ടെ.
ആകാശത്തിന്റെ നീലനിറം പോലെ, ഈ ലോകം ഒരു ഭ്രമക്കാഴ്ച്ച മാത്രം. ആ അജ്ഞാനത്തെ ഇല്ലാതാക്കാനുള്ള പ്രയത്നവും എനിക്ക് മതിയായിരിക്കുന്നു! ഈ ലോകക്കാഴ്ച തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതങ്ങനെ അഭംഗുരം തുടരട്ടെ. അതിന് എന്നെയൊരു പോറല്‍ പോലുമേല്‍പ്പിക്കാന്‍ കഴിയില്ല. ഭാവനാവിലാസം മാത്രമായ ഈ പരിണാമപ്രക്രിയയെക്കുറിച്ചപഗ്രഥിച്ചു പഠിച്ച് ഞാനതിന്റെ മൂലഭാവമായ എകാത്മകതയെ കണ്ടെത്തി ഉറപ്പിക്കുകതന്നെ ചെയ്യും.
വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങനെ തീരുമാനിച്ച് രുദ്രന്‍ ആ പരിവ്രാജകന്റെ ശരീരം കിടക്കുന്നയിടത്തുപോയി. അതിനെ ഉണര്‍ത്തി ചൈതന്യവത്താക്കിയശേഷം എന്തൊക്കെയാണതിനു സംഭവിച്ചതെന്ന് ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചു. ആ സന്യാസി രുദ്രനെ തന്റെതന്നെ സ്വരൂപമായി അറിഞ്ഞു. സംഭവിച്ചതെല്ലാം ഓര്‍ത്തെടുക്കുകയും ചെയ്തു. അതുകഴിഞ്ഞ് രണ്ടാളും കൂടി അതേ അനന്താവബോധത്തിന്റെ തലത്തില്‍ ജീവാതന്‍ ജീവിച്ചിരുന്നയിടത്തേയ്ക്ക് ചെന്നു. അവര്‍ ആ ശരീരത്തെ പുനരുജ്ജീവിപ്പിച്ചു. തീര്‍ച്ചയായും അവർ മൂവരും വാസ്തവത്തില്‍ ഒരാളായിരുന്നുവല്ലോ.
വിസ്മയചകിതരായ ഈ മൂവരും കൂടി സ്വപത്നിയെ പുണര്‍ന്നു കിടന്നുറങ്ങുന്ന ബ്രാഹ്മണന്റെ ഭവനത്തില്‍ എത്തിച്ചേര്‍ന്നു. അയാളുടെ ബോധത്തെ അവര്‍ ഉണര്‍ത്തി. അവരെല്ലാം കൂടി രാജകൊട്ടാരത്തില്‍ ദീര്‍ഘനിദ്രയിലായിരുന്ന രാജാവിനെ ചെന്നുണര്‍ത്തി. രാജാവും സത്യമറിഞ്ഞു വിസ്മയം പൂണ്ടു.
അവര്‍ പിന്നീട് അരയന്നത്തിന്റെ അടുത്തുപോയി. അതാണല്ലോ പിന്നീട് രുദ്രനായത്. അങ്ങനെ പണ്ടുണ്ടായിട്ടുള്ള ഒരു നൂറു രുദ്രന്മാരുടെ ലോകങ്ങളില്‍ അവര്‍ വിഹരിച്ചു. ഇതെല്ലാം ഒരേയൊരു അനന്തബോധം മാത്രമെന്ന് അവര്‍ തിരിച്ചറിഞ്ഞു. വൈവിദ്ധ്യമാര്‍ന്ന ഈ ലോകക്കാഴ്ചകളെല്ലാം ആ ബോധസീമയിലാണ് സംഭവിച്ചപോലെ കാണപ്പെടുന്നത് എന്നവര്‍ ഉറപ്പിച്ചു. ഒന്ന് പലതായപോലെയാണ് കാര്യങ്ങളുടെ കിടപ്പ്. ആ നൂറു രുദ്രന്മാര്‍ വിശ്വത്തെ വ്യാപരിച്ചു നിറഞ്ഞിരിക്കുന്നു.
“ജീവന്‍ തന്നില്‍ നിന്നുതന്നെ ഉണര്‍ന്നുയര്‍ന്ന വൈവിദ്ധ്യമാര്‍ന്ന ലോകക്കാഴ്ചകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നത് കൊണ്ട് പ്രബുദ്ധജീവന്മാര്‍ അതിന്റെ എകാത്മകതയെ സാക്ഷാത്ക്കരിക്കുകയും പരസ്പരം തിരിച്ചറിയുകയും ചെയ്യുന്നു.”
കടലിലെ അലകളെല്ലാം ഒരേ വസ്തു –ജലം- മാത്രമാണ്. പ്രബുദ്ധരല്ലാത്തതിനാല്‍ അവയ്ക്ക് പരസ്പരം തിരിച്ചറിയാനാവുന്നില്ല. ഓരോ ജീവനും തന്റേതായ ഒരു മാസ്മരിക ലോകമുണ്ട്. എന്നാല്‍ ഓരോരുത്തരും ജീവന്റെ പ്രത്യക്ഷലോകത്തെപ്പറ്റി അന്വേഷിക്കുമ്പോള്‍ അവസാനം ചെന്നെത്തുന്നത് തീര്‍ച്ചയായും അനന്താവബോധത്തില്‍ത്തന്നെയത്രേ.
വ്യതിരിക്തമായ, വ്യക്തിപരമായി വേറിട്ട് നില്‍ക്കുന്ന ബോധം തന്നെയാണ് ബന്ധനം. അതിന്റെ അഭാവമാണ് മോക്ഷം. നിനക്കേതാണ് ഹിതമെങ്കിലും അതില്‍ ഉറച്ചു നില്‍ക്കുക. വാസ്തവത്തില്‍ അവ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. കാരണം അവ രണ്ടിനും ഒരേ അവബോധം തന്നെയാണല്ലോ ഉള്ളത്? അജ്ഞാനത്തില്‍ മാത്രം നിലകൊള്ളുന്ന ഒരു വസ്തു നഷ്ടപ്പെടുന്നതില്‍ ദുഖിക്കാനെന്തുണ്ട്? ആരാണതില്‍ പരിതപിക്കുക?. സംപൂര്‍ണ്ണനിശ്ചലതയില്‍ കിട്ടുന്നതെന്താണോ അത് നേരത്തെതന്നെ നമ്മില്‍ സ്വായത്തമാണ്. ആ നിശ്ചലതയില്‍ നേടാനായി യാതൊന്നും അവശേഷിക്കുന്നില്ല.