MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

പുത്രലാഭാലോചന

അമിതഗുണവാന‍ാം നൃപതി ദശരഥ-
നമലനയോദ്ധ്യാധിപതി ധര്‍മ്മാത്മാ വീരന്‍
അമരകുലവരതുല്യന‍ാം സത്യപരാ-
ക്രമനംഗജസമന്‍ കരുണാരത്നാകരന്‍
കൌസല്യാദേവിയോടും ഭര്‍ത്തൃശ്രുശ്രൂഷയ്‌ക്കേറ്റം
കൌശല്യമേറീടും കൈകേയിയും സുമിത്രയും
ഭാര്യമാരിവരോടും ചേര്‍ന്നു മന്ത്രികളുമായ്‌
കാര്യാകാര്യങ്ങള്‍ വിചാരിച്ചു ഭൂതലമെല്ല‍ാം
പരിപാലിക്കുംകാലമനപത്യത്വം കൊണ്ടു
പരിതാപേന ഗുരുചരണ‍ാംബുജദ്വയം
വന്ദനംചെയ്തു ചോദിച്ചീടിനാ’നെന്തു നല്ലൂ
നന്ദനന്മാരുണ്ടാവാനെന്നരുള്‍ചെയ്തീടണം.
പുത്രന്മാരില്ലായ്‌കയാലെനിക്കു രാജ്യാദിസ-
മ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും.’
വരിഷ്‌ഠതപോധനന്‍ വസിഷ്‌ഠനതു കേട്ടു
ചിരിച്ചു ദശരഥനൃപനോടരുള്‍ചെയ്തുഃ
“നിനക്കു നാലു പുത്രന്മാരുണ്ടായ്‌വരുമതു-
നിനച്ചു ഖേദിക്കേണ്ട മനസി നരപതേ!
വൈകാതേ വരുത്തേണമൃശ്യശൃംഗനെയിപ്പോള്‍
ചെയ്‌ക നീ ഗുണനിധേ! പുത്രകാമേഷ്ടികര്‍മ്മം.”

പുത്രകാമേഷ്ടി

തന്നുടെ ഗുരുവായ വസിഷ്‌ഠനിയോഗത്താല്‍
മന്നവന്‍ വൈഭണ്ഡകന്‍തന്നെയും വരുത്തിനാന്‍.
ശാലയും പണിചെയ്തു സരയൂതീരത്തിങ്കല്‍
ഭൂലോകപതി യാഗം ദീക്ഷിച്ചാനതുകാലം.
അശ്വമേധാനന്തരം താപസന്മാരുമായി
വിശ്വനായക സമനാകിയ ദശരഥന്‍
വിശ്വനായകനവതാരംചെയ്‌വതിനായി
വിശ്വാസഭക്തിയോടും പുത്രകാമേഷ്ടികര്‍മ്മം
ഋശ്യശൃംഗനാല്‍ ചെയ്യപ്പെട്ടൊരാഹൂതിയാലേ
വിശ്വദേവതാഗണം തൃപ്തമായതുനേരം
ഹേമപാത്രസ്ഥമായ പായസത്തൊടുംകൂടി
ഹോമകുണ്ഡത്തില്‍നിന്നു പൊങ്ങിനാന്‍ വഹ്നിദേവന്‍.
‘താവകം പുത്രീയമിപ്പായസം കൈക്കൊള്‍ക നീ
ദേവനിര്‍മ്മിത’മെന്നു പറഞ്ഞു പാവകനും
ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു;
താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും.
ദക്ഷിണചെയ്തു സമസ്‌കരിച്ചു ഭക്തിപൂര്‍വം
ദക്ഷന‍ാം ദശരഥന്‍ തല്‍ക്ഷണം പ്രീതിയോടെ
കൌസല്യാദേവിക്കര്‍ദ്ധം കൊടുത്തു നൃപവരന്‍
ശൈഥില്യാത്മനാപാതി നല്‌കിനാന്‍ കൈകേയിക്കും.
അന്നേരം സുമിത്രയ്‌ക്കു കൌസല്യാദേവിതാനും
തന്നുടെ പാതി കൊടുത്തീടിനാള്‍ മടിയാതെ.
എന്നതു കണ്ടു പാതി കൊടുത്തു കൈകേയിയും
മന്നവനതുകണ്ടു സന്തോഷംപൂണ്ടാനേറ്റം.
തല്‍പ്രജകള്‍ക്കു പരമാനന്ദംവരുമാറു
ഗര്‍ഭവും ധരിച്ചിതു മൂവരുമതുകാലം
അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രന‍ാം ദശരഥന്‍
വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാന്‍
ഗര്‍ഭരക്ഷാര്‍ത്ഥം ജപഹോമാദി കര്‍മ്മങ്ങളു-
മുല്‍പലാക്ഷികള്‍ക്കനുവാസരം ക്രമത്താലെ
ഗര്‍ഭചിഹ്നങ്ങളെല്ല‍ാം വര്‍ദ്ധിച്ചുവരുംതോറു-
മുള്‍പ്രേമം കൂടെക്കൂടെ വര്‍ദ്ധിച്ചു നൃപേന്ദ്രനും.
തല്‍പ്രണയിനിമാര്‍ക്കുളളാഭരണങ്ങള്‍പോലെ
വിപ്രാദിപ്രജകള്‍ക്കും ഭൂമിക്കും ദേവകള്‍ക്കും
അല്‍പമായ്‌ ചമഞ്ഞിതു സന്താപം ദിനംതോറു-
മല്‍പഭാഷിണിമാര്‍ക്കും വര്‍ദ്ധിച്ചു തേജസ്സേറ്റം.
സീമന്തപുംസവനാദിക്രിയകളുംചെയ്തു
കാമാന്തം ദാനങ്ങളും ചെയ്തിതു നരവരന്‍.

ശ്രീരാമാവതാരം

ഗര്‍ഭവും പരിപൂര്‍ണ്ണമായ്‌ ചമഞ്ഞതുകാല-
മര്‍ഭകന്മാരും നാല്‍വര്‍ പിറന്നാരുടനുടന്‍.
ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‌ക്കുന്ന കാലത്തിങ്ക-
ലച്യുതനയോദ്ധ്യയില്‍ കൌസല്യാത്മജനായാന്‍.
നക്ഷത്രം പുനര്‍വസു നവമിയല്ലോ തിഥി
നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി
കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ;
അര്‍ക്കനുമത്യുച്ചസ്ഥനു, ദയം കര്‍ക്കടകം;
അര്‍ക്കജന്‍ തുലാത്തിലും, ഭാര്‍ഗ്ഗവന്‍ മീനത്തിലും,
വക്രനുമുച്ചസ്ഥനായ്‌ മകരംരാശിതന്നില്‍
നില്‌ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍
ദിക്കുകളൊക്കെ പ്രസാദിച്ചതു ദേവകളും.
പെറ്റിതു കൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ
പിറ്റേന്നാള്‍ സുമിത്രയും പെറ്റിതു പുത്രദ്വയം.
ഭഗവാന്‍ പരമാത്മാ മുകുന്ദന്‍ നാരായണന്‍
ജഗദീശ്വരന്‍ ജന്മരഹിതന്‍ പത്മേക്ഷണന്‍
ഭുവനേശ്വരന്‍ വിഷ്ണുതന്നുടെ ചിഹ്നത്തോടു-
മവതാരംചെയ്തപ്പോള്‍ കാണായീ കൌസല്യയ്‌ക്കും
സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം
സഹസ്രായുതമുദിച്ചുയരുന്നതുപോലെ
സഹസ്രപത്രോത്ഭവനാരദസനകാദി
സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും
വന്ദ്യമായിരിപ്പൊരു നിര്‍മ്മലമകുടവും
സുന്ദരചികരവുമളകസുഷമയും
കാരുണ്യാമൃതരസസംപൂര്‍ണ്ണനയനവു-
മാരുണ്യ‍ാംബരപരിശോഭിതജഘനവും
ശംഖചക്രാബ്‌ജഗദാശോഭിതഭുജങ്ങളും
ശംഖസന്നിഭഗളരാജിതകൌസ്തുഭവും
ഭക്തവാത്സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായ്‌
വ്യക്തമായിരിപ്പൊരു പാവനശ്രീവത്സവും
കുണ്ഡലമുക്താഹാരകാഞ്ചീനൂപുരമുഖ-
മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും
പണ്ടു ലോകങ്ങളെല്ലാമകന്ന പാദാബ്‌ജവും
കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തൊടും
മോക്ഷദനായ ജഗത്സാക്ഷിയ‍ാം പരമാത്മാ
സാക്ഷാല്‍ ശ്രീനാരാണന്‍താനിതെന്നറിഞ്ഞപ്പോള്‍
സുന്ദരഗാത്രിയായ കൌസല്യാദേവിതാനും
വന്ദിച്ചു തെരുതെരെ സ്തുതിച്ചുതുടങ്ങിനാള്‍.